
















എന്‍എച്ച്എസ് ആശുപത്രിയിലെ സ്‌ട്രോക്ക് വാര്‍ഡില്‍ നാല് രോഗികളുടെ മരണത്തെ തുടര്‍ന്ന് നരഹത്യാ കുറ്റങ്ങള്‍ ചുമത്താന്‍ ആലോചിച്ച് പോലീസ്. 2023-ല്‍ രാത്രി ഷിഫ്റ്റുകള്‍ എളുപ്പമാക്കാന്‍ സ്‌ട്രോക്ക് ബാധിച്ച രോഗികള്‍ക്ക് മയക്കുമരുന്ന് കുത്തിവെച്ചതിന് നഴ്‌സുമാര്‍ അകത്തായ ബ്ലാക്ക്പൂള്‍ വിക്ടോറിയ ആശുപത്രിയാണ് പുതിയ വിവാദത്തില്‍ പെട്ടിരിക്കുന്നത്.
നഴ്‌സുമാരായ കാതറീന്‍ ഹഡ്‌സണ്‍, ഷാര്‍ലെറ്റ് വില്‍മോട്ട് എന്നിവര്‍ക്ക് യഥാക്രമം ഏഴ് വര്‍ഷവും, മൂന്ന് വര്‍ഷവുമാണ് ശിക്ഷ ലഭിച്ചത്. ഇതിന് പിന്നാലെയാണ് സ്‌ട്രോക്ക് വാര്‍ഡില്‍ രോഗികളുടെ 'അകാരണമായ' മരണങ്ങള്‍ പോലീസ് പരിശോധിക്കുന്നത്.
നാല് രോഗികളുടെ മരണത്തിലേക്ക് നയിച്ചത് 'ചികിത്സയാണെന്ന്' തിരിച്ചരിഞ്ഞതായി സീനിയര്‍ ഡിറ്റക്ടീവ് കൊറോണറെ അറിയിച്ചു. ജീവനക്കാരുടെ കടുത്ത അവഗണനയാണ് രോഗികളുടെ മരണത്തില്‍ കലാശിച്ചതെന്നാണ് കരുതുന്നത്. ഇവര്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്തണോ, ആശുപത്രിക്ക് എതിരെ കോര്‍പറേറ്റ് നരഹത്യാ കുറ്റം ഏര്‍പ്പെടുത്തണോ എന്ന കാര്യത്തിലാണ് ഇപ്പോള്‍ ആലോചന നടക്കുന്നത്.
മറ്റൊരു ആറ് മരണങ്ങള്‍ കൂടി അന്വേഷണവിധേയമാക്കുന്നുണ്ട്. ഈ രോഗികള്‍ മരിക്കുന്നതിന് മുന്‍പ് മോശം ചികിത്സ നല്‍കുകയും, രോഗികളെ അവഗണിക്കുകയും ചെയ്‌തെന്നാണ് കരുതുന്നത്. 2015 മുതല്‍ 2018 വരെ സമയത്ത് നടന്ന സംഭവങ്ങളിലാണ് ഇപ്പോള്‍ കേസ് എടുക്കുന്നത് പരിഗണനയിലുള്ളത്.