
















മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ വീടുകള്‍ക്ക് ചോദിക്കുന്ന വിലയില്‍ നേരിയ ഇടിവ്. ഇതിനിടയിലും ലണ്ടനില്‍ വീടുകള്‍ക്ക് അപ്രതീക്ഷിതമായി വില ഉയര്‍ന്നതായി റൈറ്റ്മൂവ്.
തലസ്ഥാന നഗരത്തിലെ വീടുകള്‍ക്ക് ലിസ്റ്റ് ചെയ്യുന്ന വിലയില്‍ 2.5 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയതെന്ന് പ്രോപ്പര്‍ട്ടി പോര്‍ട്ടല്‍ പറഞ്ഞു. ക്രിസ്മസിന് മുന്‍പായി പുതിയ വീടുകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ വില കൂട്ടലെന്നും പോര്‍ട്ടല്‍ വ്യക്തമാക്കുന്നു. തലസ്ഥാനത്തെ ഏറ്റവും ചെലവേറിയ ഇന്നര്‍ ലണ്ടന്‍ മേഖലയില്‍ വിലകള്‍ 3.9 ശതമാനമാണ് വര്‍ദ്ധിച്ചത്.
അതേസമയം രാജ്യത്തെ ചെലവ് കുറഞ്ഞ മേഖലകളില്‍ കൂടുതല്‍ ലാഭകരമായാണ് വീടുകള്‍ വില്‍പ്പനയ്ക്ക് വെയ്ക്കുന്നത്. നോര്‍ത്ത് ഈസ്റ്റില്‍ ചോദിക്കുന്ന വിലകളില്‍ 2 ശതമാനം ഇടിവ് വന്നപ്പോള്‍, സ്‌കോട്ട്‌ലണ്ടില്‍ 1.9 ശതമാനവും, നോര്‍ത്ത് വെസ്റ്റില്‍ 0.6 ശതമാനവും വില കുറച്ചാണ് വില്‍പ്പന.
സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെ കാലയളവില്‍ ചോദിക്കുന്ന വിലകളില്‍ 0.1 ശതമാനം കുറവ് വന്നിട്ടുള്ളതായി റൈറ്റ്മൂവ് പറഞ്ഞു. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ 6 ശതമാനം താഴ്ന്ന ശേഷമാണ് ലണ്ടനില്‍ ചോദിക്കുന്ന വില വര്‍ദ്ധിച്ചത്. ഫെബ്രുവരി മുതല്‍ പുതിയ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ 250 പൗണ്ടോളം വര്‍ദ്ധിച്ചതായി റൈറ്റ്മൂവ് പറയുന്നു.
ഇറാന്‍ സംഘര്‍ഷം പണപ്പെരുപ്പം ഉയര്‍ത്തുമെന്നും, ഇത് പലിശ നിരക്കുകള്‍ ഉയരാന്‍ ഇടയാക്കുമെന്നുമാണ് ലെന്‍ഡര്‍മാര്‍ കരുതുന്നത്.