
















നെടുമ്പാശ്ശേരി മിനി കൂപ്പര് അപകടത്തില് പ്രതി സുഹൈല് സജീവിന്റെ ശരീരത്തില് അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം. വ്യാഴാഴ്ച രാത്രി പുറത്തുവന്ന സാമ്പിള് പരിശോധന ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സാമ്പിള് റിപ്പോര്ട്ട് ഞെട്ടിപ്പിക്കുന്നതാണെന്ന് പൊലീസ് പറയുന്നു. അതേസമയം ഇന്ന് രാവിലെ 11 മണിയോടെ അങ്കമാലി മജിസ്ട്രേറ്റ് കോടതി സുഹൈലിന്റെ ജാമ്യാപേക്ഷ പരിഗണിക്കും. സുഹൈലിന്റെ ജാമ്യത്തെ ശക്തമായി എതിര്ക്കാനാണ് പൊലീസിന്റെ തീരുമാനം.
സുഹൈല് അമിതമായി മദ്യപിച്ചിരുന്നതായി അപകടത്തിന്റെ ദൃക്സാക്ഷികള് വ്യക്തമാക്കിയിരുന്നു. ഇത് ശരിവെക്കുന്നതാണ് പ്രതിയുടെ സാമ്പിള് പരിശോധന റിപ്പോര്ട്ട്. 30 മില്ലിഗ്രാം മദ്യമാണ് അനുവദനീയമായ പരിധി. എന്നാല് അഞ്ചിരട്ടിയിലധികം മദ്യം സുഹൈല് കഴിച്ചുവെന്നാണ് പരിശോധനാ റിപ്പോര്ട്ടില് വ്യക്തമാക്കുന്നത്. സുഹൈല് രാസലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.