Breaking Now

യാൻ ടിബറ്റിനു ഡോക്ടർമാർ കാഴ്ചശക്തി നൽകിയത് പല്ലിൽ കൂടി

കാഴ്ച നഷ്ടമായ 43 കാരനായ യാൻ ടിബറ്റിനു ഡോക്ടർമാർ കാഴ്ച നൽകിയത് യാന്റെ തന്നെ പല്ലുപയോഗിച്ചു.

16 വർഷം മുൻപ് ഓവനിൽ നിന്നും തെറിച്ച ഒരു മെറ്റൽ കഷ്ണം കണ്ണിൽ കൊണ്ടാണ് യാൻ ടിബറ്റിനു തന്റെ വലതു കണ്ണിന്റെ കാഴ്ച ശക്തി നഷ്ടമായത്. യാന്റെ കണ്ണിന്റെ കോർണിയയിൽ ആറിടത്താണ് അന്ന് മുറിവുണ്ടായത്. മുറിവുകൾ ഉണങ്ങിയെങ്കിലും കാലക്രമേണ യാന്റെ കാഴ്ച നഷ്ടമായി.

1998 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ വലതു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടമായി. ഒരു വർഷം കഴിഞ്ഞപ്പോൾ ഫോർക്ക് ലിഫ്റ്റ്‌ ഡ്രൈവർ ആയിരുന്ന യാന്റെ ഇടതു കണ്ണിന്റെ കാഴ്ചയും നഷ്ടമായി. ഇപ്പോൾ 16 വർഷത്തിന് ശേഷം തന്റെ ഇരട്ട കുട്ടികളുടെ മുഖം ആദ്യമായി കണ്ടപ്പോൾ തനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ എന്ന് യാൻ പറഞ്ഞു. യാന് വിപ്ലവകരമായ ഈ സർജറി ചെയ്യുന്നതിന് മുൻപ് കുട്ടികളുടെ മുഖം ഒരു മൂടൽമഞ്ഞു പോലെയാണ് കാണാൻ കഴിഞ്ഞിരുന്നത്.  


യാന്റെ ഇടതു കണ്ണിനാണ് വിപ്ലവകരമായ സർജറി ചെയ്തത്. കഴിഞ്ഞ ഡിസംബറിൽ നടത്തിയ സർജറിക്ക് ശേഷം യാന് 40 ശതമാനം കാഴ്ച ശക്തി ലഭിച്ചു. മറ്റുള്ള ചികിത്സകൾ എല്ലാം ചെയ്തു മടുത്തപ്പോൾ ആണ് യാൻ ഈ സർജറി ചെയ്യാൻ തീരുമാനിച്ചത്. യാന്റെ തന്നെ ഒരു പല്ല് ഉപയോഗിച്ചാണ് ഡോക്ടർമാർ ഈ സർജറി വഴി യാന് കാഴ്ച തിരികെ നൽകിയത്.

ഓസ്റ്റിയൊ-ഒടോന്റോ-കെരാട്ടോപ്രോസ്തെസിസ് എന്ന ചികിത്സ ഒരു ചെറിയ പ്ലാസ്റ്റിക്ക് ലെൻസും രോഗിയുടെ തന്നെ ഒരു പല്ലും ഉപയോഗിച്ചാണ് ചെയ്യുന്നത്. പല്ലിൽ ഒരു ദ്വാരം ഉണ്ടാക്കി അതിനുള്ളിൽ ലെൻസ്‌ വച്ചതിനു ശേഷം വീണ്ടും അത് കണ്ണിന്റെ ഉള്ളിൽ വച്ച് പിടിപ്പിക്കുകയാണ് ചെയ്യുന്നത്. കണ്ണിന്റെ റെറ്റിനക്കു തകരാർ പറ്റിയിട്ടില്ല എങ്കിൽ രോഗിക്ക് കാഴ്ച ശക്തി തിരികെ ലഭിക്കുകയും ചെയ്യും. സ്വന്തം പല്ല് ആയതിനാൽ ശരീരം അത് നിരസിക്കുകയും ഇല്ല. എന്തായാലും യാൻ തന്റെ കുഞ്ഞുങ്ങളുടെ മുഖം കാണാൻ കഴിഞ്ഞല്ലോ എന്ന സന്തോഷത്തിൽ ആണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.