Breaking Now

അമേരിക്കയുടെ മിസൈല്‍ ആക്രമണങ്ങള്‍ യു.എന്‍. അന്വേഷിക്കുന്നു

പാകിസ്താനിലും അഫ്ഗാനിസ്താനിലും അമേരിക്ക നടത്തുന്ന ആക്രമണങ്ങളും അന്വേഷണ പരിധിയില്‍പ്പെടും.

ആളില്ലാ വിമാനങ്ങള്‍ (ഡ്രോണ്‍) ഉപയോഗിച്ചുനടത്തുന്ന തീവ്രവാദി വേട്ടകള്‍മൂലം സാധാരണജനങ്ങള്‍ അനുഭവിക്കുന്ന കെടുതികളെപ്പറ്റി ഐക്യരാഷ്ട്ര സഭ അന്വേഷണം തുടങ്ങി. പാകിസ്താനിലും അഫ്ഗാനിസ്താനിലും അമേരിക്ക നടത്തുന്ന ആക്രമണങ്ങളും അന്വേഷണ പരിധിയില്‍പ്പെടും.

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, യെമന്‍, പലസ്തീന്‍, സൊമാലിയ എന്നിവിടങ്ങളില്‍ നടന്ന 25 മിസൈല്‍ ആക്രമണങ്ങളാണ് അന്വേഷണത്തിന് വിധേയമാക്കുന്നത്. ബ്രിട്ടനില്‍ നിന്നുള്ള അഭിഭാഷകന്‍ ബെന്‍ എമേഴ്‌സണാണ് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്നത്. അന്താരാഷ്ട്ര നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തിയാണ് ഡ്രോണ്‍ ആക്രമണങ്ങള്‍ പെരുകുന്നതെന്നും അതിന് നിയന്ത്രണമേര്‍പ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക നടത്തുന്ന മിസൈല്‍ ആക്രമണങ്ങള്‍ക്കെതിരെ പാകിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കടുത്ത പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്രസഭ അന്വേഷണത്തിന് ഉത്തരവിട്ടത്. പാകിസ്താനില്‍ അമേരിക്ക നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങളില്‍ ഇതുവരെ 3,461 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. അതില്‍ 891 പേര്‍ നിരപരാധികളായ ഗ്രാമീണരാണ്. യുദ്ധ മേഖലയെന്ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തുന്നത് നിയമവിധേയമാണോ എന്ന് സംഘം പരിശോധിക്കും. ഐക്യരാഷ്ട്ര പൊതുസഭയ്ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.




കൂടുതല്‍വാര്‍ത്തകള്‍.