Breaking Now

കനത്ത ഹിമപാതവും കാറ്റും: അമേരിക്കയില്‍ ആറു സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ

അമേരിക്കയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ കനത്ത ഹിമപാതവും കാറ്റും ജനജീവിതത്തെ ദുരിതത്തിലാക്കി.

കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ആറു സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിവിധ  പ്രദേശങ്ങളിലായി 500,000 ഓളം കുടുംബങ്ങളുടെയും  വ്യാപാര സ്ഥാപനങ്ങളുടെയും വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. ശനിയാഴ്ച മധ്യ കണക്ടികട് ഭാഗങ്ങളില്‍ 47 സെന്‍്റിമീറ്ററിലധികം മഞ്ഞുവീഴ്ചയുണ്ടായി.

രാജ്യത്ത് 4300 വിമാനങ്ങള്‍ റദ്ദാക്കി. കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കേണ്ടി വരുമെന്നാണ് സൂചനകള്‍. മാസാചുസെറ്റ്സില്‍ ഗവര്‍ണര്‍ ഡേവല്‍ പാട്രിക് ഗതാഗത നിരോധം ഏര്‍പെടുത്തിയിട്ടുണ്ട്. 1978ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നിരോധം ഏര്‍പെടുത്തുന്നത്.  മാസാചുസെറ്റ്സിലെ ആണവ വൈദ്യുതി കേന്ദ്രം വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതിനാല്‍ അടച്ചുപൂട്ടി.  

മഞ്ഞുവീഴ്ച കൂടുതല്‍ ശക്തമാകുമെന്ന് മാസാചുസെറ്റ്സിലെ ദേശീയ കലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥന്‍ അലന്‍ ഡുനാം പറഞ്ഞു.

വടക്കു ഭാഗത്തേക്കുള്ള ഭൂരിഭാഗം ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. പുറത്ത് ഇറങ്ങരുതെന്നും  ഭക്ഷണമുള്‍പെടെയുള്ള അത്യാവശ്യ സാധനങ്ങള്‍ കരുതണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടക്ക്കിഴക്കന്‍ മേഖലയിലെ 25  ദശലക്ഷം ജനങ്ങളെയാണ്് കനത്ത ഹിമപാതവും കാറ്റും ബാധിച്ചത്.

അവശ്യസാധനങ്ങള്‍ വാങ്ങിക്കാന്‍ ന്യൂജേയ്സി ഉള്‍പെടെയുള്ള നഗരങ്ങളില്‍ ശക്തമായ തിരക്കാണ് അനുഭവപ്പെട്ടത്.

ബോസ്റ്റണ്‍ മുതല്‍ ന്യൂയോര്‍ക്ക് വരെ റെക്കോര്‍ഡ് മഞ്ഞുവീഴ്ചയാണ് ഉണ്ടായതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. ഈ മേഖലകളില്‍ സ്കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.