
















എന്‍എച്ച്എസില്‍ തിരക്കാണ്. എ&ഇകളിലെ തിരക്കിന്റെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം. രോഗികള്‍ക്ക് പലപ്പോഴും കൃത്യമായ ചികിത്സ സമയത്ത് നല്‍കാന്‍ ജീവനക്കാര്‍ക്ക് സാധിക്കുന്നില്ല. ഇതിനിടയില്‍ ബന്ധുക്കളുടെ ആശങ്കകള്‍ പലപ്പോഴും കാര്യമായി എടുക്കാറുമില്ല. ഈ പ്രതിസന്ധി അവസാനിപ്പിക്കാന്‍ എന്‍എച്ച്എസില്‍ നടപ്പാക്കിയ 'മാര്‍ത്താസ് റൂള്‍' ഇനി ഇംഗ്ലണ്ടിലെ എല്ലാ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലും ഉപയോഗപ്പെടുത്താം.
പ്രിയപ്പെട്ടവരുടെ രോഗാവസ്ഥയ്ക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് തോന്നിയാല്‍ അടിയന്തര റിവ്യൂ ആവശ്യപ്പെടാനുള്ള അവസരമാണ് എന്‍എച്ച്എസ് മാര്‍ത്താസ് റൂള്‍ വ്യാപിപ്പിക്കുന്നതിലൂടെ നല്‍കുന്നത്. 2021-ല്‍ 13-ാം വയസ്സില്‍ സെപ്‌സിസ് ബാധിച്ച് മരിച്ച മാര്‍ത്താ മില്‍സ് എന്ന പെണ്‍കുട്ടിയുടെ പേരിലാണ് നിയമം. ഇവരുടെ കുടുംബം ചികിത്സ സംബന്ധിച്ച് ആശങ്ക ഉന്നയിച്ചപ്പോള്‍ അത് കേള്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ഒടുവില്‍ കുട്ടിയുടെ മരണത്തില്‍ കലാശിച്ചതോടെയാണ് മാര്‍ത്തയുടെ പേരില്‍ ഒരു നിയമം നിര്‍മ്മിക്കപ്പെട്ടത്.
ഒരു രോഗിയുടെ സ്ഥിതി വഷളാകുകയും, ഇത് കാര്യമാക്കി എടുക്കുന്നില്ലെന്ന് തോന്നുകയും ചെയ്താല്‍ രോഗിക്കും, പ്രിയപ്പെട്ടവര്‍ക്കും, എ&ഇ യൂണിറ്റിലെ ജീവനക്കാര്‍ക്കും അടിയന്തര റിവ്യൂ ആവശ്യപ്പെട്ട് ഒരു ഫോണ്‍ നമ്പറില്‍ വിളിച്ച് വിവരം നല്‍കാം. ഏഴ് ട്രസ്റ്റുകളിലെ ട്രയല്‍സിന് ശേഷം 2028 മാര്‍ച്ചോടെ ദേശീയ തലത്തില്‍ വ്യാപിപ്പിക്കാനാണ് നീക്കം. എല്ലാ ഇന്‍പേഷ്യന്റ് വാര്‍ഡുകളിലും ഇപ്പോള്‍ ഇത് നടപ്പിലാക്കിയിട്ടുണ്ട്.
സ്‌കോട്ട്‌ലണ്ടില്‍ മാര്‍ത്താസ് റൂള്‍ ഇതിനകം ഉപയോഗിക്കുന്നുണ്ട്. നോര്‍ത്തേണ്‍ അയര്‍ലണ്ടും ഇത് പരിഗണിക്കുന്നുണ്ട്. വെയില്‍സില്‍ സ്‌കീമിന് സമാനമായി കോള്‍4കണ്‍സേണ്‍ എന്ന സ്‌കീം ലഭ്യമാണ്.