
















സ്‌നേഹിച്ച പെണ്ണിനെ കെട്ടാന്‍ മുന്‍ ഭാര്യ മരണപ്പെട്ട അവസരം വിനിയോഗിച്ച വ്യക്തിയാണ് ഇപ്പോഴത്തെ ബ്രിട്ടീഷ് രാജാവ് ചാള്‍സ്. ഡയാന രാജകുമാരി കൊല്ലപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ ചാള്‍സ് യഥാര്‍ത്ഥത്തില്‍ വിഷമിക്കുന്നതിന് പകരം ലോട്ടറിയടിച്ച സന്തോഷത്തിലായിരുന്നുവെന്നാണ് സഹോദരന്‍ ഏള്‍ സ്‌പെന്‍സര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
സ്‌പെന്‍സറുടെ ആത്മകഥയായ സ്വാന്‍ സോംഗ്, ഡയാന, മൈ സിസ്റ്റര്‍ എന്ന പുസ്തകത്തിലാണ് ആരോപണങ്ങളുള്ളത്. ഡയാനയുടെ മരണത്തിന് ശേഷം സംസാരിച്ചപ്പോള്‍ 'ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാവരും അവളെ മറക്കുമെന്നാണ്' ചാള്‍സ് പറഞ്ഞതെന്ന് സ്‌പെന്‍സര്‍ കുറിച്ചു. ഈ പറഞ്ഞത് സത്യമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി.
ഡയാനയുടെ സഹോദരന്റേത് ഓര്‍മ്മപ്പിശകാണെന്ന തരത്തിലാണ് ബക്കിംഗ്ഹാം കൊട്ടാരം പ്രസ്താവന ഇറക്കിയത്. ദുഃഖത്തിന്റെ പിടിയില്‍ നില്‍ക്കുമ്പോള്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിലും, ഓര്‍മ്മകളിലും വ്യത്യാസങ്ങള്‍ സംഭവിക്കാമെന്നാണ് കൊട്ടാരം അസാധാരണ പ്രസ്താവനയില്‍ പറഞ്ഞത്.
എന്നാല്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ സ്‌പെന്‍സര്‍ തന്റെ ഓര്‍മ്മകളില്‍ ഉറച്ചുനിന്നു. 'അദ്ദേഹം പറഞ്ഞ അതേ വാക്കുകളാണ് ഞാന്‍ എഴുതിയത്. അത് ഉറപ്പിച്ച് പറയാം', ഡയാനയുടെ സഹോദരന്‍ പറഞ്ഞു. രണ്ട് തവണ മാത്രമാണ് ചാള്‍സിനോട് ഫോണില്‍ സംസാരിച്ചിട്ടുള്ളത്. സഹോദരിയുടെ മരണത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഭീകരമായിരുന്നു, അന്ന് അത് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പങ്കുവെച്ചിരുന്നതായും സ്‌പെന്‍സര്‍ വ്യക്തമാക്കി.