എന്റെ സുഹൃത്തിന്റെ കവിതാസമാഹാരത്തിനെ എന്നിലൂടെ എന്റെ ചെറിയ സൗഹൃദ ലോകത്തിന് പരിചയപ്പെടുത്തുകയാണ്. ഇതൊരു ക്രിയാത്മകമായ ലോകത്തിലേക്ക് ചെറിയ ഒരു യാത്ര മാത്രമാണ്. പുസ്തക പഠനമായിട്ടോ, വിമർശന ബുദ്ധിയോ, നിരൂപണമോ, അവലോകനമോ, അല്ലെങ്കിൽ സൂക്ഷ്മ പരിശോധന നടത്തുക എന്നീ ചിന്തകൾ ഒന്നും തന്നെ നോക്കിക്കണ്ട് എഴുതുന്ന ഒരു ലേഖനമായി കരുതരുത്, അതിലുപരി, ഹൃദയത്തിന്റെ ഭാഷയിലൂടെ "അനിയൻ കുന്നത്തിന്റെ" ആദ്യ കവിതാസമാഹാരത്തിന്റെ കോപ്പി അദ്ദേഹത്തിന്റെ കൈ ഒപ്പോടെ കയ്യിൽ തന്നപ്പോള്‍, അദ്ദേഹത്തിന്റെ നിഷ്കളങ്ക ഭാവം 37 കവിതകളായി, പല പേജുകളിൽ കവിതയായി രൂപാന്തരപ്പെട്ടിരിക്കുന്നു എന്ന് ആത്മാർത്ഥമായി തോന്നുകയും ഈ കവിതാസമാഹാരത്തിന് കൂടുതൽ വായനക്കാർ ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് തോന്നി എഴുതി ചേർക്കുന്ന കുറച്ചു അഭിപ്രായം മാത്രമാണ്.
ഈ കവിതകൾ അനിയൻ കുന്നത്തിന്റെ ഭാഷയിൽ അദ്ദേഹത്തിന്റെ ജീവിത ദർശനം തന്നെയാണ്. സത്യം പലർക്കും, ദേശങ്ങൾക്കും, മനുഷ്യർക്കും ദർശനം പല രീതിയിലാണ്. അദ്ദേഹം ജീവിത മുഹൂർത്തത്തിൽ കണ്ടത്, ഹൃദയം ഒരു ക്യാമറ കണ്ണുകളാക്കി കവിത എന്ന സ്ക്രീനിൽ പകർത്തിയപ്പോൾ വായനകാർക്ക് തന്റെ തന്നെ കഴിഞ്ഞു പോയ കാലങ്ങൾ ആണെന്ന് അദ്ദേഹത്തിന്റെ വരികളില്‍ തന്നെ ദര്‍ശിക്കാം.
(ബാല്യം എന്ന കവിതയിൽ)
"അന്ന് നനഞ്ഞൊരു
ഓർമ്മയാണോ
ഇന്നീ മിഴികളിലെ
ആർദ്ര ഭാവം ....?
എന്ന വരികൾ, അദ്ദേഹത്തിന്റെ കാവ്യലോകം നമ്മുടെ ബാല്യത്തിൽ വന്നു നിൽക്കുന്ന ബിംബം തന്നെയാണെന്ന് ദർശിക്കാനെ എനിക്ക് കഴിയു.
ആസ്വാദനം വ്യക്തികളിൽ നിന്നും വ്യക്തികളിലേക്ക് നോക്കിയാൽ വ്യത്യസ്തമായി തോന്നിയിരിക്കാം. അത്തരം വ്യത്യസ്തത തന്നെയാണ് കലയുടെ രസവും ശ്രേഷ്ഠതയും. നേർരീതിയിൽ വായിച്ചാൽ പ്രഗൽഭരായ കവികളുടെ ശൈലിയൊന്നും പിന്ന്തുടരാതെ തന്റെ ഹൃദയ ചന്ദസ്സ് തുടിപ്പായി താളമിട്ട് എഴുതപ്പെട്ടതാണ് മഴമേഘങ്ങളില്‍ വെയില് പൂത്തത്. തന്റേതായ രീതിയിലുള്ള കവിതാരീതി, എഴുതാൻ സ്വീകരിച്ച ആശയങ്ങൾ, പ്രവാസ ജീവിതമനുഭവിക്കുന്ന ഓരോരുത്തർക്കും, കവിത വായന ഉണർത്തുന്നത് അകലങ്ങളിൽ ജീവിക്കുന്ന ഹൃദയത്തുടിപ്പുകൾ തന്നെയാണ്. “പാദരക്ഷ” എന്ന കവിതയിലൂടെ ഓരോ ജീവിതയാത്രകൾ കണ്ട മുഖത്തിന്റെ ഓർമ്മ കുറിപ്പാണ്.
കവി തന്റെ കവിതകളിൽ ബാല്യം, കൗമാരം, മഴ, ചങ്ങാത്തം അങ്ങിനെ തുടങ്ങി 37 കവിതകളിലൂടെ പച്ചയായ മനുഷ്യ ജീവിതങ്ങളെ വരച്ചു വച്ചിരിക്കുന്നത്. “നെയ്ത്തുകാരൻ” എന്ന കവിതയിലൂടെ അദ്ദേഹം വരച്ചു കാട്ടുന്നത് അക്ഷരങ്ങളോടുള്ള പ്രണയമാണ്.
"എങ്കിലും പെണ്ണെ നിനക്ക് നന്ദി
നീ എന്നെ പരിപൂർണ്ണനായ
ഒരു നെയ്ത്തുകാരനാക്കിയതിൽ
അക്ഷരങ്ങളുടെ നെയ്ത്തുകാരൻ"
ഭാവനകളിൽ ഭാഷയ്ക്ക് കാവ്യരസം തുടിക്കുമ്പോൾ അനുവാചകന് ഉണ്ടാകുന്ന രസികത്വം പ്രിയ സുഹൃത്തിന്റെ കവിതകളിൽ എനിക്കുണ്ടായി. ആത്മാവിലേക്ക് യാത്ര ചെയ്യുന്ന കവിത എന്ന കർമ്മ രംഗം കവിക്ക് നൽകുന്ന അനുഭവങ്ങൾ, മുഹൂർത്തങ്ങൾ, ബന്ധങ്ങൾ, അതിലുപരി അവനവനിലേക്കുള്ള നോട്ടം, കാലങ്ങളായി മൂടി വച്ച നിഗൂഡ രഹസ്യങ്ങൾ, എന്നോ കൂടിയ മഴമേഘങ്ങൾ അതിലേക്ക് പതിഞ്ഞ വെയിലിലൂടെ അനിയൻ കുന്നത്തിന്റെ തൂലികയിലൂടെ പൂക്കുന്നു.
ശലഭങ്ങളായി വന്നു ചേരുന്ന ഓരോ സഹൃദയനും അദ്ദേഹത്തിന്റെ ആദ്യ സമാഹാരം നൽകുന്ന സൗരഭ്യം, ലോകം മുഴുവൻ പാറി നടന്ന് അദ്ദേഹം ഉദ്ദേശിച്ച ദർശനം, സ്നേഹം എന്നീ ഭാവങ്ങൾ പൂമ്പൊടിയായി വീണ് ഒരു വലിയ കാവ്യ പൂന്തോട്ടം തന്നെ അദേഹത്തിന് ഉണ്ടാകട്ടെ എന്നും, ഇനിയും പുതു ഭാവങ്ങൾക്കായി, നിറഞ്ഞ പ്രാർത്ഥനയോടെ ഈ എളിയ സ്നേഹിതൻ മനോജ് ശിവ കാത്തിരിക്കുന്നു