Breaking Now

മലയാള സിനിമയില്‍ 50 വര്‍ഷം പിന്നിട്ട മധുവിന് മാക്ടയുടെ ആദരം

പത്മശ്രീയുടെ പേരിലല്ല മധുവിനെ ആദരിക്കേണ്ടതെന്നും കഴിഞ്ഞ 50 വര്‍ഷത്തെ സിനിമാ ജീവിതത്തിന്റെ പേരിലാണ് ആദരിക്കേണ്ടതെന്നും എം.ടി.വാസുദേവന്‍ നായര്‍ പറഞ്ഞു.

മലയാള സിനിമയില്‍ 50 വര്‍ഷം പിന്നിട്ട മഹാനടന്‍ മധുവിനെ സിനിമാപ്രവര്‍ത്തകരുടെ സാംസ്കാരിക സംഘടനയായ മാക്ട ആദരിച്ചു. സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. മധുവിന് പത്മ അവാര്‍ഡ് കിട്ടിയപ്പോള്‍ വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന് ഉദ്ഘാടകനായ മന്ത്രി കെ ബാബു പറഞ്ഞു.

പ്രൗഢ ഗംഭീരമായ സദസിനെ സാക്ഷിയാക്കിയാണ് പത്മശ്രീ മധുവിനെ സിനിമാ പ്രര്‍ത്തകര്‍ ആദരിച്ചത്. നടനായും സംവിധായകനായും 50 വര്‍ഷം പിന്നിട്ട മധു മലയാള സിനിമാ തറവാട്ടിലെ കാരണവരാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി കെ.ബാബു പറഞ്ഞു. പത്മഭൂഷണ് വേണ്ടിയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ മധുവിന്റെ പേര് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പത്മ അവാര്‍ഡ് കിട്ടിയപ്പോള്‍ വേണ്ടത്ര പരിഗണന മധുവിന് ലഭിച്ചില്ല.

എം.ടി.വാസുദേവന്‍ നായര്‍ മംഗള പത്രം സമര്‍പ്പിച്ചു. പഴയകാല നിര്‍മ്മാതാവ് ടി.വാസുദേവന്‍ ഉപഹാരം സമര്‍പ്പിച്ചു. പത്മശ്രീയുടെ പേരിലല്ല മധുവിനെ ആദരിക്കേണ്ടതെന്നും കഴിഞ്ഞ 50 വര്‍ഷത്തെ സിനിമാ ജീവിതത്തിന്റെ പേരിലാണ് ആദരിക്കേണ്ടതെന്നും എം.ടി.വാസുദേവന്‍ നായര്‍ പറഞ്ഞു.

മലയാള സിനിലയിലെ തലയെടുപ്പുള്ള നടനാണ് മധു എന്നായിരുന്നു മുഖ്യപ്രഭാഷകനായ ഒ.എന്‍.വി കുറുപ്പിന്റെ അഭിപ്രായം. മോഹന്‍ലാല്‍, ജയറാം, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ് തുടങ്ങി നിരവിധി പേര്‍ മധുവിന് ഗുരുദക്ഷിണ നല്‍കി ആദരിച്ചു. കെ.ജെ.യേശുദാസ്, അടൂര്‍ ഗോപാലകഷ്ണന്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.