
















ബ്രിട്ടന്റെ പല ഭാഗങ്ങളും അടുത്ത ആഴ്ചയോടെ ആറാമത്തെയും, ഈ വര്‍ഷത്തെ അവസാനത്തെയും ഉഷ്ണതരംഗം നേരിടും. താപനില 29 സെല്‍ഷ്യസ് വരെ വര്‍ദ്ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി.
സതേണ്‍ ഇംഗ്ലണ്ടിലാണ് ഏറ്റവും ഉയര്‍ന്ന താപനില നേരിടുകയെന്നാണ് കരുതുന്നത്. ആഴ്ചയുടെ പകുതിയോടെ താപനില ഉയരങ്ങള്‍ കീഴടക്കും. സെപ്റ്റംബര്‍ അവസാനത്തിനും താപനില കൂടിയ നിലയില്‍ തുടരുമെന്നാണ് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നത്.
സ്പ്രിംഗിലും, സമ്മറിലുമായി അഞ്ച് ഉഷ്ണതരംഗങ്ങളാണ് യുകെ ഇക്കുറി അനുഭവിച്ചത്. ജലവിതരണത്തില്‍ ഈ ചൂടേറിയ കാലാവസ്ഥ കടുത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി വെയിലിനൊപ്പം ഇടയ്ക്ക് മഴയും പെയ്യുന്നത് ആശ്വാസമായി മാറിയിരുന്നു.
ഈ വീക്കെന്‍ഡോടെ യുകെയിലേക്ക് ഉയര്‍ന്ന പ്രഷര്‍ മൂലം ചൂടേറിയ കാറ്റ് വീണ്ടും എത്തും. ഓരോ ദിവസവും താപനില വര്‍ദ്ധിച്ച് അസ്ഥിരമായ സാഹചര്യം രൂപപ്പെടും. സതേണ്‍ മേഖലയില്‍ 20 സെല്‍ഷ്യസുകളില്‍ രേഖപ്പെടുത്തുന്ന താപനിലയാകും ഏറ്റവും ഉയര്‍ന്നത്.
സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, വെയില്‍സ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ 25 സെല്‍ഷ്യസ് മുതലും, ലണ്ടനിലും സമീപപ്രദേശങ്ങളിലും 28 സെല്‍ഷ്യസിന് അടുത്തുമാകും താപനില.