സൗത്ത് ലണ്ടനിലെ പ്ലംസ്റ്റെഡ് അഡ്വഞ്ചര്‍ പ്ലേഗ്രൗണ്ടില്‍ എത്തിയ ഇന്ത്യന്‍ വംശജയായ 10 വയസ്സുകാരി നേരിട്ടത് ക്രൂരമായ വംശീയ അധിക്ഷേപം. പാര്‍ക്കിലേക്ക് നടത്തിയ യാത്രയില്‍ സിഖുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ചില കുട്ടികളും, രക്ഷിതാക്കളും 'തീവ്രവാദി' എന്ന് മുദ്രകുത്തിയാണ് അപമാനിക്കാന്‍ ശ്രമിച്ചത്. മുത്തശ്ശിക്കൊപ്പമാണ് മുന്‍സിമാര്‍ കൗര്‍ പാര്‍ക്കില്‍ എത്തിയത്.
ഏതാനും കൗമാരക്കാര്‍ കളിച്ച ഒരു ഗെയിമില്‍ പങ്കെടുക്കാന്‍ അനുവാദം ചോദിച്ചപ്പോഴാണ് 'നിനക്ക് കളിക്കാന്‍ പറ്റില്ല, കാരണം നീയൊരു തീവ്രവാദിയാണ്' എന്ന ഞെട്ടിക്കുന്ന മറുപടി ലഭിച്ചത്. കെന്റിലെ എറിത്തില്‍ നിന്നുമുള്ള പെണ്‍കുട്ടിയുടെ ഹൃദയം തകര്‍ന്നെങ്കിലും തലയുയര്‍ത്തി തന്നെ മടങ്ങിയെന്നാണ് വെളിപ്പെടുത്തല്‍.
പിറ്റേന്ന് പാര്‍ക്കില്‍ വീണ്ടും എത്തിയ കുട്ടിക്ക് ഒരു ഒന്‍പത് വയസ്സുകാരിയെ കൂട്ടായി കിട്ടിയെങ്കിലും ഈ സന്തോഷം ഏറെ നേരം നീണ്ടില്ല. ഈ പെണ്‍കുട്ടിയുടെ അമ്മയാണ് ആ സന്തോഷം തല്ലിക്കെടുത്തിയത്. മുന്‍സിമാര്‍ കൗര്‍ അപകടകാരിയായിരിക്കുമെന്നും ഇവര്‍ക്കൊപ്പം ഇനി കളിക്കാന്‍ പാടില്ലെന്നുമായിരുന്നു ഉപദേശം. താന്‍ നേരിട്ട വംശീയ അധിക്ഷേപത്തെക്കുറിച്ച് പെണ്‍കുട്ടി തന്നെ ഒരു വീഡിയോ പുറത്തുവിട്ടു. തന്നെ പോലെ വംശീയത നേരിടുന്നവര്‍ക്ക് പ്രചോദനം ഏകുകയാണ് കൗറിന്റെ ലക്ഷ്യം.
സിഖ് പുരുഷന്‍മാര്‍ ധരിക്കുന്ന തലപ്പാവ് കൗറും അണിഞ്ഞിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്. അമ്മയുടെ പാത പിന്തുടര്‍ന്നാണ് മകളും തലപ്പാവ് ധരിച്ചത്. നിലവില്‍ വിശ്വാസത്തിന്റെ ഭാഗമായും, നീണ്ട മുടി സംരക്ഷിക്കാനും സിഖ് സ്ത്രീകളും തലപ്പാവ് അണിയുന്നത് ട്രെന്‍ഡായി മാറുകയാണ്. സംഭവം തങ്ങളെ ഞെട്ടിച്ചെന്നാണ് പാര്‍ക്ക് വക്താവ് പ്രതികരിക്കുന്നത്.