
















കഴിഞ്ഞ ഓണക്കാലം മലയാളി ജീവിതകാലത്ത് മറക്കില്ല. കലിതുള്ളി പെയ്തിറങ്ങിയ പെരുമഴയിലും, വെള്ളം വന്നുനിറഞ്ഞ ഡാമുകള്‍ കണ്ണുംപൂട്ടി തുറന്നുവിട്ടതും എല്ലാം ചേര്‍ന്ന് മലയാളക്കരയെ വെള്ളപ്പൊക്കത്തില്‍ മുക്കിയ ഓര്‍മ്മ. കഴിഞ്ഞ വര്‍ഷം തിരുവോണം എത്തുമ്പോള്‍ വീടുകളില്‍ ചെളിനിറഞ്ഞ്, മാറിയുടുക്കാന്‍ വസ്ത്രം പോലുമില്ലാത്ത അവസ്ഥയിലായിരുന്നു പലരും. ഇക്കുറിയും കേരളത്തിന്റെ ഒരു ഭാഗത്ത് സ്ഥിതി അത്ര സന്തോഷകരമല്ല. മഴയ്‌ക്കൊപ്പം ഉരുള്‍പൊട്ടലും, മണ്ണിടിച്ചിലും കൂടി ചേര്‍ന്ന് ജീവനും, വീടുകളും ഇല്ലാതാക്കിയിട്ടുണ്ട്. ആ കണ്ണീരിന്റെ ഓരത്തിരുന്ന് മലയാളി തിരുവോണം ആഘോഷിക്കുകയാണ്.
കൊയ്ത്തുത്സവമാണ് ഓണം. മലയാളനാടിന്റെ സമ്പല്‍സമൃദ്ധിയുടെ വിളവെടുപ്പ്. കൊയ്യാന്‍ പാടങ്ങള്‍ തീരെ കുറവായത് കൊണ്ട് അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അരിയിലും, പച്ചക്കറികളിലും തൃപ്തരായി ഒരോണം കൂടി ആഘോഷിക്കാം. പ്രകൃതി കനിഞ്ഞ് സമ്മാനിക്കുന്നതാണ് ഓണം. പ്രകൃതിവിഭവങ്ങളാല്‍ നമ്മുടെ ഇലകളില്‍ വിഭവങ്ങള്‍ നിറയ്ക്കും. പ്രകൃതിയെ മറന്നൊരു ഓണം ആഘോഷിക്കുമ്പോള്‍ പണത്തിന്റെ മാത്രം മികവിലാണ് ആഘോഷം.
കാണം വിറ്റും ഓണം ഉണ്ണണം എന്നൊരു ചൊല്ലുണ്ട്. വില്‍ക്കാന്‍ കാണമില്ലെന്ന് മാത്രമല്ല, ഉണ്ണാന്‍ മലയാളിക്ക് ഒന്നും വില്‍ക്കേണ്ട സാഹചര്യവുമില്ല. പ്രവാസികളുടെ മികവില്‍ മലയാളക്കര ഇനിയും കൂടുതല്‍ വികസനങ്ങളിലേക്ക് കുതിക്കും. സ്വന്തമായി വികസന പദ്ധതികളൊന്നും ഇല്ലാതെ കേരളനാട് ഭരിക്കുന്നവര്‍ ഇനിയും പ്രവാസികളെ നോട്ടമിടും. ഇതിനപ്പുറം വരുമാനം കിട്ടുന്ന മദ്യത്തിലും, ലോട്ടറിയിലും പണിയെടുക്കുന്ന പണം ജനത്തെക്കൊണ്ട് നിക്ഷേപിപ്പിച്ച് അവര്‍ ഖജനാവ് നിറയ്ക്കും.
കേരളത്തിന്റെ പ്രകൃതി കാത്തുവെയ്ക്കുന്ന അവസരങ്ങള്‍ ഉപയോഗിക്കാതെ 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന പരസ്യവാചകത്തില്‍ കാര്യങ്ങള്‍ ഒതുക്കി മുന്നേറും. കേരളത്തെ കാണാനെത്തുന്ന ലോകത്തിന്റെ ഏത് കോണില്‍ നിന്നും വന്നെത്തുന്നവരും നമ്മുടെ നാടിന്റെ തനത് സൗന്ദര്യവും, ആഘോഷങ്ങളും, ജീവിതവും കാണാനെത്തുമ്പോള്‍ കുന്നിടിച്ചും, പാടം നികത്തിയും, മലകള്‍ കല്ലുപൊട്ടിച്ച് അപ്രത്യക്ഷമാക്കിയും അവരെ വരവേല്‍ക്കും.
നമ്മുടെ പ്രകൃതിയാണ് നമ്മുടെ ഏറ്റവും വലിയ സ്വത്തെന്ന് മനസ്സിലാക്കാതെ ജനവും, ഭരണാധിപന്‍മാരും എത്രത്തോളം മുന്നോട്ട് പോകുന്നുവോ അത്രത്തോളം കാര്യങ്ങള്‍ പിന്നോട്ട് പോകും. മഹാബലി തമ്പുരാന്‍ നാടിനും നാട്ടാര്‍ക്കും സമ്പല്‍സമൃദ്ധിയൊരുക്കിയത് പ്രകൃതിക്കൊപ്പം പണിയെടുത്ത് തന്നെയാകാം. ആ സന്ദേശമാണ് ഓണസദ്യ കഴിച്ച് ആഘോഷിക്കുന്ന ഓരോ മനസ്സിലും വിരിയേണ്ടത്.
മലയാളക്കരയുടെ ആഘോഷത്തില്‍ പങ്കുചേരുന്ന എല്ലാ പ്രിയ വായനക്കാര്‍ക്കും യൂറോപ്പ് മലയാളിയുടെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.
(തിരുവോണ ദിനത്തില്‍ മറ്റ് അപ്‌ഡേഷനുകള്‍ ഉണ്ടായിരിക്കുന്നതല്ല)