CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 12 Seconds Ago
Breaking Now

കത്തീഡ്രലില്‍ അല്‍പ്പവസ്ത്രധാരികള്‍ ഫാഷന്‍ ഷോയ്ക്ക് ഇറങ്ങിയാല്‍ ആകാശം ഇടിഞ്ഞുവീഴുമോ? ക്രിസ്തീയ വിശ്വാസത്തിന് വിരുദ്ധമെന്ന ആരോപണത്തിന് മറുപടിയുമായി സൗത്ത്‌വാര്‍ക്ക് കത്തീഡ്രല്‍; അങ്ങിനെയെങ്കിലും പള്ളി കാണാത്തവര്‍ പള്ളി കണ്ടെന്ന് വാദം!

ഷോ നടത്താന്‍ കത്തീഡ്രല്‍ വാടകയ്ക്ക് നല്‍കിയതില്‍ യാതൊരു തെറ്റുമില്ലെന്നാണ് സൗത്ത്‌വാര്‍ക്ക് കത്തീഡ്രലിന്റെ വാദം

പള്ളി കാണാത്തവരെ പള്ളി കാണിക്കാന്‍ ഫാഷന്‍ ഷോ കൊണ്ട് സാധിച്ചെന്ന് വാദിക്കുന്ന കത്തീഡ്രല്‍ അധികാരികളുടെ മറുപടിയില്‍ അമ്പരന്ന് ബ്രിട്ടനിലെ ക്രിസ്തീയ വിശ്വാസികള്‍. സൗത്ത്‌വാര്‍ക്ക് കത്തീഡ്രല്‍ ലണ്ടന്‍ ഫാഷന്‍ വീക്കിന് വേദിയായത് രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയപ്പോഴാണ് മറുപടിയുമായി അധികൃതര്‍ രംഗത്ത് വന്നത്. ക്രിസ്തീയ വചനപ്രഘോഷങ്ങള്‍ക്ക് വിരുദ്ധമായിട്ടുള്ള കാര്യമാണ് അല്‍പ്പവസ്ത്രധാരികള്‍ പണച്ചാക്കുകള്‍ക്ക് മുന്നില്‍ കാറ്റ്‌വാക്ക് നടത്തുന്ന പരിപാടിയെന്നാണ് പ്രധാന വിമര്‍ശനം. 

എന്നാല്‍ ഫാഷന്‍ ഷോ നടത്താന്‍ കത്തീഡ്രല്‍ വാടകയ്ക്ക് നല്‍കിയതില്‍ യാതൊരു തെറ്റുമില്ലെന്നാണ് സൗത്ത്‌വാര്‍ക്ക് കത്തീഡ്രലിന്റെ വാദം. ബ്രിട്ടീഷ് ഡിസൈനര്‍ ജൂലിയന്‍ മക്‌ഡൊണാള്‍ഡിന്റെ ഷോയിലാണ് വസ്ത്രം വളരെ കുറച്ച് ധരിച്ച് (മറ്റുചിലര്‍ക്ക് അതും ഉണ്ടായില്ല) അള്‍ത്താരയിലെ റാംപില്‍ ചുവടുവെച്ചത്. ഇടനാഴിയിലൂടെ മോഡലുകള്‍ കാറ്റ്‌വാക്ക് നടത്തുന്നത് കാണാന്‍ നൂറുകണക്കിന് പേര്‍ അണിനിരന്നു. 

രാജ്ഞിയുടെ മുന്‍ ചാപ്ലിന്‍ റവ. ഡോ. ഗാവിന്‍ ആഷ്‌ഡെനാണ് വിശ്വാസത്തിന് എതിരായ സന്ദേശമാണ് ഫാഷന്‍ ഷോ നല്‍കിയതെന്ന വിമര്‍ശനങ്ങളെ നയിച്ചത്. ഫാഷന്‍ ഇന്‍ഡസ്ട്രിക്കെതിരെ നിരവധി പരാതികളുണ്ട്. പണക്കാര്‍ക്ക് മുന്നില്‍ പ്രദര്‍ശനം നടത്തി അവനവന്റെ ഗുണങ്ങളില്‍ മതിമറക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് പരിപാടി. നമ്മുടെ ആത്മാവിന്റെ ദാരിദ്ര്യമാണ് ഇവിടെ വെളിവാകുന്നത്. കത്തീഡ്രല്‍ ഇത്തരം പരിപാടിക്ക് വേദിയൊരുക്കുന്നതിന് മുന്‍പ് രണ്ടുവട്ടം ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ലണ്ടന്‍ ഫാഷന്‍ വീക്ക് 35 വര്‍ഷം നടത്തിയ ക്രിസ്തീയ വിശ്വാസിയായ സൈമണ്‍ വാര്‍ഡ്‌സിന് പക്ഷെ ഇക്കാര്യത്തില്‍ മറിച്ചൊരു അഭിപ്രായമാണുള്ളത്. 'കത്തീഡ്രലില്‍ എന്താണ് പ്രദര്‍ശിപ്പിക്കുന്നതെന്നതാണ് ചോദ്യം. ഷോ നടത്താന്‍ നിബന്ധനകള്‍ തീരുമാനിക്കുമ്പോള്‍ എന്തെല്ലാം അതിര്‍ത്തി നിശ്ചയിക്കണമെന്ന് കൂടി തീരുമാനിക്കും. ലൈംഗികമായ രീതിയില്‍ ആണും പെണ്ണും റാംപില്‍ ചുവടുവെയ്ക്കുന്നത് വിശ്വാസത്തിന് വിരുദ്ധവുമാണ്', വാര്‍ഡ് കൂട്ടിച്ചേര്‍ത്തു. 

സൗത്ത്‌വാര്‍ക്ക് കത്തീഡ്രല്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നിരവധി വര്‍ഷങ്ങളായി വേദിയാകുന്നുവെന്നാണ് പള്ളിയുടെ വക്താവ് വിശദീകരിച്ചത്. 'ഫാഷന്‍ പരിപാടികളും ഇതില്‍ പെടും. ബ്രിട്ടീഷ് ഡിസൈനറെ ലണ്ടന്‍ ഫാഷന്‍ വീക്കിന്റെ ഭാഗമായി ക്ഷണിച്ചതില്‍ സന്തോഷം. ഷോ നടത്തിയതോടെ നിരവധി ആളുകള്‍ കത്തീഡ്രലില്‍ എത്തിച്ചേര്‍ന്നു. അല്ലായിരുന്നെങ്കില്‍ ഇവരൊന്നും പള്ളിക്കകം കാണില്ല. ഷോ പ്രൊഫഷണലായി, മാന്യതയോടെയാണ് നടത്തിയത്', വക്താവ് പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.