
















ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ പിറക്കുന്നതിനോടുള്ള എതിര്‍പ്പ് കുറയാന്‍ ഇനിയും എത്ര കാലം വേണ്ടിവരുമെന്ന് ഉറപ്പില്ല. പെണ്‍കുട്ടികളെ വിവാഹ പ്രായം എത്തുമ്പോള്‍ കെട്ടിച്ചയയ്‌ക്കേണ്ടി വരുന്ന ചെലവും, ഇവരെ വളര്‍ത്തുന്നത് ബാധ്യതയാണെന്നും കരുതുന്നിടത്തോളം ഇതിനൊരു മാറ്റം സാധ്യമല്ല. എന്നാല്‍ യുകെ പോലെ പുരോഗമന ചിന്തയുള്ള നാട്ടിലേക്ക് കുടിയേറി പോയ ശേഷവും ഇന്ത്യക്കാര്‍ ഈ നിലപാട് തുടരുന്നുവെന്നത് ഞെട്ടിക്കുന്ന കാര്യമാണ്.
ബ്രിട്ടനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ ആണ്‍കുട്ടികള്‍ക്ക് പ്രാമുഖ്യം നല്‍കുകയും, ഗര്‍ഭം ധരിക്കുന്ന പെണ്‍കുട്ടികളെ റെക്കോര്‍ഡ് തോതില്‍ അബോര്‍ട്ട് ചെയ്ത് കളയുന്നുവെന്നുമാണ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നൂറുകണക്കിന് ഗര്‍ഭങ്ങളാണ് ലിംഗം അടിസ്ഥാനമാക്കി അലസിപ്പിച്ച് കളഞ്ഞിരിക്കുന്നത്. ഇത് നിയമവിരുദ്ധമായിരുന്നിട്ടും ചില ഇന്ത്യന്‍ രക്ഷിതാക്കളെ പഴയ മനഃസ്ഥിതിയില്‍ നിന്നും പിന്തിരിപ്പിക്കുന്നില്ല. 
2021 മുതല്‍ 2025 വരെ കാലയളവില്‍ ഇന്ത്യന്‍ അമ്മമാര്‍ക്ക് ശരാശരി 100 പെണ്‍കുട്ടികള്‍ ജനിച്ചപ്പോള്‍ 118 ആണ്‍കുട്ടികള്‍ പിറന്നതായാണ് മെയില്‍ അന്വേഷണം കണ്ടെത്തിയത്. ദേശീയ ശരാശരിയായ 100 പെണ്‍കുട്ടികള്‍ക്ക് 105 ആണ്‍കുട്ടികള്‍ എന്ന നിലയേക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. എന്നാല്‍ ഈ കണക്കിന് പിന്നില്‍ അബോര്‍ഷന്‍ എന്ന അസ്വാഭാവികത കടന്നുകൂടുമ്പോഴാണ് വിഷയം പ്രശ്‌നമാകുന്നത്.
ഇന്ത്യന്‍ സമൂഹത്തിനിടയില്‍ ലിംഗപരമായ അബോര്‍ഷനുകള്‍ അസാധാരണമായ തോതില്‍ നടക്കുന്നുവെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. പിറക്കാന്‍ പോകുന്ന പെണ്‍കുഞ്ഞുങ്ങളെ അലസിപ്പിച്ച് കളയാന്‍ ഇന്ത്യന്‍ സ്ത്രീകള്‍ കുടുംബത്തിന്റെ ഭാഗത്ത് നിന്നും സമ്മര്‍ദം നേരിടുന്നുവെന്നാണ് ആശങ്ക. 'ഭര്‍ത്താക്കന്‍മാരും, കുടുംബാംഗങ്ങളും ഈ സമ്മര്‍ദത്തിന് പിന്നിലുണ്ട്. പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളാണ് കുടുംബപ്പേര് നിലനിര്‍ത്തുകയെന്ന തെറ്റിദ്ധാരണ മൂലവും ഇത് സംഭവിക്കുന്നു. ഇന്ത്യന്‍ സമൂഹത്തില്‍ ആണ്‍കുട്ടികള്‍ക്ക് 'പ്രിന്‍സ് സിന്‍ഡ്രോം' ഉണ്ട്. അവര്‍ മെച്ചപ്പെട്ടതാണെന്ന തോന്നല്‍. ഇത് അബോര്‍ഷന്‍ വിഷയം മാത്രമല്ല, ലിംഗസമത്വം കൂടിയാണ്', ഗാര്‍ഹിക പീഡന ചാരിറ്റി ജീന ഇന്റര്‍നാഷണല്‍ സ്ഥാപക റാണി ബില്‍കു ചൂണ്ടിക്കാണിക്കുന്നു.