
















വനിതകളുടെ ചേഞ്ചിംഗ് റൂം ട്രാന്‍സ്‌ജെന്‍ഡര്‍ സഹജീവനക്കാരി ഉപയോഗിച്ചത് സംബന്ധിച്ച് എംപ്ലോയ്‌മെന്റ് കേസിന് പോയ വനിതാ നഴ്‌സുമാര്‍ക്ക് വിജയം. ജോലി സ്ഥലത്ത് വനിതാ നഴ്‌സുമാര്‍ക്ക് ഇതിന്റെ പേരില്‍ അപമാനത്തിന് ഇരയാകേണ്ടി വന്നുവെന്നാണ് എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ ജഡ്ജ് വിധിച്ചത്.
വനിതാ നഴ്‌സുമാരുടെ അന്തസ്സ് കെടുത്തുകയും, ജോലി സ്ഥലത്ത് വിദ്വേഷം ജനിപ്പിക്കുന്ന, നാണകെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്‌തെന്നാണ് ജഡ്ജ് കണ്ടെത്തിയത്. ഡാര്‍ലിംഗ്ടണ്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്ത ഏഴ് വനിതാ നഴ്‌സുമാരാണ് എംപ്ലോയറായ കൗണ്ടി ഡുര്‍ഹാം & ഡാര്‍ലിംഗ്ടണ്‍ എന്‍എച്ച്എസ് ഫൗണ്ടേഷന് ട്രസ്റ്റിനെതിരെ പരാതി നല്‍കിയത്. ട്രാന്‍സ് സഹനഴ്‌സായ റോസ് ഹെന്‍ഡേഴ്‌സണ്‍ വനിതകളുടെ സൗകര്യം ഉപയോഗിക്കുന്നതിന്റെ പേരില്‍ ഉന്നയിച്ച എതിര്‍പ്പാണ് ഇതിലേക്ക് നയിച്ചത്. 
പുരുഷനായി ജനിച്ച, ട്രാന്‍സ് നഴ്‌സിനെ വനിതകളുടെ ചേഞ്ചിംഗ് റൂം ഉപയോഗിക്കാന്‍ അനുവദിച്ച് കൊണ്ട് പരാതിക്കാരെ ട്രസ്റ്റ് ലിംഗപരമായി പീഡനത്തിന് ഇരയാക്കുകയാണ് ചെയ്തതെന്ന് വിധിയില്‍ വ്യക്തമാക്കി. നഴ്‌സുമാര്‍ ആശങ്ക ഉന്നയിച്ചപ്പോഴും ഇതൊന്നും ഗുരുതരമായി കണ്ട് പരിഗണിക്കാന്‍ തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. ക്രിസ്ത്യന്‍ ലീഗല്‍ സെന്ററിന്റെ പിന്തുണയോടെയാണ് നഴ്‌സുമാര്‍ ട്രിബ്യൂണലിനെ സമീപിച്ചത്. ഇത് സാമാന്യ ബുദ്ധിയുടെ വിജയമാണെന്ന് പരാതി നയിച്ച നഴ്‌സ് ബെതാനി ഹച്ചിസണ്‍ പറഞ്ഞു.
വിധി സുപ്രധാനമാണെങ്കിലും രാജ്യത്തെ എല്ലാ എന്‍എച്ച്എസ് ട്രസ്റ്റുകളും ഇത് സംബന്ധിച്ച നയങ്ങള്‍ റിവ്യൂ ചെയ്യാന്‍ തയ്യാറാകണമെന്ന് വനിതാ നഴ്‌സുമാര് കൂട്ടിച്ചേര്‍ത്തു. റോസിനെ ഈ അവസ്ഥയില്‍ എത്തിച്ചത് ട്രസ്റ്റിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.