വിവാഹം സ്വര്‍ഗ്ഗത്തില്‍ വെച്ച് നടക്കുന്നുവെന്നാണ് പറയുക. അതിനായി ഒരുക്കങ്ങള്‍ നടത്തുന്നതും ഏറെ പ്രതീക്ഷയോടെയാകും. വിവാഹവസ്ത്രം മുതല്‍ മെനു വരെ ഒരുക്കി കാത്തിരിക്കുകയായിരുന്നു റോസന്ന തോമസ്. എന്നാല്‍ വിവാഹദിനം പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല കടന്നുപോയത്. യഥാര്‍ത്ഥത്തില്‍ ആ വിവാഹം തന്നെ നടന്നില്ല.
25കാരിയായ റോസന്ന തോമസാണ് സ്വപ്നം പോലെ വിവാഹത്തിന് ഒരുങ്ങിയത്. വിവാഹവസ്ത്രവും, അവരുടെ കുട്ടിക്കും, കൂട്ടുകാരികള്‍ക്കുള്ള വസ്ത്രങ്ങളും ഒക്കെയായി കാത്തിരിക്കുമ്പോഴാണ് ആ സത്യം അവര്‍ക്ക് മുന്നിലെത്തിയത്. പ്രതിശ്രുത വരന്‍ വിവാഹവേദി ബുക്ക് ചെയ്‌തെന്ന് പറഞ്ഞിരുന്നെങ്കിലും സംഗതി നുണയായിരുന്നു.
വെയില്‍സ് അബെര്‍ദെയറില്‍ താമസിക്കുന്ന റോസന്ന വിവാഹത്തിന് നാല് ദിവസം ബാക്കിയുള്ളപ്പോഴാണ് സത്യം തിരിച്ചറിഞ്ഞത്. യഥാര്‍ത്ഥത്തില്‍ അയാളുടെ കുഞ്ഞിനെ വയറ്റില്‍ പേറുമ്പോഴായിരുന്നു ഈ ചതി. ആയിരക്കണക്കിന് പൗണ്ട് (ഏകദേശം 9 ലക്ഷം രൂപ) വിവാഹത്തിനായി അവര്‍ ഇതിനകം ചെലവാക്കിയിരുന്നു.
വിവാഹ ഫോട്ടോഗ്രാഫര്‍ വേദിയിലെ സമയത്തെക്കുറിച്ച് അറിയാനായി ഹാള്‍ അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് ബുക്ക് ചെയ്തിട്ടില്ലെന്ന വിവരം മനസ്സിലാക്കുന്നത്. ഡേറ്റിംഗ് ആപ്പായ ടിന്‍ഡറില്‍ പരിചയപ്പെട്ടാണ് ഇവരുടെ പ്രണയം ആരംഭിച്ചത്. ഗര്‍ഭിണി ആയതോടെ ഗാവിന്‍ വിവാഹവാഗ്ദാനവും നല്‍കി. എന്നാല്‍ ഇതെല്ലാം തട്ടിപ്പാണെന്ന് അറിഞ്ഞപ്പോഴും ഇയാള്‍ നാണമില്ലാതെ വീണ്ടും നുണപറഞ്ഞു.
ഒടുവില്‍ റോസന്ന ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഹാളിലേക്ക് വിളിച്ചെന്ന് പറഞ്ഞ കോളുകള്‍ സ്വന്തം നമ്പറിലേക്കാണ് വിളിച്ചതെന്ന് തിരിച്ചറിഞ്ഞത്. ഇവര്‍ ബഹളം വെച്ചതോടെ കൈയില്‍ പണമില്ലെന്നും വിവാഹം നടക്കില്ലെന്നും ഇയാള്‍ പറഞ്ഞു. ലോണ്‍ വരെ എടുത്ത് ബന്ധുക്കള്‍ വിവാഹത്തിനായി എത്തിയപ്പോഴാണ് പരിപാടി പൊളിഞ്ഞത്. ഇപ്പോള്‍ വിവാഹവസ്ത്രവും, ചെരുപ്പുമെല്ലാം വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ് റോസന്ന.