CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 1 Seconds Ago
Breaking Now

നാട്ടുകാരെ ഉപദേശിച്ചു, പക്ഷെ സ്വന്തം കാര്യം മറന്നു; പ്രധാനമന്ത്രിയും, ഹെല്‍ത്ത് സെക്രട്ടറിയും കൊറോണ പോസിറ്റീവായതോടെ പ്രതിക്കൂട്ടില്‍; അടുത്ത് ഇടപഴകിയ ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്കും ലക്ഷണങ്ങള്‍; ബ്രിട്ടന്റെ കൊറോണാ പ്രതിരോധം പണിപാളുമോ?

പ്രധാനമന്ത്രിക്ക് രാജ്യത്തെ നയിക്കാന്‍ കഴിയാത്ത സാഹചര്യം വന്നാല്‍ ഫോറിന്‍ സെക്രട്ടറി ഡൊമിനിക് റാബിനാണ് ചുമതല

ബോറിസ് ജോണ്‍സനും, മാറ്റ് ഹാന്‍കോകും കൊറോണാവൈറസില്‍ പോസിറ്റീവായി മാറിയതോടെ ആശ്വാസവാക്കുകള്‍ക്ക് പകരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. നാട്ടുകാരെ ഉപദേശിച്ച സാമൂഹിക അകലം പാലിക്കല്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയില്ലെന്നതിനാണ് പ്രധാനമന്ത്രിയും, ആരോഗ്യ സെക്രട്ടറിയും പഴി കേള്‍ക്കുന്നത്. 6 അടി അകലം പാലിക്കണമെന്ന ഉപദേശമൊക്കെ തെറ്റിച്ച് കോമണ്‍സില്‍ ഇരുവരും അടുത്ത സമ്പര്‍ക്കത്തില്‍ വന്നിരുന്നതായി മാധ്യമ ചിത്രങ്ങള്‍ തന്നെ തെളിയിക്കുന്നു. 

പ്രധാനമന്ത്രിയും, ആരോഗ്യ സെക്രട്ടറിയും വൈറസിന്റെ വലയില്‍ കുടുങ്ങിയതിന് പിന്നാലെ രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫസര്‍ ക്രിസ് വിറ്റിയും ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയെന്നാണ് വെളിപ്പെടുത്തല്‍. കൊറോണാ ലക്ഷണങ്ങളുമായി സാമ്യമുള്ളവ ആയതിനാല്‍ ഏഴ് ദിവസത്തേക്ക് വീട്ടില്‍ ഐസൊലേഷനില്‍ തുടരുമെന്ന് പ്രൊഫസര്‍ വിറ്റി വ്യക്തമാക്കി. പ്രധാനമന്ത്രിയെ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ കൂടിയായ ഇദ്ദേഹം പരിശോധിച്ചിരുന്നോയെന്ന് വ്യക്തമല്ല. 

ഇതിനിടെ എന്‍എച്ച്എസ് ജീവനക്കാര്‍ കൊറോണാവൈറസിന് ഇരകളാകുന്നുണ്ടോയെന്ന് കണ്ടെത്താന്‍ ബിസിനസ്സുകളും, റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകളും, യൂണിവേഴ്‌സിറ്റികളുമായി സഹകരിക്കുമെന്ന് മൈക്കിള്‍ ഗോവ് വ്യക്തമാക്കി. ഇതുവഴി ശക്തിയാര്‍ജ്ജിക്കുന്ന ടെസ്റ്റിംഗ് അടുത്ത ആഴ്ച മുതല്‍ ലഭ്യമാക്കും. നിലവില്‍ 30,000 ബെഡുകളാണ് രാജ്യത്ത് കൊറോണാ രോഗികള്‍ക്കായി ലഭ്യമാക്കിയിട്ടുള്ളതെന്ന് എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു. ലണ്ടനില്‍ സ്ഥാപിക്കുന്ന നൈറ്റിംഗേല്‍ ആശുപത്രിക്ക് പുറമെ ബര്‍മിംഗ്ഹാമിലും, മാഞ്ചസ്റ്ററിലും രണ്ട് പുതിയ ആശുപത്രികള്‍ കൂടി നിര്‍മ്മിക്കുമെന്ന് സ്റ്റീവന്‍സ് കൂട്ടിച്ചേര്‍ത്തു. 

അതേസമയം ക്രിസ്റ്റ് വിറ്റി പോസിറ്റീവായാല്‍ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിലെ പല പ്രമുഖരും ഐസൊലേഷനിലേക്ക് പോകേണ്ടി വരുമെന്ന ആശങ്ക ഉയരുന്നുണ്ട്. കൊറോണയ്‌ക്കെതിരായ പ്രതിരോധ നടപടികള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്ന മുതിര്‍ന്ന അംഗങ്ങളും ഇതോടെ കുടുങ്ങും. പ്രധാനമന്ത്രിക്കൊപ്പം അകലം പാലിച്ച് നിന്ന് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വേണ്ടി കൈയടിച്ച ചാന്‍സലര്‍ ഋഷി സുനാകിന് ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ പരിശോധനയും സെല്‍ഫ് ഐസൊലേഷനും വേണ്ടിവന്നിട്ടില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് വിശദീകരിച്ചു. 

പ്രധാനമന്ത്രിക്ക് രോഗം മൂര്‍ച്ഛിച്ച് രാജ്യത്തെ നയിക്കാന്‍ കഴിയാത്ത സാഹചര്യം വന്നാല്‍ ഫോറിന്‍ സെക്രട്ടറി ഡൊമിനിക് റാബിനാണ് ചുമതലയെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. റാബിനും രോഗം വന്നാല്‍ പ്രധാനമന്ത്രിക്ക് മറ്റേതെങ്കിലും മന്ത്രിയെ ചുമതല ഏല്‍പ്പിക്കാം. 




കൂടുതല്‍വാര്‍ത്തകള്‍.