CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 22 Minutes 29 Seconds Ago
Breaking Now

സറേ കിംഗ്‌സ്റ്റണ്‍ ഹോസ്പിറ്റലിന് പുതിയ ഇന്‍ക്യുബേറ്റര്‍ സമ്മാനിക്കാന്‍ 21,000 പൗണ്ട് ശേഖരിച്ച് ഇന്ത്യന്‍ വംശജനായ 6 വയസ്സുകാരന്‍; സ്വന്തം ജീവന്‍ രക്ഷിച്ച കഥ കേട്ട കുഞ്ഞിന്റെ യത്‌നം കൊറോണയും തടുത്തില്ല!

കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഇന്‍ക്യുബേറ്ററിന് സാധിക്കുമെന്നത് കൊണ്ടാണ് താന്‍ ഇത് ചെയ്തതെന്ന് ധില്ലോണ്‍

ഇത് ധില്ലോണ്‍ മങ്കു, പ്രായം വെറും ആറ് വയസ്സ്. ഇന്ത്യന്‍ വംശജനായ ഈ കുട്ടി ഈ പ്രായം കൊണ്ട് ചെയ്തത് ഒരു പക്ഷെ മുതിര്‍ന്നവരായ നമ്മളില്‍ പലര്‍ക്കും സ്വപ്‌നം പോലും കാണാന്‍ കഴിയാത്ത കാര്യമാണ്. സറേയിലെ കിംഗ്‌സ്റ്റണ്‍ ഹോസ്പിറ്റലിന് ഒരു പുതിയ ഇന്‍ക്യുബേറ്റര്‍ സംഭാവന ചെയ്യാന്‍ ചുരുങ്ങിയ കാലം കൊണ്ട് 21,000 പൗണ്ടാണ് കുഞ്ഞ് ധില്ലോണ്‍ സ്വരൂപിച്ചത്. മാസം തികയാതെ തന്നെ പ്രസവിച്ച അതേ ആശുപത്രിക്കാണ് ധില്ലോണ്‍ മങ്കുവിന്റെ ഈ സമ്മാനം. 

നാലര വയസ്സുള്ളപ്പോള്‍ തന്റെ ജീവന്‍ രക്ഷിച്ച കഥ ധില്ലോണ്‍ മനസ്സിലാക്കുന്നത്. ആ സമയത്ത് അമ്മ ഷാണിനോട് അവന് ചോദിക്കാനുണ്ടായിരുന്നത് ഒരു കാര്യം മാത്രമാണ്- 'വയറില്‍ നിന്നും നേരത്തെ പുറത്തുവരുന്ന കുഞ്ഞുങ്ങള്‍ക്കുള്ള ഇന്‍ക്യുബേറ്റര്‍ ഒരെണ്ണം നമുക്ക് വാങ്ങിക്കൊടുക്കാന്‍ പറ്റുമോ?', ധില്ലോണ്‍ ചോദിച്ചു. ഒരു കുഞ്ഞിന്റെ സ്വപ്‌നമായി ആ വാക്കുകള്‍ അവശേഷിച്ചില്ലെന്നതാണ് വാസ്തവം. 

18 മാസത്തിന് ശേഷം ഇക്കഴിഞ്ഞ വ്യാഴാഴ്ച ഇന്‍ക്യൂബേറ്റര്‍ വാങ്ങാനുള്ള തുക ധില്ലോണിന്റെ അക്കൗണ്ടില്‍ വന്നുനിറഞ്ഞു. 21,000 പൗണ്ടാണ് ആ കുട്ടി കണ്ടെത്തിയത്. കിംഗ്സ്റ്റണ്‍ ഹോസ്പിറ്റലിലെ നിയോനേറ്റല്‍ യൂണിറ്റിനാണ് ജിറാഫ് എന്നുപേരായ പുതിയ ഇന്‍ക്യുബേറ്റര്‍ നല്‍കുക. പഞ്ചാബില്‍ നിന്നുള്ളവരാണ് ധില്ലോണിന്റെ മുത്തശ്ശനും, മുത്തശ്ശിയും. പിഗ്ഗി ബാങ്കില്‍ നാണയങ്ങള്‍ ഇട്ടാണ് ധില്ലോണ്‍ തന്റെ സ്വപ്‌നത്തിലേക്ക് യാത്ര തുടങ്ങിയത്. 

ഇത് നിറഞ്ഞപ്പോള്‍ ബാങ്കിലെത്തിയ കുട്ടിയോട് 1500 പൗണ്ട് മാത്രമാണുള്ളതെന്ന് അധികൃതര്‍ പറഞ്ഞപ്പോഴും ധില്ലോണ്‍ നിരാശനായില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ കൊവിഡ്-19 ലോക്ക്ഡൗണിലേക്ക് ബ്രിട്ടന്‍ എത്തുമ്പോഴേക്കും കോഫീ മോണിംഗ്, ട്രാംപോളിന്‍ ബൗണ്‍സ്, ഗോള്‍ഫ് ഡേ, ബര്‍ത്ത്‌ഡേ സ്വിം, സ്‌പോണ്‍സേര്‍ഡ് റണ്‍ എന്നിവയ്ക്ക് പുഫമെ ജസ്റ്റ് ഗിവിംഗ് പേജ് വഴി 16000 പൗണ്ട് സ്വരൂപിച്ചു. 

ബ്രിട്ടീഷ് ഏഷ്യന്‍ ഗായകന്‍ ജേ സീന്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്‌ബോളര്‍ ജുവാന്‍ മാതാ, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പിന്തുണയ്ക്കുന്ന ഭാരത് ആര്‍മി തുടങ്ങിയവര്‍ ധില്ലോണിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കി. ബാക്കിയുള്ള 5000 പൗണ്ട് കണ്ടെത്താന്‍ എളുപ്പമായിരുന്നില്ല. സ്ലൈം വിറ്റ് ഈ തുക കണ്ടെത്താനായിരുന്നു ധില്ലോണിന്റെ ഐഡിയ. യുകെയിലെ ക്ലോത്ത് ബ്രാന്‍ഡായ പ്രെറ്റിലിറ്റില്‍തിംഗ്, ബൂഹൂ എന്നിവരുടെ സ്ഥാപകരായ കമാനി ഫാമിലി ഇതുസംബന്ധിച്ച് അമ്മ ഷാണ്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത സ്‌റ്റോറ്റി ശ്രദ്ധിച്ച് 5000 പൗണ്ട് സംഭാവന ചെയ്യുകയായിരുന്നു. 

കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഇന്‍ക്യുബേറ്ററിന് സാധിക്കുമെന്നത് കൊണ്ടാണ് താന്‍ ഇത് ചെയ്തതെന്ന് ധില്ലോണ്‍ പറയുന്നു. വലുതാകുമ്പോള്‍ ഒരു ഡോക്ടറാകാനാണ് ഇവന്റെ സ്വപ്നം. ഇതുവഴി കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാമെന്ന് ധില്ലോണ്‍ പ്രതികരിച്ചു. സെയിസില്‍ ജോലി ചെയ്യുന്ന ദാസ്, എച്ച്ആറില്‍ പ്രവര്‍ത്തിക്കുന്ന ഷാണ്‍ എന്നിവരാണ് ധില്ലോണിന്റെ മാതാപിതാക്കള്‍. 




കൂടുതല്‍വാര്‍ത്തകള്‍.