CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Seconds Ago
Breaking Now

തെരഞ്ഞെടുപ്പ് ഇപ്പോഴെങ്ങാന്‍ നടന്നാല്‍ ബ്രിട്ടനില്‍ റിഫോം ഭൂകമ്പം; നിഗല്‍ ഫരാഗിന് വമ്പന്‍ കോമണ്‍സ് ഭൂരിപക്ഷത്തിന് സാധ്യത; ടോറികള്‍ കേവലം 7 എംപിമാരായി ഒതുങ്ങും; ലേബര്‍ മന്ത്രിമാര്‍ വരെ പൊട്ടും; റിഫോമിനെ തോല്‍പ്പിക്കാന്‍ വോട്ട് മറിക്കുമെന്ന് ലേബര്‍ വോട്ടര്‍മാര്‍!

സീനിയര്‍ ലേബര്‍, കണ്‍സര്‍വേറ്റീവ് നേതാക്കള്‍ തന്നെ തോല്‍വി അണയുമെന്നാണ് മുന്നറിയിപ്പ്

ആധുനിക രാഷ്ട്രീയ ചരിത്രത്തിലെ തെരഞ്ഞെടുപ്പ് ഭൂകമ്പം സമ്മാനിക്കാന്‍ നിഗല്‍ ഫരാഗിന് മുന്നില്‍ വഴിയൊരുങ്ങിയെന്ന് മെഗാ സര്‍വ്വെ. ടോറികളെ കേവലം 7 എംപിമാരിലേക്ക് ഒതുക്കുന്ന ഫരാഗിന് വന്‍ ഭൂരിപക്ഷമാണ് വോട്ടര്‍മാര്‍ സമ്മാനിക്കുകയെന്നാണ് വ്യക്തമാകുന്നത്. 

റിഫോം യുകെ 445 സീറ്റുകള്‍ വിജയിക്കാനുള്ള സാധ്യതയിലേക്കാണ് സര്‍വ്വെ വിരല്‍ ചൂണ്ടുന്നത്. നാളെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കില്‍ ലേബര്‍ കേവലം 73 എംപിമാരിലേക്ക് ചുരുങ്ങുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം തെരഞ്ഞെടുപ്പില്‍ ഫരാഗ് വിജയിക്കുമെന്ന സ്ഥിതി വന്നാല്‍ വോട്ടര്‍മാര്‍ വോട്ട് മറിച്ച് കുത്തുമെന്നും സര്‍വ്വെയില്‍ പറയുന്നു. 

20 ശതമാനത്തോളം ലേബര്‍ വോട്ടര്‍മാരാണ് റിഫോമിനെ തടയാന്‍ ടോറികള്‍ക്ക് പിന്തുണ നല്‍കുമെന്ന് അഭിപ്രായപ്പെട്ടത്. പിഎല്‍എംആറും, ഇലക്ടറല്‍ കാല്‍ക്കുലസും ചേര്‍ന്ന് നടത്തിയ എംആര്‍പി പോള്‍ ഫലമാണ് മെയില്‍ പുറത്തുവിട്ടത്. ഇതിനിടെ ലിബറല്‍ ഡെമോക്രാറ്റുകള്‍ 42 സീറ്റും, എസ്എന്‍പി 41, ജെറമി കോര്‍ബിന്റെ യുവര്‍ പാര്‍ട്ടി 13 സീറ്റുകളിലും വിജയിക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു. 

അതേസമയം കേവലം 7 സീറ്റുമായി ടോറികള്‍ ആറാം സ്ഥാനത്തേക്ക് തെറിക്കുമെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. ആറ് സീറ്റുമായി ഗ്രീന്‍സും, അഞ്ചെണ്ണത്തില്‍ പ്ലെയ്ഡ് സിമുറുവും വിജയിക്കുമെന്നും പറയുന്നു. ടോറി കോണ്‍ഫറന്‍സിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍ പുറത്തുവരുന്നതിന് മുന്‍പാണ് സര്‍വ്വെ നടന്നിട്ടുള്ളത്. 

എന്നിരുന്നാലും റിഫോമിന്റെ മുന്നേറ്റത്തെ തടയുന്നത് എളുപ്പമാകില്ലെന്നാണ് ഇപ്പോഴത്തെ സ്ഥിതി. സീനിയര്‍ ലേബര്‍, കണ്‍സര്‍വേറ്റീവ് നേതാക്കള്‍ തന്നെ തോല്‍വി അണയുമെന്നാണ് മുന്നറിയിപ്പ്. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്, ഫോറിന്‍ സെക്രട്ടറി വെറ്റ് കൂപ്പര്‍, എഡ്യുക്കേഷന്‍ സെക്രട്ടറി ബ്രിജറ്റ് ഫിലിപ്‌സണ്‍, എനര്‍ജി സെക്രട്ടറി എഡ് മിലിബന്ദ് എന്നിവരെ റിഫോം സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുത്തുമെന്നാണ് സര്‍വ്വെയില്‍ വ്യക്തമാകുന്നത്. 

മറുപക്ഷത്ത് ടോറി നേതാവ് കെമി ബാഡെനോകിനെ തന്നെ റിഫോം വീഴ്ത്തുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ മുന്‍ പ്രധാനമന്ത്രി ഋഷി സുനാക്, റോബര്‍ട്ട് ജെന്റിക്ക്, സുവെല്ലാ ബ്രാവര്‍മാന്‍, ഇയാന്‍ ഡങ്കന്‍ സ്മിത്ത് എന്നിവരും പരാജയം രുചിക്കുമെന്നാണ് വിവരം. മൂന്ന് വര്‍ഷം അകലെയാണ് തെരഞ്ഞെടുപ്പ് വരുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.