Breaking Now

സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച് അയര്‍ലണ്ട്; ബുധനാഴ്ച മുതല്‍ ആറാഴ്ചത്തേക്ക് ലെവല്‍ 5 വിലക്കുകള്‍; പബ്ബുകളും, അവശ്യ സേവനത്തില്‍ ഉള്‍പ്പെടാത്ത ഷോപ്പുകളും ഡിസംബര്‍ 1 വരെ അടച്ചിടും; ക്രിസ്മസ് ആഘോഷം പതിവ് പോലെയാകില്ല!

വരുന്ന ആഴ്ചകളില്‍ ഏറെ ഗുരുതരമായ അവസ്ഥ ഉടലെടുക്കുമെന്ന് വ്യക്തമായതോടെയാണ് രാജ്യം മുഴുവന്‍ അടച്ചുപൂട്ടാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് ഐറിഷ് പ്രീമിയര്‍

യൂറോപ്പിലെ ഏറ്റവും കര്‍ശനമായ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് അയര്‍ലണ്ട്. ആറാഴ്ച നീളുന്ന അടച്ചുപൂട്ടല്‍ ബുധനാഴ്ച അര്‍ദ്ധരാത്രിയില്‍ ആരംഭിക്കും. കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ്-19 മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നിരിക്കവെയാണ് ഈ നീക്കം. ലെവല്‍ 5 വിലക്കുകള്‍ നടപ്പാക്കാന്‍ ക്യാബിനറ്റ് മന്ത്രിമാര്‍ തീരുമാനം കൈക്കൊണ്ടതോടെ മിക്ക ബിസിനസ്സുകളും അടച്ചിടേണ്ടി വരും. കൂടാതെ കൂട്ടം കൂടുന്നതിനും, യാത്രാ സ്വാതന്ത്ര്യത്തിനും ഡിസംബര്‍ 1 വരെ പരിധികള്‍ ഏര്‍പ്പെടുത്തും. 

പൊതുജനങ്ങളോട് വീടുകളില്‍ തുടരാനും, അതിന് ചുറ്റുമുള്ള 5 കിലോമീറ്റര്‍ പരിധിയില്‍ വ്യായാമം ചെയ്യാനുമാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. സംസ്‌കാര ചടങ്ങുകളില്‍ 10 പേര്‍ക്കും, വിവാഹങ്ങളില്‍ 25 പേര്‍ക്കും പരമാവധി പങ്കെടുക്കാം. ഇതിന് പുറത്തുള്ള ആള്‍ക്കൂട്ടങ്ങളുടെ ഒത്തുചേരലിന് നിരോധനം ഏര്‍പ്പെടുത്തി. കണ്‍സ്ട്രക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടരാമെങ്കിലും പബ്ബുകള്‍, റെസ്റ്റൊറന്റുകള്‍, കഫെകള്‍ എന്നിവയ്ക്ക് ടേക്ക്എവെയും, ഡെലിവെറി സേവനവും മാത്രമാണ് നല്‍കാന്‍ കഴിയുക.

വരുന്ന ആഴ്ചകളില്‍ ഏറെ ഗുരുതരമായ അവസ്ഥ ഉടലെടുക്കുമെന്ന് വ്യക്തമായതോടെയാണ് രാജ്യം മുഴുവന്‍ അടച്ചുപൂട്ടാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് ഐറിഷ് പ്രീമിയര്‍ വ്യക്തമാക്കി. സ്‌കൂളുകളെ വിലക്കുകള്‍ ബാധിക്കില്ല. കുട്ടികളുടെയും, യുവജനങ്ങളുടെയും ഭാവി രോഗം മൂലം ദുരിതത്തില്‍ വീഴുന്നത് ഒഴിവാക്കാനാണ് ഇതെന്ന് മൈക്കിള്‍ മാര്‍ട്ടിന്‍ പറഞ്ഞു. അതേസമയം വൈറസിനെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ക്കൊപ്പം വ്യക്തികള്‍ക്കും ബിസിനസ്സുകള്‍ക്കും കൂടുതല്‍ സാമ്പത്തിക പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ലോക്ക്ഡൗണില്‍ സാമൂഹികമായി ഒറ്റപ്പെടുന്നതും, ആകാംക്ഷാ പ്രശ്‌നങ്ങളും വലിയ വിഷയങ്ങളാണെന്ന് മാര്‍ട്ടിന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്കും, ഒറ്റയ്ക്ക് പാരന്റിംഗ് ചെയ്യുന്നവര്‍ക്കും മറ്റൊരു കുടുംബത്തിലെ അംഗവുമായി സമ്പര്‍ക്കത്തില്‍ വരാന്‍ അനുമതി നല്‍കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആസ്വദിച്ച് പോലൊരു ക്രിസ്മസ് അല്ല ഇക്കുറി രാജ്യം ആഘോഷിക്കുകയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 1283 കൊവിഡ് കേസുകളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. 
കൂടുതല്‍വാര്‍ത്തകള്‍.