ഹാരിയും, മെഗാനും രാജകീയ ദൗത്യങ്ങള്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ വില്ല്യം രാജകുമാരന്‍ രോഷാകുലനും, ദുഃഖിതനുമായെന്ന് റിപ്പോര്‍ട്ട്. ദമ്പതികളുടെ അവസാന പ്രസ്താവന രാജ്ഞിയെ അപമാനിക്കുന്നതും, ബഹുമാനമില്ലാത്തതുമാണെന്നാണ് വില്ല്യം രാജകുമാരന്റെ നിലപാടെന്നാണ് വാദം. അനുജന്‍ രാജ്ഞിക്ക് നേരെ നടത്തിയ പെരുമാറ്റം കണ്ട് കേംബ്രിഡ്ജ് ഡ്യൂക്ക് ഞെട്ടിയെന്നാണ് ശ്രോതസ്സുകള്‍ സണ്‍ഡേ ടൈംസിനോട് പറയുന്നത്.
അമേരിക്കന്‍ പുതിയ കരിയര്‍ കണ്ടെത്തിയ ദമ്പതികളുടെ ജീവിതം പൊതുസേവനത്തിന് ചേര്‍ന്നതല്ലെന്ന് വിധിച്ചാണ് ഹാരി, മെഗാന്‍ ദമ്പതികളുടെ റോയല്‍ രക്ഷാധികാര പദവികള്‍ പിന്‍വലിച്ചത്. ഇതേക്കുറിച്ച് നടത്തിയ പ്രസ്താവനയാണ് രാജകുടുംബത്തിന് ഇഷ്ടപ്പെടാതെ പോയത്. ഈ വാക്കുകള്‍ പ്രയോഗിച്ച രീതി മോശമാണെന്നാണ് രാജകുടുംബത്തിലെ മറ്റ് അംഗങ്ങളും, ജോലിക്കാരും കണ്ടെത്തിയിരിക്കുന്നത്. രാജ്ഞി പ്രഖ്യാപനം നടത്തി മിനിറ്റുകള്‍ക്ക് പിന്നാലെ ഇവരുടെ പ്രസ്താവന പുറത്തിറക്കിയിരുന്നു. സേവനം എന്ന് പറയുന്നത് എല്ലായിടത്തും സാധ്യമാണെന്നാണ് ദമ്പതികള്‍ വ്യക്തമാക്കിയത്.
ഇതോടെ രാജകുടുംബത്തില്‍ ദശകങ്ങള്‍ക്കിടെ കാണാത്ത ഭിന്നിപ്പാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് അന്തപ്പുരത്തിലെ പ്രമുഖര്‍ അവകാശപ്പെടുന്നു. ഇതിനിടെ പ്രശസ്ത ചാറ്റ് ഷോ അവതാരക ഒപ്രാ വിന്‍ഫ്രെ സസെക്‌സുമാര്‍ക്കൊപ്പം രണ്ട് ദിവസം തങ്ങിയാണ് ഇവരുമായുള്ള പ്രൈം ടൈം അഭിമുഖം ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദമ്പതികളുമായി സൗഹൃദം പുലര്‍ത്തുന്ന വ്യക്തിയായതിനാല്‍ പുതിയ പ്രശ്‌നങ്ങളുടെ ആഴം മനസ്സിലാക്കിയുള്ളതാകും അഭിമുഖമെന്നാണ് അഭ്യൂഹം. അതുകൊണ്ട് തന്നെ മാര്‍ച്ച് 7ന് സംപ്രേക്ഷണം ചെയ്യുന്ന അഭിമുഖം ശുദ്ധമായ സ്വര്‍ണ്ണം തന്നെയാകുമെന്നാണ് പ്രതീക്ഷ.
ഹാരി യുകെയില്‍ നിന്നും പിന്‍വാങ്ങിയതോടെ 38-കാരനായ വില്ല്യം ജോലി സമ്മര്‍ദം നേരിടുകയാണ്. ഇതാണ് മെഗ്‌സിറ്റിന് എതിരെ തിരിയാന്‍ വില്ല്യം രാജകുമാരനെ പ്രേരിപ്പിക്കുന്ന ഘടകം. ഇതൊക്കെ ചേര്‍ന്നാണ് പുതിയ പ്രസ്താവന രാജ്ഞിയെ അപമാനിക്കുന്നതിന് തുല്യമായി വില്ല്യം വിലയിരുത്തുന്നത്.