CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 1 Minutes 2 Seconds Ago
Breaking Now

മെര്‍ക്കലും, മാക്രോണും അറിഞ്ഞോ ആവോ? ഓക്‌സ്‌ഫോര്‍ഡ്-ആസ്ട്രാസെക, ഫിസര്‍ വാക്‌സിനുകള്‍ ഒരൊറ്റ ഡോസില്‍ 90 ശതമാനം സുരക്ഷ നല്‍കുന്നുവെന്ന് സ്ഥിരീകരണം; വാക്‌സിനേഷനില്‍ മുന്നേറിയ ബ്രിട്ടന് ലോട്ടറി അടിച്ചത് പോലെ; ഇനി ഏക ഭീഷണി വാക്‌സിന്‍ സ്വീകരിക്കാത്ത വിഭാഗങ്ങള്‍

നിലവില്‍ രാജ്യത്തെ 20 മില്ല്യണ്‍ ജനങ്ങള്‍ക്കാണ് ആദ്യ ഇഞ്ചക്ഷനുകള്‍ ലഭിച്ചിരിക്കുന്നത്

ഒരൊറ്റ ഡോസ് ഫിസര്‍ വാക്‌സിനോ, ഓക്‌സ്‌ഫോര്‍ഡ്-ആസ്ട്രാസെനെക വാക്‌സിനോ ലഭിച്ചാല്‍ ആശുപത്രി പ്രവേശനം 90 ശതമാനം കുറയ്ക്കാന്‍ കഴിയുന്നതായി അതിശയിപ്പിക്കുന്ന പഠന ഫലങ്ങള്‍ പുറത്ത്. ബ്രിട്ടനില്‍ പ്രയോഗിച്ച രണ്ട് വാക്‌സിനുകള്‍ക്കും ഈ മികച്ച ഫലം ലഭിക്കുന്നതായി പബ്ലിക് ഹെല്‍ത്ത് അധികൃതര്‍ മന്ത്രിമാരെ അറിയിച്ചു. ബ്രിട്ടന്റെ ലോകോത്തരമായ വാക്‌സിന്‍ പദ്ധതിക്ക് വലിയ പ്രചോദനമായി മാറുകയാണ് ഈ കണ്ടെത്തല്‍. 

നിലവില്‍ രാജ്യത്തെ 20 മില്ല്യണ്‍ ജനങ്ങള്‍ക്കാണ് ആദ്യ ഇഞ്ചക്ഷനുകള്‍ ലഭിച്ചിരിക്കുന്നത്. വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകാത്ത ഒരു ന്യൂനപക്ഷം മാത്രമാണ് പദ്ധതിയുടെ വിജയത്തിന് മുന്നിലുള്ള പ്രതിബന്ധം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ ഊഹാപോഹങ്ങളെ തള്ളിക്കളയണമെന്ന് വില്ല്യം രാജകുമാരനും ഇപ്പോള്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വംശീയ ന്യൂനപക്ഷങ്ങളില്‍ പെട്ടവര്‍ വാക്‌സിന്‍ സ്വീകരിക്കാതിരിക്കാനുള്ള പ്രധാന കാരണം ഓണ്‍ലൈനില്‍ പ്രചരിക്കുന്ന നുണകളും, ഗൂഢാലോചന തിയറികളുമാണെന്നാണ് കരുതുന്നത്. 

വാക്‌സിന്‍ സ്വീകരിക്കുന്ന 75ന് മുകളില്‍ പ്രായമുള്ളവരില്‍ മരണം 40 ശതമാനം കുറയുന്നതായാണ് കണ്ടെത്തല്‍. 85ന് മുകളില്‍ പ്രായമുള്ളവര്‍ ഐസിയുവില്‍ കലാശിക്കുന്നത് പൂജ്യത്തിന് അടുത്തേക്ക് എത്തുകയും ചെയ്യുന്നു. ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ സംബന്ധിച്ചുള്ള ഈ ശക്തമായ കണ്ടെത്തലുകള്‍ ജര്‍മ്മന്‍ അധികൃതരുടെ വാദങ്ങള്‍ക്കുള്ള ചുട്ടമറുപടിയാണ്. ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ 65ന് മുകളിലുള്ളവര്‍ക്ക് നല്‍കുന്നതിന് എതിരെ ഇവര്‍ കഴിഞ്ഞ മാസം നിര്‍ദ്ദേശം നല്‍കിയിരുന്നു. 

യൂറോപ്യന്‍ രാജ്യങ്ങള്‍ പടിക്ക് പുറത്ത് നിര്‍ത്തിയ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഫിസര്‍ വാക്‌സിനേക്കാള്‍ ഗുണം ചെയ്യുന്നുവെന്നത് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിനും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനും ഞെട്ടല്‍ സമ്മാനിക്കുമെന്ന് ഉറപ്പാണ്. 100 മില്ല്യണ്‍ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനുകളാണ് സര്‍ക്കാര്‍ ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്. സുപ്രധാനമായ പഠന ഫലം പുറത്തുവന്നതോടെ വാക്‌സിനേഷന്‍ പദ്ധതിക്ക് പുതിയ ഊര്‍ജ്ജമാണ് സമ്മാനിക്കപ്പെട്ടിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.