പ്രേതബാധ, പിശാച്, ബാധ ഒഴിപ്പിക്കല്‍... ഇതെല്ലാം നമ്മുടെ നാട്ടിലെ അന്ധവിശ്വാസങ്ങള്‍ എന്നുപറഞ്ഞ് തള്ളാന്‍ വരട്ടെ. അങ്ങ് ബ്രിട്ടനില്‍ സര്‍ക്കാര്‍ സംവിധാനമായ എന്‍എച്ച്എസ് ആശുപത്രിയില്‍ പ്രേതബാധ ഒഴിപ്പിക്കാന്‍ പുരോഹിതനെ വിളിച്ചുവരുത്തിയ വാര്‍ത്ത കേട്ടിട്ടാകാം ബാക്കി കാര്യം. എന്‍എച്ച്എസ് ആശുപത്രിയില്‍ വസ്തുവകകള്‍ തനിയെ നീങ്ങുന്നത് ജീവനക്കാരെ ആശങ്കപ്പെടുത്തിയതോടെയാണ് ദുരാത്മാവിനെ ഒഴിപ്പിക്കാന്‍ ആശുപത്രി പുരോഹിതനെ വിളിച്ചത്!
പൂളിലെ സെന്റ് ആന്‍സ് ഹോസ്പിറ്റല്‍ ഓള്‍ഡ് ബില്‍ഡിംഗിലെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ജോലിക്കാരാണ് നിരവധി ആഴ്ചകളായി അരങ്ങേറുന്ന വിചിത്ര സംഭവങ്ങളെ കുറിച്ച് സീനിയര്‍ മേധാവികളെ അറിയിച്ചത്. സംഭവം ഗുരുതരമായി കണക്കാക്കി എന്‍എച്ച്എസ് ചാപ്ലിന്‍ റവ. മൈക് ഓട്‌സിനെ ജീവനക്കാരുമായി സംസാരിക്കാന്‍ വിളിച്ചുവരുത്തി.
പുരോഹിതന്‍ ചില അന്വേഷണങ്ങള്‍ നടത്തി റിപ്പോര്‍ട്ട് ഹോസ്പിറ്റല്‍ മാനേജ്‌മെന്റിന് നല്‍കി. ഇതിന് ശേഷം പ്രശ്‌നങ്ങള്‍ നേരിട്ടവര്‍ക്കായി ഹോളി കമ്മ്യൂണിയന്‍ സര്‍വ്വീസ് നടത്താന്‍ തീരുമാനിച്ചു. ഈ പരീക്ഷണം വിജയകരമായി. തൊട്ടുപിന്നാലെ വിചിത്രമായ സംഭവങ്ങള്‍ പൊടുന്നനെ നില്‍ക്കുകയും, ദുരാത്മാവ് അപ്രത്യക്ഷമാകുകയും ചെയ്തു!
ഡോര്‍സെറ്റ് ഹെല്‍ത്ത്‌കെയര്‍ യൂണിവേഴ്‌സിറ്റി എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍സിന് ലഭിച്ച വിവരാവകാശ അപേക്ഷ പ്രകാരമാണ് ബാധ ഒഴിപ്പിക്കല്‍ നടന്നതായി വിവരം പുറത്തുവന്നത്. ഡോര്‍സെറ്റിലെ പൂളിലുള്ള കാന്‍ഫോര്‍ഡ് ക്ലിഫ്‌സ് ഏരിയയിലാണ് നൂറിലേറെ വര്‍ഷം പഴക്കമുള്ള സെന്റ് ആന്‍സ് ഹോസ്പിറ്റല്‍ സ്ഥിതി ചെയ്യുന്നത്.