CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 14 Minutes 36 Seconds Ago
Breaking Now

എന്‍എച്ച്എസ് പ്രതിസന്ധിയുടെ മുനമ്പിലേക്കോ? ചില രോഗികള്‍ ഒരു കിടക്ക ലഭിക്കാനായി കാത്തിരിക്കുന്നത് 48 മണിക്കൂര്‍ വരെ; അടിയന്തര ചികിത്സ തേടുന്ന രോഗികളുടെ എണ്ണം ശൈത്യകാലത്തിലെ അവസ്ഥയ്ക്ക് സമാനം; എ&ഇകള്‍ ദുരന്തമുഖമെന്ന് മുന്നറിയിപ്പ്

കൊവിഡ് സാമൂഹിക അകലം മൂലം എ&ഇയുടെ ശേഷി കുറവായതിനാല്‍ ഗുരുതര രോഗികളെ ചികിത്സിക്കാന്‍ ഇടമില്ലാത്ത അവസ്ഥയാണ്

ശൈത്യകാലം എത്തിച്ചേരുന്നതിന് മുന്‍പ് തന്നെ എന്‍എച്ച്എസ് എ&ഇകള്‍ സമ്മര്‍ദത്തിലേക്കെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ആശുപത്രികളില്‍ വിന്റര്‍ കൊടുമുടിയിലെത്തുമ്പോള്‍ അനുഭവപ്പെടുന്ന സമ്മര്‍ദമാണ് ഇപ്പോള്‍ നേരിടുന്നതെന്നാണ് ആരോഗ്യ അധികൃതരുടെ മുന്നറിയിപ്പ്. അടിയന്തര, എമര്‍ജന്‍സി കെയറിനുള്ള ആവശ്യം ഉയര്‍ന്നതാണ് ഇതിന് കാരണമാകുന്നത്. 

യുകെയിലെ എ&ഇ യൂണിറ്റുകള്‍ തിരക്കേറിയതിനാല്‍ രോഗം ബാധിച്ച് എത്തുന്നവരെ പുറത്ത് കാത്തുനിര്‍ത്താനും, ആംബുലന്‍സുകള്‍ വഴിതിരിച്ച് വിടാനും ആശുപത്രികള്‍ നിര്‍ബന്ധിതമാകുന്നുവെന്നാണ് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പ്രസിഡന്റ് ഡോ കാതറീന്‍ ഹെന്‍ഡേഴ്‌സണ്‍ വെളിപ്പെടുത്തുന്നത്. കാഷ്വാലിറ്റി വാര്‍ഡുകളുടെ ഇടനാഴികളില്‍ രോഗികളെ ചികിത്സിക്കാന്‍ പകുതിയോളം ആശുപത്രികളും നിര്‍ബന്ധിതമാകുന്നുവെന്നും അവര്‍ ഗാര്‍ഡിയനോട് പറഞ്ഞു. 

ഈ അവസ്ഥ മൂലം ചില എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലെ രോഗികള്‍ക്ക് ഒരു കിടക്ക കിട്ടാനായി 48 മണിക്കൂര്‍ കാത്തിരിക്കേണ്ടി വരുന്നുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മുന്‍പെങ്ങുമില്ലാത്ത വിധം ആവശ്യക്കാരുടെ എണ്ണമേറുന്നുവെന്നാണ് ഹെന്‍ഡേഴ്‌സണ്‍ നല്‍കുന്ന മുന്നറിയിപ്പ്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് നോര്‍ത്ത് മിഡ്‌ലാന്‍ഡ്‌സ് എന്‍എച്ച്എസ് ട്രസ്റ്റില്‍ അടിയന്തരമല്ലാത്ത ഓപ്പറേഷനുകള്‍ രണ്ടാഴ്ചത്തേക്ക് റദ്ദാക്കിയത് പ്രതിസന്ധിയുടെ തോത് വ്യക്തമാക്കുന്നു. 

കാര്‍ അപകടങ്ങള്‍, ഹൃദയാഘാതം എന്നിങ്ങനെയുള്ള പതിവ് പ്രശ്‌നങ്ങള്‍ മഹാമാരിക്ക് മുന്‍പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തിയെന്നും, നാല് പുതിയ ഗ്രൂപ്പ് രോഗികളെയാണ് എമര്‍ജന്‍സി ഡോക്ടര്‍മാര്‍ കാണുന്നതെന്നും ഹെന്‍ഡേഴ്‌സണ്‍ പറഞ്ഞു. 18 മാസത്തോളം മഹാമാരി മൂലം ചികിത്സ നഷ്ടപ്പെട്ട് ഗുരുതര രോഗബാധിതരായവര്‍, ഇലക്ടീവ് ട്രീറ്റ്‌മെന്റ് പട്ടികയിലുണ്ടായിട്ടും കാത്തിരുന്ന് സ്ഥിതി മോശമായവര്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടും. 

മാനസിക ആരോഗ്യ പ്രശ്‌നങ്ങളുമായി എ&ഇയില്‍ എത്തുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ട്, ചെറുപ്പക്കാരിലാണ് ഈ അവസ്ഥ കൂടുതല്‍. കുട്ടികളിലെ വൈറല്‍ ഇന്‍ഫെക്ഷനുകളാണ് മറ്റൊരു പ്രശ്‌നം. കൊവിഡ് സാമൂഹിക അകലം മൂലം എ&ഇയുടെ ശേഷി കുറവായതിനാല്‍ ഗുരുതര രോഗികളെ ചികിത്സിക്കാന്‍ ഇടമില്ലാത്ത അവസ്ഥയാണ്. ഇത് ദുരന്തത്തിലേക്ക് വഴിതുറക്കുകയാണെന്ന് ഹെന്‍ഡേഴ്‌സണ്‍ മുന്നറിയിപ്പ് നല്‍കി. 




കൂടുതല്‍വാര്‍ത്തകള്‍.