CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 5 Minutes 26 Seconds Ago
Breaking Now

എന്‍എച്ച്എസ് സ്‌കോട്ട്‌ലണ്ട് നഴ്‌സുമാര്‍ സമരത്തിനിറങ്ങുമോ? തീരുമാനം കൈക്കൊള്ളാന്‍ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് അംഗങ്ങള്‍ വോട്ട് ചെയ്യാന്‍ ഒരുങ്ങുന്നു; പണിയെടുത്ത് നടുവൊടിഞ്ഞ് നഴ്‌സുമാര്‍ ജോലി ഉപേക്ഷിക്കുമ്പോള്‍ കൈയുംകെട്ടി നോക്കിനില്‍ക്കാന്‍ കഴിയുമോ?

യുകെയില്‍ മറ്റൊരിടത്തും നല്‍കാത്ത ശമ്പള വര്‍ദ്ധനവാണ് സ്‌കോട്ട്‌ലണ്ട് പ്രഖ്യാപിച്ചതെന്നാണ് സര്‍ക്കാര്‍ വക്താവിന്റെ വിശദീകരണം

സ്‌കോട്ടിഷ് ഗവണ്‍മെന്റ്, എന്‍എച്ച്എസ് എന്നിവരുമായുള്ള തര്‍ക്കത്തിനിടെ അംഗങ്ങള്‍ക്കിടയില്‍ വോട്ടിനിട്ട് സമരപരിപാടികളെ കുറിച്ച് തീരുമാനം കൈക്കൊള്ളാന്‍ ഒരുങ്ങി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്. ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണല്‍ സംഘടനയും, നഴ്‌സിംഗ് ജീവനക്കാരുടെ ട്രേഡ് യൂണിയനുമാണ് ആര്‍സിഎന്‍. എന്‍എച്ച്എസ്, സ്വതന്ത്ര, വോളണ്ടറി മേഖലകളില്‍ നിന്നുള്ളവര്‍ അംഗങ്ങളാണ്. സ്‌കോട്ട്‌ലണ്ടില്‍ മാത്രം 40,000 അംഗങ്ങളുള്ളതായി ആര്‍സിഎന്‍ പറയുന്നു. 

ശമ്പള വിഷയത്തിലാണ് സ്‌കോട്ടിഷ് ഗവണ്‍മെന്റും, എന്‍എച്ച്എസ് എംപ്ലോയേഴ്‌സും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. ഇതിനെതിരെ ഏത് തരത്തിലുള്ള സമരപരിപാടികളാണ് തീരുമാനിക്കേണ്ടതെന്ന് കണ്ടെത്താനാണ് അംഗങ്ങള്‍ക്കിടയില്‍ വോട്ടിനിടുന്നത്. ഈ വര്‍ഷം ആദ്യം സ്‌കോട്ടിഷ് ഗവണ്‍മെന്റ് പ്രഖ്യാപിച്ച ശമ്പള വര്‍ദ്ധനാ ഓഫര്‍ ആര്‍സിഎന്‍ തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ക്യാബിനറ്റ് സെക്രട്ടറി ഹംസാ യൂസഫ് കാര്യമായ പുരോഗതി നല്‍കുന്നില്ലെന്ന് കുറ്റപ്പെടുത്തലുണ്ട്. 

'18 മാസത്തോളം കൊവിഡ്-19 മഹാമാരിയുടെ ഭാരം പേറുന്നതിനൊപ്പം, ഒരു ദശകത്തോളമായി മൂല്യം കുറച്ച്, ശ്രോതസ്സുകള്‍ കുറച്ചതോടെ കൂടുതല്‍ നഴ്‌സിംഗ് സ്റ്റാഫുകള്‍ മതിയായെന്ന് അഭിപ്രായത്തിലെത്തി. സ്‌കോട്ടിഷ് ഗവണ്‍മെന്റും, എന്‍എച്ച്എസ് എംപ്ലോയേഴ്‌സും നഴ്‌സിംഗ് ജീവനക്കാര്‍ ഹെല്‍ത്ത്, കെയര്‍ മേഖലയ്ക്ക് നല്‍കുന്ന വമ്പന്‍ സംഭാവനകളെ കുറിച്ച് വായ്ത്താരി വിളമ്പുന്നത് നിര്‍ത്തണം', ബാലറ്റ് പ്രഖ്യാപിക്കവെ ആര്‍സിഎന്‍ സ്‌കോട്ട്‌ലണ്ട് ബോര്‍ഡ് ചെയര്‍ ജൂലി ലാംബെര്‍ത്ത് പറഞ്ഞു. 

ശക്തമായ നടപടി ഉണ്ടായില്ലെങ്കില്‍ ഇപ്പോള്‍ സംഭവിക്കുന്നത് ഭാവിയിലും തുടരും. നഴ്‌സിംഗ് യുവാക്കള്‍ക്കും ആകര്‍ഷകമായ ജോലിയായി തോന്നുന്ന തരത്തില്‍ മാന്യമായ ശമ്പളം നല്‍കണം. സമരത്തിന് ഇറങ്ങുന്നത് ഏറ്റവും അവസാനത്തെയും, ബുദ്ധിമുട്ടേറിയതുമായ നടപടിയാണ്, ലാംബെര്‍ത്ത് കൂട്ടിച്ചേര്‍ത്തു. നവംബര്‍ 8 വരെയാണ് ബാലറ്റ് തുറന്നിരിക്കുക. 

എന്നാല്‍ യുകെയില്‍ മറ്റൊരിടത്തും നല്‍കാത്ത ശമ്പള വര്‍ദ്ധനവാണ് സ്‌കോട്ട്‌ലണ്ട് പ്രഖ്യാപിച്ചതെന്നാണ് സര്‍ക്കാര്‍ വക്താവിന്റെ വിശദീകരണം. വിഷയത്തില്‍ ഹെല്‍ത്ത് സെക്രട്ടറി ആര്‍സിഎന്‍ പ്രതിനിധികളുമായി ചര്‍ച്ചകള്‍ തുടരുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.