CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 33 Minutes 51 Seconds Ago
Breaking Now

കൊവിഡ് ബാധിച്ച ഇന്ത്യന്‍ വംശജന്റെ മരണത്തിന് കാരണം ആശുപത്രി ജീവനക്കാരുടെ പിഴവ്! 58-കാരന്റെ വെന്റിലേറ്ററില്‍ ലണ്ടന്‍ നൈറ്റിംഗേല്‍ ആശുപത്രി ജീവനക്കാര്‍ ഉപയോഗിച്ചത് തെറ്റായ ഫില്‍റ്ററെന്ന് ഇന്‍ക്വസ്റ്റ്; ആരോഗ്യവാനായ മനുഷ്യന് മരണം സമ്മാനിച്ചത് വെന്റിലേറ്റര്‍?

വെന്റിലേറ്ററില്‍ തെറ്റായ ഫില്‍റ്റര്‍ ഘടിപ്പിച്ചതോടെ ഇദ്ദേഹത്തിന് കാര്‍ഡിയാക് അറസ്റ്റ് നേരിട്ടതായും സീനിയര്‍ കൊറോണര്‍

ബ്രിട്ടനില്‍ കൊവിഡ് ബാധിക്കുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നാല്‍ എന്‍എച്ച്എസിന് ചികിത്സ നല്‍കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് പോകുന്നത് തടയുന്നതിന് വേണ്ടിയാണ് നൈറ്റിംഗേല്‍ ആശുപത്രികള്‍ വിവിധ ഇടങ്ങളിലായി സ്ഥാപിച്ചത്. എന്നാല്‍ ഇവിടെ ജോലി ചെയ്യാന്‍ യോഗ്യരായ ജീവനക്കാരെ ലഭിക്കാന്‍ ബുദ്ധിമുട്ടിയതിന് പുറമെ, സേവനത്തിന് എത്തിയവര്‍ക്ക് കൃത്യമായ പരിശീലനം നല്‍കാന്‍ പോലും സാധിച്ചതുമില്ല. അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചതാകട്ടെ പാവം കൊവിഡ് രോഗികളും!

ലണ്ടന്‍ നൈറ്റിംഗേല്‍ ആശുപത്രിയില്‍ ഇന്ത്യന്‍ വംശജനായ കൊവിഡ് രോഗിയുടെ മരണകാരണമായത് വെന്റിലേറ്ററില്‍ ഘടിപ്പിച്ച തെറ്റായ ഫില്‍റ്ററാണെന്നാണ് ഇന്‍ക്വസ്റ്റില്‍ വ്യക്തമായിരിക്കുന്നത്. ലണ്ടനില്‍ ബസ് ഡ്രൈവറായിരുന്ന 58-കാരന്‍ കിഷോര്‍കുമാര്‍ പട്ടേലാണ് കൊട്ടിഘോഷിക്കപ്പെട്ട നൈറ്റിംഗേല്‍ ആശുപത്രിയിലേക്ക് എത്തിക്കപ്പെട്ട ആദ്യ രോഗികളില്‍ ഒരാള്‍. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 7ന് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടും, ചുമയും, ക്ഷീണവുമായാണ് ഇദ്ദേഹത്തെ ഇവിടെ എത്തിക്കുന്നത്. 

ഇവിടെ എത്തിക്കുന്നതിന് മുന്‍പ് വരെ സ്ഥിരതയോടെ ഇരുന്ന, യാതൊരുവിധ മറ്റ് രോഗങ്ങളും ഇല്ലാതിരുന്ന ആറ് മക്കളുടെ പിതാവ് നൈറ്റിംഗേലില്‍ 19-ാം ദിവസം മരണത്തിന് കീഴടങ്ങി. ഈസ്റ്റ് ലണ്ടന്‍ ന്യൂഹാമിലെ എക്‌സല്‍ സെന്ററില്‍ മരിച്ച മൂന്ന് രോഗികളില്‍ ഒരാളാണ് പട്ടേല്‍. വെന്റിലേറ്ററുകളില്‍ ഹ്യുമിഡിറ്റി & മോയ്‌സ്ചര്‍ എക്‌സ്‌ചേഞ്ച് ഫില്‍റ്ററുകള്‍ക്ക് പകരം ആന്റി ബാക്ടീരിയല്‍ എച്ച്ഇപിഎ ഫില്‍റ്റര്‍ ഉപയോഗിച്ചതാണ് ഇതിന് ഇടയാക്കിയത്. 

പത്ത് രോഗികളുടെ വെന്റിലേറ്ററുകളില്‍ ഈ പിഴവ് കണ്ടെത്തിയിരുന്നു. ഇതാണ് പട്ടേലിന്റെ ബ്രീത്തിംഗ് ട്യൂബില്‍ മ്യൂക്കസ് നിറയാന്‍ ഇടയാക്കിയതെന്ന് ഈസ്റ്റ് ലണ്ടന്‍ കൊറോണറുടെ കോടതിയില്‍ വ്യക്തമാക്കപ്പെട്ടു. കൊറോണാവൈറസ് രോഗബാധിതനായ പട്ടേലിന്റെ വിവിധ അവയവങ്ങള്‍ തകരാറിലായാണ് മരണപ്പെടുന്നത്. വെന്റിലേറ്ററില്‍ തെറ്റായ ഫില്‍റ്റര്‍ ഘടിപ്പിച്ചതോടെ ഇദ്ദേഹത്തിന് കാര്‍ഡിയാക് അറസ്റ്റ് നേരിട്ടതായും സീനിയര്‍ കൊറോണര്‍ വ്യക്തമാക്കി. 

രണ്ട് ഫില്‍റ്ററുകളും സമാനമായ നിറങ്ങളിലെത്തുന്നതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കുന്നത്. ഈ വിഷയം സമ്മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളെയും ബാധിച്ചിരിക്കാമെന്ന് കൊറോണര്‍ ചൂണ്ടിക്കാണിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.