അത്യാര്‍ഭാടപൂര്‍വ്വം വിവാഹ മാമാങ്കം നടത്തി എട്ട് ആഴ്ച മാത്രം പിന്നിട്ടപ്പോള്‍ ഇന്ത്യന്‍ വംശജനായ യുവ ശതകോടീശ്വര പ്രോപ്പര്‍ട്ടി ഭീമന്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന 33-കാരന്‍ വിവേക് ചദ്ദ ശതകോടികള്‍ മൂല്യമുള്ള നയണ്‍ ഗ്രൂപ്പ് ഉടമയായിരുന്നു. ഹോട്ടല്‍, പ്രോപ്പര്‍ട്ടി മേഖലയില്‍ വിപുലമായ പ്രവര്‍ത്തനം നടത്തിവന്ന ഇദ്ദേഹം സെന്‍ഡ്രല്‍ ലണ്ടനിലെ വിലാസത്തില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് കുഴഞ്ഞുവീണത്.
ശനിയാഴ്ച രാത്രി അനാബെല്‍ നൈറ്റ് ക്ലബില്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് പിന്നാലെയായിരുന്നു മരണം. രണ്ട് മാസം മുന്‍പാണ് 29-കാരി സ്തുതീ ചദ്ദയെ വിവേക് വിവാഹം ചെയ്യുന്നത്. ലണ്ടന്‍ പാര്‍ക്ക് ലെയിനിലെ ഫൈസ് സ്റ്റാര്‍ ജെഡബ്യു മാരിയറ്റ് ഗ്രോസ്‌വെനോര്‍ ഹൗസ് ഹോട്ടലില്‍ ഒരാഴ്ചയോളം നീണ്ടുനിന്ന ആഘോഷങ്ങള്‍ക്കൊടുവിലായിരുന്നു വിവാഹം.
'എന്താണ് സംഭവിച്ചതെന്ന് വിവരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. എട്ടാഴ്ച മുന്‍പ് മാത്രമായിരുന്നു വിവാഹം. ഇപ്പോള്‍ ജീവിതത്തിലെ പ്രണയനഷ്ടത്തെ നേരിടേണ്ട അവസ്ഥയും. ഞെട്ടലിനൊപ്പം, ഹൃദയത്തകര്‍ച്ചയിലുമാണ്', വിധവ മെയിലിനോട് പ്രതികരിച്ചു.
വിവേക് ചദ്ദയുടെ മരണകാരണം സ്ഥിരീകരിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉണ്ടാകും. ചെറിയ പ്രായമാണെന്നതിന് പുറമെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഈ ചെറുപ്പക്കാരന് ഉണ്ടായിരുന്നില്ല. സ്വാഭാവിക മരണമാണെന്നാണ് ഇദ്ദേഹവുമായി അടുപ്പമുള്ള ശ്രോതസ്സുകള്‍ നല്‍കുന്ന സൂചന. ഹൃദയാഘാതമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
ബെര്‍ക്ഷയറിലെ കുടുംബ വീടുമായും, ലണ്ടനിലെ വസതിയിലുമായാണ് ചദ്ദ സമയം വിഭജിച്ചിരുന്നത്. പാര്‍ലമെന്റ് സ്‌ക്വയറിലെ മഹാത്മാ ഗാന്ധി പ്രതിമയ്ക്കായി 2015ല്‍ 100,000 പൗണ്ട് വിവേക് ചദ്ദ സംഭാവന നല്‍കിയിരുന്നു.