പ്ലാന്‍ ബി വിലക്കുകളില്‍ ഉള്‍പ്പെട്ട നിര്‍ബന്ധിത മാസ്‌കും, വര്‍ക്ക് ഫ്രം ഹോമും പോലുള്ള നിബന്ധനകള്‍ ജനുവരി അവസാനത്തോടെ അവസാനിപ്പിക്കാന്‍ ആഗ്രഹവുമായി ബോറിസ് ജോണ്‍സണ്‍. എന്നാല്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതില്‍ നേരിടുന്ന കുറവുകള്‍ പദ്ധതിയെ താമസിക്കുമെന്നാണ് മുന്നറിയിപ്പ്.
ഒമിക്രോണ്‍ വേരിയന്റ് പീക്കിലേക്ക് നീങ്ങുമ്പോള്‍ ദിവസേന രേഖപ്പെടുത്തുന്ന കേസുകള്‍ ലക്ഷത്തിന് മുകളില്‍ തന്നെയാണ്. എന്നാല്‍ മൂന്നാം ഡോസ് എടുക്കുന്നവരുടെ എണ്ണം താഴുകയും ചെയ്തു. ഞായറാഴ്ച 141,495 മൂന്നാം ഡോസ് മാത്രമാണ് ജനം സ്വീകരിച്ചത്. ഡിസംബറില്‍ ഒരു ദിവസം ഒരു മില്ല്യണിന് അടുത്ത് ബൂസ്റ്റര്‍ നല്‍കിയിരുന്ന ഇടത്താണിത്. യോഗ്യരായ മൂന്നിലൊന്ന് ബ്രിട്ടീഷുകാരും ബൂസ്റ്റര്‍ എടുത്തിട്ടില്ല.
ചില മേഖലകളില്‍ വാക്‌സിനെടുക്കുന്നവരുടെ എണ്ണം വളരെ കുറയുന്നതിനാല്‍ ഫൈസര്‍ വാക്‌സിന്‍ സൂക്ഷിക്കാന്‍ കഴിയാതെ പാഴായി പോകുന്ന അവസ്ഥയുണ്ട്. ജനുവരി 26ന് പ്ലാന്‍ നിയമങ്ങള്‍ പുനഃപ്പരിശോധിക്കുമ്പോള്‍ ബൂസ്റ്റര്‍ നിരക്ക് കുറയുന്നത് ഇളവുകള്‍ അനുവദിക്കുന്നത് വൈകിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം ജനുവരി 11 മുതല്‍ ബ്രിട്ടനിലെ പിസിആര്‍ ടെസ്റ്റ് നിയമങ്ങളില്‍ സുപ്രധാന മാറ്റങ്ങളും നിലവില്‍ വരും. ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റില്‍ കൊവിഡ് പോസിറ്റീവാകുന്ന ലക്ഷണങ്ങളില്ലാത്തവര്‍ ഇതിന് പിന്നാലെ പിസിആര്‍ ടെസ്റ്റ് എടുക്കേണ്ടതില്ലെന്നതാണ് പ്രധാന മാറ്റം. അതേസമയം ലക്ഷണങ്ങളുള്ളവര്‍ ഫോളോ-അപ്പ് പിസിആര്‍ ടെസ്റ്റ് നടത്തണം. പിസിആര്‍ ടെസ്റ്റിനായുള്ള ആവശ്യക്കാരുടെ എണ്ണം കുറയ്ക്കുകയാണ് മാറ്റത്തിന്റെ ഉദ്ദേശം.
ഇതിനിടെ രാജ്യത്ത് 142,224 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഏതാനും ദിവസങ്ങളിലെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും കേസ് വര്‍ദ്ധിച്ചത്. 77 പേര്‍ക്ക് കൂടി വൈറസ് ബാധിച്ച് ജീവന്‍ നഷ്ടമായി. കഴിഞ്ഞ ചൊവ്വാഴ്ച 218,724 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് റെക്കോര്‍ഡിട്ട ശേഷമാണ് കേസുകള്‍ കുറയാന്‍ തുടങ്ങിയത്.