CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 33 Minutes 27 Seconds Ago
Breaking Now

മങ്കിപോക്‌സ് പിടിപെട്ട് ബ്രിട്ടനില്‍ കുട്ടി അത്യാഹിത വിഭാഗത്തില്‍! സ്‌മോള്‍പോക്‌സ് ബാക്കിവെച്ച ഇടം നികത്തി പുതിയ വൈറസ്; രോഗത്തെ കുറിച്ച് മൂന്ന് വര്‍ഷം മുന്‍പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് ശാസ്ത്രജ്ഞര്‍; പോക്‌സ് വൈറസുകള്‍ക്കെതിരെ 70% ജനത്തിനും സുരക്ഷയില്ല?

ബ്രിട്ടനില്‍ മങ്കിപോക്‌സ് കേസുകള്‍ ഒറ്റരാത്രി കൊണ്ട് ഇരട്ടിയായിരുന്നു

സ്‌മോള്‍പോക്‌സ് വരുത്തിവെച്ച ഒഴിവ് നികത്തി മങ്കിപോക്‌സ് പടരുമെന്ന് രാജ്യത്തെ ഉന്നത രോഗവിദഗ്ധര്‍. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ട്രോപ്പിക്കല്‍ ഹൈജീന്‍ & മെഡിസിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് ഇത്തരമൊരു മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. സ്‌മോള്‍പോക്‌സിനെ തുടച്ചുനീക്കിയപ്പോള്‍ രൂപപ്പെട്ട വിടവിലാണ് പുതിയ വൈറല്‍ രോഗം പടരുന്നതെന്നാണ് ഇവരുടെ വാദം. 

അതേസമയം യുകെയില്‍ സ്ഥിരീകരിച്ച 20 മങ്കിപോക്‌സ് കേസുകളില്‍ ഒരാളായ കുട്ടി രോഗം മൂലം ആശുപത്രിയില്‍ ചികിത്സയിലുള്ളതായാണ് റിപ്പോര്‍ട്ട്. ട്രോപ്പിക്കല്‍ മേഖലകളായ വെസ്റ്റ്, സെന്‍ഡ്രല്‍ ആഫ്രിക്കയില്‍ കാണപ്പെടുന്ന അപൂര്‍വ്വ വൈറല്‍ ഇന്‍ഫെക്ഷന്‍ രോഗിയുമായി അടുത്ത സമ്പര്‍ക്കത്തില്‍ വരുമ്പോഴാണ് പകരുന്നത്. 

മങ്കിപോക്‌സ് സാധാരണയായി ഗുരുതരമാകാറില്ല, ചികിത്സ ഇല്ലാതെ തന്നെ ഏതാനും ആഴ്ചകള്‍ കൊണ്ട് മിക്ക രോഗികളും രോഗമുക്തി നേടുകയും ചെയ്യും. എന്നാല്‍ നിലവില്‍ പടരുന്ന സ്‌ട്രെയിന്‍ ബാധിക്കുന്ന നൂറിലൊന്ന് രോഗികള്‍ വീതം മരണപ്പെടുന്നുണ്ട്. 2019ല്‍ വിദഗ്ധര്‍ പങ്കെടുത്ത സെമിനാറില്‍ പുതുതലമുറ വാക്‌സിനുകളുടെയും, ചികിത്സകളുടെയും പ്രസക്തി ചൂണ്ടിക്കാണിച്ചിരുന്നതായി സണ്‍ഡേ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1980ല്‍ സ്‌മോള്‍പോക്‌സിനെ ഇല്ലാതാക്കിയിരുന്നു. ഈ വിടവ് മൂലം 70 ശതമാനം വരെ ലോക ജനസംഖ്യയ്ക്കും സ്‌മോള്‍പോക്‌സിന് എതിരെ സുരക്ഷയില്ലെന്ന് വ്യക്തമായിരുന്നു. 

മങ്കിപോക്‌സ് ഉള്‍പ്പെടുന്ന വൈറസ് കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കെതിരെയും ഈ സുരക്ഷ ലഭ്യമല്ല. 2003ലും, 2018, 2019 വര്‍ഷങ്ങളിലും മങ്കിപോക്‌സ് വീണ്ടും റിപ്പോര്‍ട്ട് ചെയ്തത് ഒരു തിരിച്ചുവരവിന്റെ സൂചനയാണ് നല്‍കിയതെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടനില്‍ മങ്കിപോക്‌സ് കേസുകള്‍ ഒറ്റരാത്രി കൊണ്ട് ഇരട്ടിയായിരുന്നു. ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടി അത്യാഹിത വിഭാഗത്തിലാണെന്നാണ് റിപ്പോര്‍ട്ട്. 




കൂടുതല്‍വാര്‍ത്തകള്‍.