തെരുവുനായയുടെ കടിയേറ്റ് പ്രതിരോധ വാക്‌സിന്‍ എടുത്ത ശേഷവും പേവിഷബാധയേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന അഞ്ചര വയസുകാരി മരിച്ചു. മലപ്പുറം പെരുവളൂര്‍ കാക്കത്തടം ചോലക്കല്‍ സല്‍മാന്‍ ഫാരിസിന്റെ മകള്‍ സിയ ഫാരിസിനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ഇന്നലെ രാത്രി ഒന്നേമുക്കാലോടെയാണ് മരിച്ചത്. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
മാര്‍ച്ച് 29ന് മിഠായി വാങ്ങാന്‍ പുറത്ത് പോയപ്പോഴാണ് തെരുവുനായയുടെ കടിയേറ്റത്. തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിരുന്ന കുട്ടിയെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന്, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെത്തിച്ച് ഐ.ഡി.ആര്‍.ബി വാക്‌സിന്‍ നല്‍കി. എന്നാല്‍ പനിയും പേവിഷബാധ ലക്ഷണങ്ങളും കണ്ടതോടെ 23ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ അഡ്മിറ്റ് ചെയ്തു. 26നാണ് പേവിഷബാധ സ്ഥിരീകരിച്ചതെന്ന് മാതൃ ശിശു സംരക്ഷണ കേന്ദ്രം പീഡിയാട്രിക് എച്ച്.ഒ.ഡി ഡോ. വിജയകുമാര്‍ പറഞ്ഞു. പീഡിയാട്രിക് സെക്കന്‍ഡ് യൂണിറ്റ് ചീഫ് ഡോ. മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്‌ല സംഘമാണ് കുട്ടിയെ പരിചരിച്ചത്. രാവിലെ എട്ടുമണിയോട് സംസ്‌കാര ചടങ്ങുകള്‍ നടത്തും.
കുട്ടിയ്ക്ക് തെരുവുനായയുടെ കടിയേറ്റ ദിവസം മറ്റ് അഞ്ച് പേര്‍ക്ക് കൂടി കടിയേറ്റിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവരുടെ രക്ത സാമ്പിള്‍ വീണ്ടും പരിശോധിക്കുമെന്നാണ് വിവരം. തലയ്ക്ക് കടിയേറ്റാല്‍ വാക്‌സിന്‍ എടുത്താലും പേവിഷബാധ ഉണ്ടാകാമെന്ന് മലപ്പുറം ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി ഷുബിന്‍ പറഞ്ഞു. ഇതാണ് അഞ്ചര വയസുകാരിയുടെ മരണത്തിനിടയാക്കിയതെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്.