സിഎംആര്‍എല്ലിന് സേവനം നല്‍കാതെ പണം കൈപ്പറ്റി എന്നു മാധ്യമങ്ങളില്‍ പ്രചരിക്കുന്ന മൊഴി അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍. എസ്എഫ്‌ഐഒക്ക് ഇങ്ങനെ ഒരു മൊഴി താന്‍ നല്‍കിയിട്ടില്ല. താനോ എക്‌സാ ലോജിക്കോ സേവനം നല്‍കാതെ പണം കൈപ്പറ്റിയിട്ടില്ലെന്നും വീണ പറഞ്ഞു.
മാധ്യമങ്ങളില്‍ ഇപ്പോള്‍ ചിലര്‍ പ്രചരിപ്പിക്കുന്ന തരത്തില്‍ ഒരു മൊഴിയും ഞാന്‍ നല്‍കിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ മൊഴി നല്‍കുകയും അത് അവര്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍, ഇപ്പോഴുള്ളത് വാസ്തവ വിരുദ്ധ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും വീണ വിജയന്‍ കുറിപ്പിലൂടെ വ്യക്തമാക്കി.
സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി ഇടപാടില്‍ സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായാണ് എസ്എഫ്‌ഐഒ കുറ്റപത്രം. കുറ്റപത്രത്തിലാണ് എസ്എഫ്‌ഐഒ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതു തള്ളിയാണ് ഇപ്പോള്‍ അവര്‍ രംഗത്തെത്തിയത്.
അതേസമയം, സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ എസ്എഫ്‌ഐഒയ്ക്ക് മൊഴി നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്ന് പങ്കാളിയും മന്ത്രിയുമായ മുഹമ്മദ് റിയാസും പറഞ്ഞു. വാര്‍ത്ത തെറ്റാണെന്നും ഇല്ലാത്ത വാര്‍ത്തയാണ് പുറത്തുവരുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. നല്‍കിയ മൊഴി എന്താണോ അത് ഒപ്പിട്ടുകൊടുത്തിട്ടുണ്ടെന്നും ബാക്കിയൊക്കെ കോടതിയില്‍ നില്‍ക്കുന്ന കാര്യമാണെന്നും വാര്‍ത്ത നല്‍കുന്നവര്‍ക്ക് എന്തും നല്‍കാമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.