ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ടെലിവിഷന്‍ താരം അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരേ സംസാരിച്ചെന്ന കുറ്റം ചുമത്തി കൊട്ടാരക്കര പൊലീസാണ് കേസെടുത്തത്. ബിഎന്‍എസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ അഖില്‍ പ്രവര്‍ത്തിച്ചതായാണ് എഫ്‌ഐആറില്‍ പറയുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് അഖില്‍മാരാര്‍ക്കെതിരേ ബിജെപി കൊട്ടാരക്കര മണ്ഡലം അധ്യക്ഷന്‍ അനീഷ് കിഴക്കേക്കരയാണ് പരാതി നല്‍കിയത്. പഹല്‍ഗാം ആക്രമണത്തിന്റെയും തിരിച്ചടിയുടെയും പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്കിലിട്ട അഖില്‍മാരാരുടെ പോസ്റ്റ് സംബന്ധിച്ചാണ് പരാതി.