പത്തനംതിട്ട കോന്നി ആനക്കൂട്ടിലെ നാലു വയസുകാരന്റെ അപകടമരണത്തെ തുടര്‍ന്ന് നടപടി നേരിട്ട നാലു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. നാലുപേരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടാണ് തിരികെ സര്‍വീസില്‍ പ്രവേശിപ്പിച്ചത്. നടപടിയെടുത്ത് പതിമൂന്നാം ദിവസമാണ് നടപടി പിന്‍വലിച്ചത്.
നാലു വയസ്സുകാരന്റെ മരണത്തില്‍ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കെതിരെ നടപടിയെടുത്തത്. മനുഷ്യ - വന്യജീവി സംഘര്‍ഷം കൂടിവരുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ കുറവ് പരിഗണിച്ച് സസ്‌പെന്‍ഷന്‍ പിന്‍വലിക്കേണ്ടിവന്നതെന്നാണ് വനം വകുപ്പ് വിശദീകരണം.
സുരക്ഷ ഉറപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വരുത്തിയ കടുത്ത അനാസ്ഥയാണ് കോണ്‍ക്രീറ്റ് തൂണ് വീണ് കുട്ടി മരിക്കാന്‍ കാരണമായതെന്നും വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വര്‍വേറ്റര്‍ നടത്തിയ അന്വേഷണത്തില്‍ ഗുരുതര വീഴ്ചയാണ് കണ്ടെത്തിയത്.