ഇംഗ്ലണ്ടിലെ ബേസിംഗ്‌സ്റ്റോക്ക് സെന്റ് അഗസ്റ്റിന്‍സ് സീറോ മലബാര്‍ നിര്‍ദ്ദിഷ്ട മിഷനില്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന മര്‍ത്ത് മറിയത്തിന്റെയും, ഈശോയുടെ ശിഷ്യനും മാര്‍ത്തോമ്മാ നസ്രാണികളുടെ വിശ്വാസതാതനുമായ മാര്‍ തോമാശ്ലീഹായുടെയും, നിര്‍ദ്ദിഷ്ട ഇടവകയുടെ മധ്യസ്ഥനുമായ വിശുദ്ധ അഗസ്തീനോസിന്റെയും, മര്‍ത്ത് അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ 2025 ജൂണ്‍ 14 ശനിയാഴ്ച ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു.
തിരുനാള്‍ ദിവസം ഉച്ചകഴിഞ്ഞ്
2 .30 ന് കൊടിയേറ്റുന്നതോടുകൂടി തിരുനാള്‍ക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് രൂപം ആശിര്‍വ്വദിക്കല്‍, വാഹന വെഞ്ചരിപ്പ് എന്നിവക്കുശേഷം മൂന്നുമണിക്ക് റവ. ഫാ. ജയിന്‍ പുളിക്കല്‍ സി എസ് ടി യുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന ആരംഭിക്കും. റവ.ഫാ. എബിന്‍ കൊച്ചുപുരക്കല്‍ എം എസ് ടി സഹകാര്‍മ്മികനായി തിരുവചന സന്ദേശം നല്‍കും. പരിശുദ്ധ കുര്‍ബാനയ്ക്കുശേഷം നേര്‍ച്ച വെഞ്ചരിപ്പും നടത്തും. തിരുനാളിനോടനുബന്ധിച്ചുള്ള ഉണ്ണിയപ്പം നേര്‍ച്ച ഇവിടുത്തെ പ്രത്യേകതയാണ്.
തുടര്‍ന്ന് നടക്കുന്ന ലദീഞ്ഞിന് ശേഷം തിരുനാള്‍ കൊടികളും സംവഹിച്ച് വാദ്യമേളങ്ങളുടെയും വര്‍ണ്ണ മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് വിശ്വാസികള്‍ അണിചേരുന്ന ഭക്തിസാന്ദ്രമായ തിരുനാള്‍ പ്രദക്ഷിണം ബേസിംഗ്സ്റ്റോക്ക് സീറോ മലബാര്‍ സമൂഹത്തിന്റെ വിശ്വാസ പ്രഘോഷണത്തിന്റെ പ്രതിഫലനമായി മാറും. പ്രദക്ഷിണം തിരികെ ദൈവാലയത്തില്‍ പ്രവേശിച്ചതിനുശേഷം സമാപന ആശീര്‍വ്വാദം നല്‍കും. നിര്‍ദിഷ്ട മിഷന്‍ ഡയറക്ടര്‍ റവ. ഡോ. ബിനോയ് കുര്യന്‍ കൊടിയിറക്കുന്നതോടുകൂടി തിരുക്കര്‍മ്മങ്ങള്‍ അവസാനിക്കും.
തിരുനാള്‍ കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തുന്നവര്‍ക്ക് സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി കണ്ണിനും കാതിനും ആസ്വാദകരമായ വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന കരിമരുന്ന് കലാപ്രകടനങ്ങളും ഉണ്ടായിരിക്കും. കൂടാതെ പ്രശസ്ത മാന്ത്രികനും ബലൂണ്‍ ആര്‍ട്ടിസ്റ്റുമായ മിസ്റ്റര്‍ ട്വിസ്റ്റര്‍ നേതൃത്വം നല്‍കുന്ന ബലൂണ്‍ ട്വിസ്റ്റിംഗ് പ്രോഗ്രാമും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിനോദം പകരുന്നതിനുവേണ്ടി നടത്തുന്നതുമാണ് .
തിരുനാള്‍ ആഘോഷങ്ങളുടെ വിജയത്തിനായി മെന്‍സ് ഫോറം-വുമന്‍സ് ഫോറം കമ്മറ്റി അംഗങ്ങള്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍, കുടുംബകൂട്ടായ്മ ഭാരവാഹികള്‍, പ്രതിനിധിയോഗാംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള വിവിധ കമ്മറ്റികളുടെ തീഷ്ണതയാര്‍ന്ന പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.
തിരുനാള്‍ ദിവസം നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനും അടിമ വയ്ക്കുന്നതിനും അവസരവും ഉണ്ടായിരിക്കുന്നതാണ്.
പരിശുദ്ധ അമ്മയുടെയും വിശുദ്ധരായ തോമാശ്ലീഹായുടെയും അഗസ്തീനോസിന്റെയും അല്‍ഫോന്‍സാമ്മയുടെയും മധ്യസ്ഥം തേടുവാനും ഈ പുണ്യചരിതരുടെ മഹനീയ മാതൃകയില്‍ മിശിഹാനുനുഭവം സ്വന്തമാക്കുവാനും ജീവിതം സ്വര്‍ഗ്ഗ്‌ഗോന്മുഖമായി രക്ഷാകരമാക്കുവാനും ഈ സംയുക്ത തിരുനാള്‍ ആചരണത്തില്‍ പങ്കുചേര്‍ന്ന് ദൈവകൃപയില്‍ പൂരിതരാകുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി നിര്‍ദ്ദിഷ്ട മിഷന്‍ ഡയറക്ടര്‍ റവ ഡോ. ബിനോയ് കുര്യന്‍, കൈക്കാരന്‍മാരായ രാജു തോമസ് അമ്പാട്ട്, റോബിന്‍ ജോസഫ് മുണ്ടുചിറ എന്നിവര്‍ അറിയിച്ചു.
തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ നടക്കുന്ന ദേവാലയത്തിന്റെ വിലാസം:
St. Bede's Catholic Church, Popley Way, Basingstoke, RG24 9DX.
റോബിന്‍ ജോസഫ്