ഏഴാമത് യുക്മ കേരളപൂരം വള്ളംകളിയുടെ ലോഗോ തിരഞ്ഞെടുക്കുവാന്‍ യുക്മ ദേശീയ നിര്‍വ്വാഹക സമിതി മത്സരം സംഘടിപ്പിക്കുകയാണ്. യുകെ മലയാളികള്‍ അയക്കുന്ന ലോഗോകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയായിരിക്കും യുക്മ കേരളപൂരം 2025 വള്ളംകളിയുടെ ഔദ്യോഗിക ലോഗോ. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ലോഗോ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 23 ബുധന്‍ ആണ്. ലോഗോ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ക്യാഷ് അവാര്‍ഡും ഫലകവും സമ്മാനമായി ലഭിക്കുന്നതാണ്. ലോഗോ വിജയിയ്ക്കുള്ള സമ്മാനം വള്ളംകളി വേദിയില്‍ വെച്ച് നല്‍കുന്നതാണ്.
ആഗസ്റ്റ് 30 ശനിയാഴ്ച സൌത്ത് യോര്‍ക്ക്ഷയറിലെ റോഥര്‍ഹാം മാന്‍വേഴ്‌സ് തടാകത്തിലാണ് ഇക്കുറിയും വള്ളംകളി നടക്കുന്നത്. 2019, 2022, 2023, 2024 വര്‍ഷങ്ങളില്‍ യുക്മ കേരളപൂരം വള്ളംകളി വളരെ വിജയകരമായി സംഘടിപ്പിക്കപ്പെട്ടത് പ്രകൃതി രമണീയവും വിശാലവുമായ മാന്‍വേഴ്‌സ് തടാകത്തില്‍ തന്നെയായിരുന്നു. യുക്മ കേരളപൂരം വള്ളംകളിക്ക് തുടക്കം കുറിച്ച 2017 ല്‍ വാര്‍വിക്ക്ഷയറിലെ റഗ്ബി ഡ്രേക്കോട്ട് തടാകത്തിലും 2018 ല്‍ ഓക്‌സ്‌ഫോര്‍ഡിലെ ഫാര്‍മൂര്‍ റിസര്‍വോയറിലുമാണ് വള്ളംകളി നടന്നത്.
യുക്മ കേരളപൂരം വള്ളംകളി 2024 വീക്ഷിക്കുവാന്‍ എണ്ണായിരത്തിലധികം കാണികള്‍ എത്തിച്ചേര്‍ന്നിരുന്നു. 32 പുരുഷ ടീമുകളും 16 വനിത ടീമുകളും മത്സരിക്കുവാന്‍ എത്തുന്ന ഈ വര്‍ഷം പതിനായിരത്തിലധികം കാണികള്‍ മത്സരങ്ങള്‍ കാണുവാനും കലാ പരിപാടികള്‍ ആസ്വദിക്കുവാനുമായി എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി യുക്മ കേരളപൂരം വള്ളംകളി 2025 ന്റെ ജനറല്‍ കണ്‍വീനര്‍ ഡിക്‌സ് ജോര്‍ജ്ജ് അറിയിച്ചു. മാന്‍വേഴ്‌സ് തടാകക്കരയിലും അനുബന്ധ പാര്‍ക്കുകളിലുമായി പതിനായിരത്തിലധികം കാണികളെ ഉള്‍ക്കൊള്ളുന്നതിനുള്ള സൌകര്യമുണ്ട്. വള്ളംകളി മത്സരം നടക്കുന്ന തടാകത്തിന്റെ ഏത് കരയില്‍ നിന്നാലും തടസ്സമില്ലാതെ മത്സരങ്ങള്‍ കാണുന്നതിനുള്ള സൌകര്യമുണ്ട്.
പ്രധാന സ്റ്റേജ്, ഭക്ഷണശാലകള്‍, വിവിധ ബിസിനസ്സ് സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ എന്നിവ തടാകത്തിന് ചുറ്റുമുള്ള പുല്‍ത്തകിടികളില്‍ ആയിരിക്കും ഒരുക്കുന്നത്. ഒരേ സ്ഥലത്ത് നിന്ന് തന്നെ വള്ളംകളി മത്സരങ്ങളും പ്രധാന സ്റ്റേജിലെ കലാ പരിപാടികളും തടസ്സം കൂടാതെ തന്നെ കാണുന്നതിനുള്ള സൌകര്യമുണ്ട്. സ്‌കൂള്‍ അവധിക്കാലത്ത് ഒരു ദിവസം മുഴുവനായി ആസ്വദിക്കുവാനും മലയാളികളുടെ പ്രിയപ്പെട്ട കായിക വിനോദമായ വള്ളംകളി മത്സരങ്ങള്‍ വീക്ഷിക്കുവാനുമുള്ള അവസരമാണ് യുക്മ കേരളപൂരം വള്ളംകളി ഒരുക്കുന്നത്.
വളരെ വിശാലമായ പാര്‍ക്കിംഗ് സൌകര്യം മാന്‍വേഴ്‌സ് തടാകത്തിനോട് അനുബന്ധിച്ചുണ്ട്. മൂവായിരത്തിലധികം കാറുകള്‍ക്കും നൂറിലധികം കോച്ചുകള്‍ക്കും പാര്‍ക്ക് ചെയ്യുന്നതിനുള്ള സൌകര്യം ഉണ്ടായിരിക്കുന്നതാണ്.
യുക്മ കേരളപൂരം വള്ളംകളി 2025 മത്സരം കാണുന്നതിന് മുന്‍കൂട്ടി അവധി ബുക്ക് ചെയ്ത് റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് തടാകക്കരയിലേക്ക് എത്തിച്ചേരുവാന്‍ മുഴുവന്‍ യുകെ മലയാളികളെയും യുക്മ ദേശീയ സമിതി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ എന്നിവര്‍ അറിയിച്ചു.
യുക്മ കേരളപൂരം വള്ളംകളി 2025 ലോഗോ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ secretary.ukma@gmail.com എന്ന വിലാസത്തിലേക്കാണ് ലോഗോകള്‍ അയച്ച് തരേണ്ടത്.
യുക്മ കേരളപൂരം വള്ളംകളി 2025 സ്‌പോണ്‍സര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്:-
അഡ്വ. എബി സെബാസ്റ്റ്യന്‍ - 07702862186
ജയകുമാര്‍ നായര്‍ - 07403223066
ഡിക്‌സ് ജോര്‍ജ്ജ് - 07403312250
കുര്യന്‍ ജോര്‍ജ്ജ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)