പീറ്റര്‍ബൊറോ: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിക്കാന്‍ ഇടയായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളുട അനാസ്ഥയിലും തെരച്ചില്‍ വൈകിപ്പിച്ച ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നടപടിയിലും പ്രതിഷേധിച്ച് ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ പീറ്റര്‍ബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'പ്രതിഷേധ ജ്വാല' സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കുള്ള ശക്തമായ താക്കീതായി. ദുരന്തത്തില്‍ മരണപ്പെട്ട ബിന്ദുവിന്റെ കുടുംബസഹായാര്‍ത്ഥം സ്വരൂപിക്കുന്ന 'സഹായ നിധി'യുടെ ഉദ്ഘാടനവും പരിപാടിയുടെ ഭാഗമായി നടന്നു.
ശ്രീമതി. ബിന്ദുവിന് അനുശോചനം അറിയിച്ചുകൊണ്ട് ആരംഭിച്ച പരിപാടി കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ നാട്ടകം സുരേഷ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഐ ഒ സി (യുകെ) കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ്, പീറ്റര്‍ബൊറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, പരിപാടിയുടെ കോര്‍ഡിനേറ്ററും യൂണിറ്റ് ജനറല്‍ സെക്രട്ടറിയുമായ സൈമണ്‍ ചെറിയാന്‍, യൂണിറ്റ് ട്രഷറര്‍ ജെനു എബ്രഹാം തുടങ്ങിയവര്‍ 'പ്രതിഷേധ ജ്വാല'യില്‍ പങ്കെടുത്തു സംസാരിച്ചു. വൈസ് പ്രസിഡന്റ് ബേബിക്കുട്ടി ജോര്‍ജ്, സ്‌കോട്ട്‌ലന്റ്യൂണിറ്റ് പ്രസിഡന്റ് മിഥുന്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി പങ്കെടുത്തു സംസാരിച്ചു.
പ്രതിഷേധ സൂചകമായി തെളിച്ച ദീപങ്ങള്‍ കൈകളിലേന്തി സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യമന്ത്രിയുടെയും കെടുകാര്യസ്ഥതയ്ക്കും അനാസ്ഥയ്ക്കെതിരെയുമുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് വനിതാ പ്രവര്‍ത്തകര്‍ അടങ്ങുന്ന ഐ ഒ സി (യു കെ) സംഘം 'പ്രതിഷേധ ജ്വാല' സംഘടിപ്പിച്ചത്. മനുഷ്യജീവനെ പന്താടുന്ന നയം സര്‍ക്കാര്‍ തുടര്‍ന്നാല്‍ പ്രതിഷേധം കൂടുതല്‍ കനക്കുമെന്നും 'പ്രതിഷേധ ജ്വാല' തീ പന്തമായിമാറുമെന്ന താക്കീതും സംഘം നല്‍കി.
പരിപാടികളില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈനായി പങ്കെടുക്കുന്നതിനുള്ള സാഹചര്യം സംഘാടകര്‍ ഒരുക്കിയിരുന്നു.
പരിപാടിയോടാനുബന്ധിച്ച് ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ പീറ്റര്‍ബൊറോ യൂണിറ്റിന്റെ ഭാരവാഹികള്‍ ഔദ്യോഗികമായി ചുമതലയേറ്റു.
നേരത്തെ ഒ ഐ സി സിയുടെ ബാനറില്‍ പ്രവര്‍ത്തിച്ചിരുന്ന പീറ്റര്‍ബൊറോ യൂണിറ്റ് കഴിഞ്ഞ ദിവസം നടന്ന ഔദ്യോഗിക പ്രഖ്യാപനത്തോടെ ഐ ഒ സി യൂണിറ്റായി മാറ്റപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ് അധ്യക്ഷത വഹിച്ചു. ചുമതല ഏല്‍പ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക പത്രം കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഭാരവാഹികള്‍ക്ക് കൈമാറി. കേരള ചാപ്റ്റര്‍ മിഡ്‌ലാന്റസ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും പീറ്റര്‍ബൊറോ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍.
യൂണിറ്റ് ജനറല്‍ സെക്രട്ടറി സൈമണ്‍ ചെറിയന്‍, വൈസ് പ്രസിഡന്റ് ജിജി ഡെന്നി, ട്രഷറര്‍ ജെനു എബ്രഹാം, ജോയിന്റ് സെക്രട്ടറി സിബി അറക്കല്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം, ജോബി മാത്യു, അംഗങ്ങളായ ഡെന്നി ജേക്കബ്, ആഷ്ലി സൂസന്‍ ഫിലിപ്പ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.