CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 41 Seconds Ago
Breaking Now

ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയ്ക്കിടയില്‍ മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റ സംഭവത്തില്‍ പ്രതിക്ക് 34 വര്‍ഷം പരോളില്ലാതെ ജയില്‍ശിക്ഷ; ഒന്‍പത് വയസ്സുകാരി ലിസേല്‍ മേരിയുടെ ജീവിതം ഇപ്പോഴും ദിശയില്ലാതെ തുടരുന്നു; പാട്ടും, ഡാന്‍സും നിറഞ്ഞ മകളുടെ ജീവിതത്തില്‍ ഇപ്പോള്‍ അന്ത്യമില്ലാത്ത ചികിത്സകളെന്ന് വെളിപ്പെടുത്തി അമ്മ

റീലിയെ വെടിവെപ്പിനായി 40,000 പൗണ്ട് നല്‍കി ക്വട്ടേഷന്‍ നല്‍കിയത് ആരെന്ന് വെളിപ്പെടുത്താന്‍ ഇയാള്‍ വിസമ്മതിച്ചു

ലണ്ടനില്‍ മലയാളി പെണ്‍കുട്ടി ലിസേല്‍ മേരിക്ക് വെടിയേറ്റ സംഭവത്തിലെ പ്രതിക്ക് ചുരുങ്ങിയത് 34 വര്‍ഷം പരോളില്ലാത്ത ജയില്‍വാസം വിധിച്ച് കോടതി. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയുടെ ഭാഗമായി നടന്ന വെടിവെപ്പിലാണ് മാതാപിതാക്കള്‍ക്കൊപ്പം റെസ്റ്റൊറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മലയാളി പെണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റത്. വെടിയുണ്ട ലിസേല്‍ മേരിയുടെ തലച്ചോറിലാണ് തുളച്ചുകയറിയത്. 

33-കാരനായ ജാവോണ്‍ റീലി കുറ്റക്കരനാണെന്ന് കോടതി കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു. കഴിഞ്ഞ മേയ് മാസത്തിലാണ് ഡാല്‍സ്റ്റണ്‍ കിംഗ്‌സ്‌ലാന്‍ഡ് ഹൈസ്ട്രീറ്റിലെ റെസ്‌റ്റൊറന്റില്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് നേരെ ബൈക്കിലെത്തിയ ജാവോണ്‍ റീലി വെടിയുതിര്‍ത്തത്. ഇതിലൊരു ബുള്ളറ്റാണ് ഒന്‍പത് വയസ്സുകാരി ലിസേലിന്റെയും, ഇവരുടെ കുടുംബത്തിന്റെയും ജീവിതം മാറ്റിമറിച്ചത്.

ഗുണ്ടാസംഘത്തില്‍ പെട്ട മുസ്തഫ കിസില്‍ട്ടന്‍, കീനാന്‍ അയ്‌ഡോഗ്ഡു, നാസര്‍ അലി എന്നിവരെ വധിക്കാന്‍ ശ്രമിച്ച കേസിലും റീലിയ്ക്ക് ശിക്ഷ ലഭിച്ചു. എന്നാല്‍ ഈസ്റ്റ് ലണ്ടനില്‍ നടന്ന വെടിവെപ്പിന് ഉപയോഗിച്ച ആയുധധാരിയെയോ, ആയുധമോ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. 

റീലിയാണ് വെടിവെപ്പിന് പദ്ധതിയിട്ടതും ആളെ കൂട്ടിവന്ന് നടപ്പാക്കിയതുമെന്ന് കോടതി ചൂണ്ടിക്കാണിച്ചു. രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയുടെ ഭാഗമായിരുന്നു അക്രമം. എന്നാല്‍ ഇതിനിടയില്‍ പെട്ട് ജീവിതം മാറിമറിഞ്ഞ അവസ്ഥയാണ് പറവൂര്‍ ഗോതുരുത്ത് സ്വദേശികളായ അജീഷ്-വിനയ ദമ്പതികളുടെ മകള്‍ ലിസേലിന്റേത്. 

'മകള്‍ ഇപ്പോള്‍ സന്തോഷമായി ഇരിക്കുന്നുണ്ടെങ്കിലും സുഹൃത്തുക്കള്‍ ചെയ്യുന്നതൊന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. അവളുടെ ഭാവിയെ സംബന്ധിച്ച് ആശങ്കയുണ്ട്. പാട്ടും, നൃത്തവുമെല്ലാം സ്വപ്‌നം കണ്ട അവള്‍ക്കായി ഇപ്പോള്‍ തെറാപ്പി സെഷനുകളും, ആശുപത്രി അപ്പോയിന്റ്‌മെന്റുകളും, നിലനില്‍പ്പിനുള്ള കാര്യങ്ങളിലുമാണ് ശ്രദ്ധിക്കേണ്ടി വരുന്നത്', വിക്ടിം സ്റ്റേറ്റ്‌മെന്റില്‍ പെണ്‍കുട്ടിയുടെ അമ്മ വ്യക്തമാക്കി. 

അതേസമയം റീലിയെ വെടിവെപ്പിനായി 40,000 പൗണ്ട് നല്‍കി ക്വട്ടേഷന്‍ നല്‍കിയത് ആരെന്ന് വെളിപ്പെടുത്താന്‍ ഇയാള്‍ വിസമ്മതിച്ചു. തന്റെയും, കുടുംബത്തിന്റെയും ജീവനില്‍ ആശങ്കയുള്ളതിനാല്‍ ഇത് പറയാന്‍ കഴിയില്ലെന്നാണ് റീലി അറിയിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.