
















15 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ നടി മഹി വിജും നടന്‍ ജയ് ഭാനുശാലിയും വേര്‍പിരിയുന്നു. 2010ല്‍ വിവാഹിതരായ ഇരുവര്‍ക്കും മൂന്ന് മക്കളുണ്ട്. നേരത്തെ ഇവരുടെ ദാമ്പത്യ ജീവിതത്തില്‍ വിള്ളല്‍ വന്നതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇരുവരും അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും ഒന്നിച്ചുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തതോടെയാണ് ഇരുവരും വിവാഹമോചിതരാകുന്നുവെന്ന അഭ്യൂഹം ശക്തമായത്.
ജൂലൈ-ഓഗസ്റ്റ് മാസത്തോടെ ഇരുവരും വിവാഹമോചന കരാറില്‍ ഒപ്പ് വച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. കുട്ടികളുടെ സംരക്ഷണച്ചുമതലയും ഇരുവരും തീരുമാനിച്ചു കഴിഞ്ഞു എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷമാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം അവസാനം പങ്കുവച്ചത്. ഒന്നിച്ചുള്ള ചില ചിത്രങ്ങള്‍ ഇരുവരും നീക്കം ചെയ്തിട്ടുണ്ട്. എങ്കിലും ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും ഫോളോ ചെയ്യുന്നുണ്ട്. ഇരുവരുടെയും പേജുകളില്‍ മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് കൂടുതലും.
വിവാഹമോചന വാര്‍ത്തകള്‍ എത്തുന്നുണ്ടെങ്കിലും മഹിയോ ജയ്യോ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമാണ് മഹിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ഇതിനൊപ്പം നിഗൂഢമായൊരു പോസ്റ്റും മഹി പങ്കുവച്ചിട്ടുണ്ട്. ''നമ്മള്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുന്ന കാര്യങ്ങള്‍ വാങ്ങാന്‍ പണം ഉണ്ടാകട്ടെ'' എന്നാണ് മഹിയുടെ കുറിപ്പ്. മകള്‍ക്കൊപ്പം പഴയ സിനിമ കണ്ട് സമയം ചിലവിടുന്ന ചിത്രവും വീഡിയോയുമാണ് ജയ് പങ്കുവച്ചിരിക്കുന്നത്.