ദീപാവലി റിലീസുകള്‍ തമിഴ്നാട്ടിലും കേരളത്തിലും ഒരു വലിയ ആഘോഷം തന്നെയാണ്. പക്ഷേ ഇത്തവണ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ പാകത്തിനുള്ള സിനിമകള്‍ റിലീസ് ചെയ്തില്ല എന്ന പരാതിയിലാണ് പ്രേക്ഷകര്‍. ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമ എങ്കിലും ദീപാവലിക്ക് റിലീസ് ചെയ്തിരുന്ന തമിഴ് സിനിമ ലോകം ഇത്തവണ റിലീസ് ചെയ്ത മൂന്ന് സിനിമകളും പുതു തലമുറയിലെ നടന്മാരായ പ്രദീപ് രംഗനാഥന്‍, ധ്രുവ് വിക്രം, ഹരീഷ് കല്യാണ്‍ എന്നിവരുടെ ചിത്രങ്ങളാണ്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിജയ്‌യുടെയും അജിത്തിന്റെയും ദീപാവലി റിലീസുകള്‍ ഒരു വലിയ ആഘോഷമാക്കി മാറ്റിയ ആരാധകര്‍ ഇന്ന് ആശങ്കയിലാണ്. കത്തി, മെര്‍സല്‍, ബിഗില്‍, ലിയോ എന്നീ ചിത്രങ്ങള്‍ ദീപാവലി റിലീസ് ആയി എത്തി ആരാധകരെ ആവേശത്തിലാക്കിയ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നത്. അതുപോലെ അജിത്തിന്റെ സിനിമകളുടെ ആഘോഷവും തിയേറ്റര്‍ വീഡിയോസും ട്രെന്‍ഡിങ്ങിലാണ്. മെര്‍സല്‍ റീ റിലീസ് എങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന അഭ്യര്‍ത്ഥനയാണ് ആരാധകര്‍ പങ്കുവെക്കുന്നത്.