
















മുന്‍പ് ലിസ് ട്രസ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ സംഭവിച്ച അബദ്ധങ്ങള്‍ക്ക് വന്‍തോതില്‍ അവരെ കളിയാക്കി പരിഹസിച്ചവരാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്. എന്നാല്‍ കസേര കിട്ടിയതോടെ കളിമാറുകയും, എന്താണ് ചെയ്യേണ്ടതെന്ന് പോലും സ്വയം അപഹാസ്യരാവുകയും ചെയ്യുന്ന കാഴ്ചയാണുള്ളത്. മിനിറ്റ് വെച്ച് മറ്റുള്ളവരെ കുറ്റം പറഞ്ഞിരുന്ന റേച്ചല്‍ റീവ്‌സിന് ഇപ്പോള്‍ സ്വന്തം വഴിയെ കുറിച്ച് പോലും വ്യക്തതയില്ലാത്ത അവസ്ഥയാണ്.
ഇന്‍കം ടാക്‌സ് പദ്ധതി ഉള്‍പ്പെടെ ബജറ്റിന് ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോള്‍ പിന്‍വലിക്കേണ്ട വന്ന റീവ്‌സ് രാജ്യത്തെ മറ്റൊരു മോശം അവസ്ഥയിലേക്ക് നയിക്കുമെന്നാണ് ആശങ്ക. പ്രകടനപത്രിക ലംഘിക്കാന്‍ ആഴ്ചകള്‍ നീണ്ട ഒരുക്കം നടത്തിയ ശേഷം ഇതില്‍ നിന്നും പിന്‍വാങ്ങിയതോടെ സാമ്പത്തിക വിപണികള്‍ അനിശ്ചിതത്വം നേരിടുകയാണ്.
മുന്‍പ് പ്രതീക്ഷിച്ചതിലും കുറവ് ധനക്കമ്മി നേരിട്ടാല്‍ മതിയെന്ന് വന്നതോടെയാണ് ഇത് ഒഴിവാക്കിയതെന്നാണ് ഇപ്പോള്‍ പറയുന്ന ന്യായം. എന്നാല്‍ നം.10-ല്‍ കീര്‍ സ്റ്റാര്‍മറുടെയും, ട്രഷറിയില്‍ ചാന്‍സലറുടെയും കസേരകള്‍ക്ക് ഇളക്കം തട്ടുമെന്ന് വ്യക്തമായതോടെയാണ് പദ്ധതി ഒഴിവാക്കേണ്ടി വന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രത്യേകിച്ച് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ലംഘിച്ചാല്‍ അത് സ്വന്തം എംപിമാരില്‍ നിന്ന് തിരിച്ചടിക്ക് കാരണമാകുമെന്ന് ഉറപ്പായിരുന്നു. കൂടാതെ വെസ് സ്ട്രീറ്റിംഗ് ലേബര്‍ നേതൃസ്ഥാനം പിടിക്കാനായി പിന്നണിയില്‍ നീക്കം നടത്തുന്നുവെന്ന് സ്റ്റാര്‍മറുടെ ഭാഗത്ത് നിന്നും സൂചനകളുണ്ടായി. ഇത് ആഭ്യന്തര പോരിലേക്ക് നയിക്കുമെന്ന് തിരിച്ചറിഞ്ഞ് നടത്തിയ പിന്‍മാറ്റം ജനങ്ങള്‍ക്ക് കൂടുതല്‍ ആശങ്കയായി മാറുകയാണ്.