CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 43 Minutes 54 Seconds Ago
Breaking Now

യു.കെ.യില്‍ വിവിധ വിശ്വാസ സംവാദം: കൂട്ടായ പ്രവര്‍ത്തനത്തിനുള്ള പുതിയ ആഹ്വാനം

യുകെയിലെ ധാര്‍മ്മികസംഘടനകള്‍ സമൂഹത്തില്‍ വഹിക്കുന്ന പങ്കിനെ പുനഃപരിശോധിച്ച വിവിധവിശ്വാസ സംവാദം ചരിത്രപ്രസിദ്ധമായ കൂംബ് ആബിയില്‍ നടന്നു. സിറോ മലങ്കര കത്തോലിക്ക സഭയുടെ (SMCC) യുകെയിലെ മിഷന്റെ അപ്പോസ്‌തോലിക് വിസിറ്റേറ്റര്‍ നടത്തിയ ഉദ്ഘാടന വിളംബരത്തോടനുബന്ധിച്ചാണ് ഈ സംവാദസംഗമം സംഘടിപ്പിച്ചത്. ഉയര്‍ന്നുവരുന്ന സാമൂഹ്യവൈഷമ്യങ്ങളും സമൂഹത്തിലെ മൂല്യച്യുതിയും നേരിടുന്ന സാഹചര്യത്തില്‍ ഐക്യത്തിന്റെയും പ്രത്യാശയുടെയും സന്ദേശം ഉയര്‍ത്തിക്കാട്ടുക എന്നതായിരുന്നു ലക്ഷ്യം

ഡോ അനുജ് മാത്യു നയിച്ച സംവാദത്തില്‍  ഡോ. അബ്ദുള്ള ഷേഹു MBE (ചെയര്‍മാന്‍, കോവന്‍ട്രി മുസ്ലിം ഫോറം), പാറശാലയുടെ മെത്രാന്‍ മോസ്റ്റ് റവ. ഡോ. തോമസ് മാര്‍ യൂസോബിയോസ്  (SMCC), ശ്രീ. ഹരിപ്രസാദ് (പ്രസിഡന്റ്, ISKCON കോവന്‍ട്രി) തുടങ്ങിയവര്‍ സംസാരിച്ചു. സ്ഥിരമായ സമ്മിശ്രവിശ്വാസഇടപെടലുകള്‍, സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പീഡിതര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കുമായി കൂടുതല്‍ ശക്തമായ സഹായസംവിധാനം, യുവജനങ്ങളുമായി കൂടുതല്‍ വ്യക്തതയാര്‍ന്ന ആശയവിനിമയം, ആത്മീയവും രാഷ്ട്രീയവുമായ നേതൃത്വങ്ങള്‍ തമ്മിലെ അച്ചടക്കമുള്ള സഹകരണം എന്നിവയുടെ അനിവാര്യതയെപ്പറ്റി സംവാദത്തില്‍ ചൂണ്ടിക്കാട്ടപ്പെട്ടു.

വിശ്വാസസമൂഹങ്ങള്‍ സമാധാനത്തിന്റെ ദൂതരായി പ്രവര്‍ത്തിക്കുകയും, തങ്ങളുടെ ആചാരപരമ്പര്യങ്ങളെ വിനയത്തോടെ ഉയര്‍ത്തിക്കാട്ടുകയും, വൈവിധ്യത്തെ ഒരു സാമൂഹ്യഘടകമെന്നതിലുപരി, ഒരു ദര്‍ശനമായി സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും, സമൂഹനിര്‍മ്മാണത്തിലും വിദ്യാഭ്യാസത്തിലും നയരൂപീകരണത്തിലും ധാര്‍മ്മിക മൂല്യങ്ങള്‍ വഹിക്കുന്ന നിര്‍ണായക പങ്കിനെപ്പറ്റിയും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഊന്നിപ്പറഞ്ഞു.

സിറോ മലങ്കര കത്തോലിക്കാസഭയുടെ തലവന്‍, ഹിസ് ബീറ്റിറ്റിയൂഡ് എമിനന്‍സ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ്, യുകെ, യൂറോപ്പുകളുടെ ചുമതലയ്ക്കായി നിയമിതനായ ഹിസ് ഗ്രേസ് മോസ്റ്റ് റവ. ഡോ. കുറിയാക്കോസ് മാര്‍ ഒസ്താത്തിയോസിനെ സ്വാഗതം ചെയ്താരംഭിച്ച തന്റെ ഉദ്ഘാടനപ്രസംഗത്തില്‍, വിവിധസമുദായങ്ങള്‍ തമ്മിലുള്ള മനസ്സിലാക്കലിനും അവരവരുടെ വിശ്വാസങ്ങളിലേക്കുള്ള വാതില്‍തുറക്കുന്നതുമാണ് ഇത്തരം സംവാദങ്ങളുടെ പ്രസക്തിയെന്ന് സൂചിപ്പിച്ചു. ഇങ്ങനെയുള്ള ആത്മീയനവീകരണം പുതുതലമുറയെ വിവിധ മതപരമ്പര്യങ്ങളുടെയും അവരുടെ മൂല്യങ്ങളുടെയും ആഴത്തിലുള്ള ബോദ്ധ്യത്തിലേക്കും നയിക്കും.

ആഷ്‌ഫോര്‍ഡിലെ എംപി ശ്രീ. സോജന്‍ ജോസഫ്, കോവന്‍ട്രി ഡെപ്യൂട്ടി ലോഡ് മേയര്‍ റോജര്‍ ബെയ്‌ലി എന്നിവര്‍ ഉള്‍പ്പെടെയുള്ള പൗരപ്രതിനിധികള്‍ ഈ പുതുസംരംഭത്തെ അഭിനന്ദിച്ചു. അന്തര്‍ധാര്‍മ്മിക സംവാദത്തെ ആസ്പദമാക്കി സ്വന്തംമിഷന്റെ ഉദ്ഘാടനം നടത്താനുള്ള സഭയുടെ തീരുമാനവും അവര്‍ സ്വാഗതം ചെയ്തു.

യഹൂദ റീഫോം മൂവ്‌മെന്റ്, സാല്‍വേഷന്‍ ആര്‍മി എന്നിവയുള്‍പ്പെടെയുള്ള കോവന്‍ട്രിയിലെ നിരവധി മതസമൂഹ നേതാക്കള്‍ ഈ സംഗമത്തില്‍ പങ്കെടുത്തു സംസാരിച്ചു.വൈവിധ്യമാര്‍ന്ന മതഗ്രൂപ്പുകള്‍ അവരുടെ സ്വന്തമായ പാരമ്പര്യവും വിശ്വാസവും സംരക്ഷിക്കുമ്പോഴും കരുണയോടെയും ഐക്യബോധത്തോടെയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ മഹത്വം ഈ യോഗം തെളിയിച്ചുവെന്ന് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് UK-ലെ അലക്‌സ് പാന്തേലി പറഞ്ഞു. സംവാദത്തിലെ വൈവിദ്ധ്യമാര്‍ന്ന പങ്കാളിത്തം പരസ്പരബന്ധങ്ങളും മനസ്സിലാക്കലുകളും ശക്തിപ്പെടുത്തിയതായി വിലയിരുത്തപ്പെട്ടു.

സാമൂഹ്യസേവനത്തിലും സാമൂഹിക ഐക്യത്തിലും സഭ പുലര്‍ത്തുന്ന ദീര്‍ഘകാല പ്രതിബദ്ധതയെ ഓര്‍മ്മിപ്പിക്കുന്ന ഇത്തരം തുടര്‍ച്ചയായ സംവാദങ്ങള്‍ക്കും സഹകരണത്തിനും വീണ്ടുമൊരുമിക്കാമെന്നുള്ള വാഗ്ദാനത്തോടെ മനോഹരമായ സായാഹ്നം സമാപിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.