
















ലണ്ടന്‍: യുകെയിലെ സ്ഥിരതാമസ യോഗ്യതയില്‍ വരാനിരിക്കുന്ന വലിയ മാറ്റങ്ങള്‍, സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലുള്ള മലയാളികളുള്‍പ്പെടെയുള്ള കുടിയേറ്റക്കാരെ നേരിട്ട് ബാധിക്കുന്ന സാഹചര്യത്തില്‍, വ്യക്തത കൈവരിക്കുന്നതിനും, പൊതുസമൂഹത്തില്‍ ഉയരുന്ന ആശങ്കകള്‍ പരിഹരിക്കാനും, യുക്തമായ നടപടികള്‍ സ്വീകരിക്കാനും ഐ ഓ സി (യുകെ) - കേരള ചാപ്റ്റര്‍ മിഡ്ലാന്‍ഡ്‌സ് ഏരിയയുടെ ആഭിമുഖ്യത്തില്‍ ഒരു അടിയന്തര ഓണ്‍ലൈന്‍ 'സൂം' സെമിനാര്‍ സംഘടിപ്പിക്കുന്നു. യുകെയില്‍ അനിശ്ചിതമായി താമസിച്ചു ജോലി ചെയ്യാനുമുള്ള അവകാശവും, ഒരു വര്‍ഷത്തിനുശേഷം ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കാനുള്ള യോഗ്യത തുടങ്ങിയ സമാന അവകാശങ്ങള്‍ തടയുകയും, വിസകള്‍ പുതുക്കുന്നതിന് വരുത്തുന്ന നിയന്ത്രങ്ങള്‍ എന്നീ കുടിയേറ്റ നിയമത്തിലെ പുതിയ നയങ്ങള്‍ ഏറെ സ്വപ്നങ്ങളുമായി എത്തിയവരുടെമേല്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും.
പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ILR ലഭിക്കുന്നതിനുള്ള നിലവിലെ 5 വര്‍ഷത്തെ കാലാവധി 10 വര്‍ഷമോ, അതിലധികമോ ആയി ഉയര്‍ത്തപ്പെടുവാന്‍ സാധ്യതയുള്ളതിനാല്‍, വ്യാപകമായ ആശങ്കകളും ആശയക്കുഴപ്പങ്ങളും കുടിയേറ്റക്കാര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാരിന്റെ കണ്‍സള്‍ട്ടേഷന്‍ ഉടന്‍ പുറത്തുവരാനിരിക്കുന്നതോടെ സമൂഹത്തെ ബോധവല്‍ക്കരിക്കുകയും, വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി, യു കെ യിലെ സാമൂഹിക - രാഷ്ട്രീയ - നിയമ മേഖലയിലെ പ്രമുഖരെ അണിനിരത്തിക്കൊണ്ടാണ് ഐ ഓ സി (യുകെ) - കേരള ചാപ്റ്റര്‍ മിഡ്ലാന്‍ഡ്‌സ് ഏരിയയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നത്.
വിദഗ്ധരും, നിയമപണ്ഡിതരുമായ പാനലിസ്റ്റുകളാവും സെമിനാര്‍ നയിക്കുക. കേംബ്രിഡ്ജ് പാര്‍ലിമെന്റ് മെമ്പര്‍ ഡേവീസ് സെയ്ച്ചനര്‍, മുന്‍ കേംബ്രിഡ്ജ് മേയറും, ഐഒസി ലീഗല്‍ അഡൈ്വസറുമായ അഡ്വ. കൗണ്‍സിലര്‍ ബൈജു തിട്ടാല, കൗണ്‍സിലര്‍ ബേത് ഗാര്‍ഡിനെര്‍ സ്മിത്ത്, (സീനിയര്‍ പോളിസി അസോസിയേറ്റ്, ഫ്യൂച്ചര്‍ ഗവേണന്‍സ് ഫോറം) തുടങ്ങിയ പ്രമുഖരാവും സെമിനാറിന്റെ പാനലിലുണ്ടാവുക.
ഓണ്‍ലൈന്‍ സെമിനാറില്‍ പ്രധാനമായും പുതിയ ILR/PR നിര്‍ദ്ദേശങ്ങളുടെ സംക്ഷിപ്ത വിശദീകരണം,സ്‌കില്‍ഡ് വര്‍ക്കര്‍, ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍, ആശ്രിതര്‍ എന്നിവരെ പുതിയ നിയമത്തില്‍ എങ്ങനെ ബാധിക്കപ്പെടും, കണ്‍സള്‍ട്ടേഷനില്‍ അഭിപ്രായം രേഖപ്പെടുത്തുന്ന മാര്‍ഗങ്ങള്‍, നിയമ-രാഷ്ട്രീയ തലത്തിലുള്ള നടപടികള്‍, അവ എങ്ങിനെ ശക്തവും, ശ്രദ്ധേയവുമായി പാര്‍ലിമെന്റില്‍ എത്തിക്കാം എന്നീ വിഷയങ്ങളിലാവും
മുഖ്യമായും സെമിനാറില്‍ പ്രദിപാദിക്കുക.
നവംബര്‍ 30 ന് ഞായറാഴ്ച്ച വൈകുന്നേരം 3:30 ന് 'സൂം' പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്ന സുപ്രധാനമായ സെമിനാറില്‍ പങ്കുചേരുവാനും, അടിയന്തിര പ്രാധാന്യത്തോടെ സംഘടിപ്പിക്കുന്ന പ്രസ്തുത മീറ്റിങ്ങിനെ പരമാവധി ആള്‍ക്കാരിലെത്തിക്കുവാനും, ആശങ്കകളിലായിരിക്കുന്ന സഹോദരങ്ങള്‍ക്ക് കൈത്താങ്ങാകുവാന്‍ യു കെ യില്‍ സ്ഥിരതാമസമാക്കിയിട്ടുള്ളവരുടെ നിര്‍ലോഭമായ പിന്തുണ അഭ്യര്ഥിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.
Appachan Kannanchira