
















യുക്മ, യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് - ഇന്‍ഷ്വറന്‍സ് സേവനദാതാക്കളായ ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡിന്റെ സഹകരണത്തോടെ നടത്തിയ യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പിലെ വിജയികള്‍ക്ക് നവംബര്‍ 22 ന് പ്രിസ്റ്റണില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു. നവംബര്‍ 01 ന് ചെല്‍റ്റന്‍ഹാമില്‍ യുക്മ ദേശീയ കലാമേള വേദിയില്‍ വച്ച് നടത്തിയ നറുക്കെടുപ്പിലാണ് വിജയികളെ കണ്ടെത്തിയത്.
നവംബര്‍ 22 ശനിയാഴ്ച പ്രിസ്റ്റണ്‍ പാര്‍ക്ക് ഹാള്‍ ഹോട്ടല്‍ & സ്പായിലെ യുക്മ 'ശ്രേഷ്ഠ മലയാളി യു കെ' - മാണിക്കത്ത് ഇവന്റ്‌സ് 'മിസ്സ് & മിസ്സിസ് മലയാളി യു കെ' വേദിയില്‍ വെച്ചാണ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറുന്നത്. മാണിക്കത്ത് ഇവന്റ്‌സ് ഫാഷന്‍ ഷോകളിലൂടെ യുകെ മലയാളികള്‍ക്ക് സുപരിചിതനായ കമല്‍രാജ് മാണിക്കത്ത് സംവിധാനം ചെയ്ത് 'തെരേസാസ് ലണ്ടന്‍' ന്റെ പിന്തുണയോടെ അരങ്ങേറുന്ന 'മിസ്സ് & മിസ്സിസ് മലയാളി യു കെ' ഫാഷന്‍ ഷോയാണ് ഈ ദിവസത്തെ ചടങ്ങുകളുടെ മുഖ്യ ആകര്‍ഷണം. പ്രശസ്ത മലയാള സിനിമ താരങ്ങളായ പ്രേമും സ്വാസികയും സെലിബ്രിറ്റി അതിഥികളായെത്തുന്ന ഫാഷന്‍ ഷോയുടെ ഗ്രാന്‍ഡ് ഫിനാലെ ഒരു മനോഹരമായ ആഘോഷമാക്കി മാറ്റുവാനുള്ള ഒരുക്കത്തിലാണ് മാണിക്കത്ത് ഇവന്റ്‌സ്.
യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 ലോട്ടറിയുടെ മുഴുവന്‍ സമ്മാനങ്ങളും സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡാണ്. യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 ലോട്ടറി എടുത്ത ആളുകള്‍ ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡിലൂടെ മോര്‍ട്ട്‌ഗേജ്, റീമോര്‍ട്ട്‌ഗേജ് ഇവയില്‍ ഏതെങ്കിലും ചെയ്താല്‍ 50 പൌണ്ടിന്റെ ടെസ്‌കോ വൌച്ചര്‍ പ്രോത്സാഹന സമ്മാനമായി ലഭിക്കുന്നതാണ്.
യുക്മ 'ശ്രേഷ്ഠ മലയാളി യു കെ 2025` അവാര്‍ഡ് ജേതാക്കള്‍ക്കുള്ള പുരസ്‌കാരദാനം, കേരളപൂരം 2025 വള്ളംകളി വിജയികളായ ടീമുകള്‍ക്ക് ആദരമര്‍പ്പിക്കല്‍, പതിനാറാമത് യുക്മ ദേശീയ കലാമേളയിലെ കലാപ്രതിഭ, കലാതിലകം എന്നിവരെ ആദരിക്കല്‍, യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 സമ്മാനങ്ങള്‍ വിതരണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഭംഗിയായി നടത്തുന്നതിന് വേണ്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു. വൈസ് പ്രസിഡന്റ്മാരായ വര്‍ഗ്ഗീസ് ഡാനിയല്‍, സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറിമാരായ സണ്ണിമോന്‍ മത്തായി, റെയ്‌മോള്‍ നിധീരി, ജോയിന്റ് ട്രഷറര്‍ പീറ്റര്‍ താണോലില്‍ എന്നിവര്‍ പ്രോഗ്രാമിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
ഒന്നാം സമ്മാനം: ഫെബിന്‍ ഫിലിപ്പ്, ഷെഫീല്‍ഡ്.
യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 ലോട്ടറിയുടെ ഒന്നാം സമ്മാനമായ പതിനായിരം പൌണ്ടിന് (£10,000) അര്‍ഹനായത് ഷെഫീല്‍ഡില്‍ നിന്നുള്ള ഫെബിന്‍ ഫിലിപ്പാണ്. ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ അംഗമായ ഫെബിന്‍ ഒന്നര വര്‍ഷം മുന്‍പ് മാത്രമാണ് യുകെയില്‍ എത്തിയത്. പത്തനംതിട്ട സ്വദേശിയായ ഫെബിന്‍ ഭാര്യ റിയ മേരി വര്‍ഗ്ഗീസും കുഞ്ഞുമൊത്ത് ഷെഫീല്‍ഡില്‍ താമസിക്കുന്നു. തികച്ചും അപ്രതീക്ഷിതമായി എത്തിയ ഭാഗ്യത്തില്‍ ഏറെ സന്തോഷത്തിലാണ് ഫെബിനും കുടുംബവും.
രണ്ടാം സമ്മാനം: ജോബി ദേവസ്യ, ലിവര്‍പൂള്‍.
യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 ലോട്ടറിയുടെ രണ്ടാം സമ്മാനമായ ഒരു പവന്‍ സ്വര്‍ണ്ണനാണയത്തിന് (8GM 22K) അര്‍ഹനായത് ലിവര്‍പൂള്‍ ലിമയില്‍ നിന്നുള്ള ജോബി ദേവസ്യയാണ്. വയനാട് സ്വദേശിയായ ജോബി ദേവസ്യ ഭാര്യ സ്റ്റെഫിയോടും കുട്ടികളോടുമൊപ്പം ലിവര്‍പൂളില്‍ താമസിക്കുന്നു.
മൂന്നാം സമ്മാനം (2): റാണി സഖറിയ, വാട്‌ഫോര്‍ഡ്.
യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 മൂന്നാം സമ്മാനമായ അരപ്പവന്‍ സ്വര്‍ണ്ണത്തിന് (4GM 22K) അര്‍ഹയായത് വാട്‌ഫോര്‍ഡില്‍ നിന്നുള്ള റാണി സഖറിയയാണ്. KCF വാട്‌ഫോര്‍ഡ് അംഗമായ റാണി സഖറിയ ഭര്‍ത്താവ് സോളിസിറ്റര്‍ ഷിനോ കുര്യനും കുട്ടികളുമൊത്ത് വാട്‌ഫോര്‍ഡില്‍ താമസിക്കുന്നു.
സേവി വര്‍ഗ്ഗീസ്, ഐല്‍സ്ബറി.
യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 മൂന്നാം സമ്മാനമായ അരപ്പവന്‍ സ്വര്‍ണ്ണം (4GM 22K) നേടിയ സേവി വര്‍ഗ്ഗീസ് ഐല്‍സ്ബറി മലയാളി സമാജം അംഗമാണ്. കറുകുറ്റി സ്വദേശിയായ സേവി വര്‍ഗ്ഗീസ് ഭാര്യ ബീനാ സേവിയും കുട്ടികളുമൊത്ത് ഐല്‍സ്ബറിയില്‍ താമസിക്കുന്നു.
നാലാം സമ്മാനം (8):
നാലാം സമ്മാനമായ രണ്ട് ഗ്രാം (2GM 22K) സ്വര്‍ണ്ണനാണയങ്ങള്‍ക്ക് 8 പേര്‍ തിരഞ്ഞെടുക്കപ്പെട്ടു. 7 റീജിയണുകള്‍ക്ക് പുറമെ ഒരു സമ്മാനം കോമണ്‍ വിഭാഗത്തിനും ഉള്‍പ്പെടുത്തി ആകെ എട്ട് നാലാം സമ്മാനങ്ങള്‍ക്കാണ് വിജയികളെ നറുക്കെടുത്തത്.
നീന ജോസ് കെ, മെര്‍തിര്‍, വെയില്‍സ്.
മെര്‍തിര്‍ മലയാളി കള്‍ച്ചറല്‍ അസ്സോസ്സിയേഷനില്‍ നിന്നുള്ള നീന ജോസ് കെ യാണ് വെയിത്സ് റീജിയണില്‍ നിന്നുള്ള നാലാം സമ്മാനത്തിന് അര്‍ഹയായത്.
സരിത ജോബന്‍, സ്വിന്‍ഡന്‍, സൌത്ത് വെസ്റ്റ്.
വില്‍റ്റ്ഷയര്‍ മലയാളി അസ്സോസ്സിയേഷന്‍ അംഗമായ സരിത ജോബനാണ് സൌത്ത് വെസ്റ്റ് റീജിയണില്‍ നിന്നുള്ള നാലാം സമ്മാനത്തിന് അര്‍ഹയായത്.
ഷിബു മാണി, നോര്‍വിച്ച്, ഈസ്റ്റ് ആംഗ്‌ളിയ.
നോര്‍വിച്ച് മലയാളി അസ്സോസ്സിയേഷന്‍ അംഗമായ ഷിബു മാണിയാണ് ഈസ്റ്റ് ആംഗ്‌ളിയ റീജിയണില്‍ നിന്നുള്ള നാലാം സമ്മാനത്തിന് അര്‍ഹനായത്.
രഘു എന്‍ കേശവന്‍, ക്രോയ്ഡണ്‍, സൌത്ത് ഈസ്റ്റ്.
KCWA ക്രോയ്ഡണ്‍ അംഗമായ രഘു എന്‍ കേശവനാണ് സൌത്ത് ഈസ്റ്റ് റീജിയണില്‍ നിന്നുള്ള നാലാം സമ്മാനത്തിന് അര്‍ഹനായത്.
മഹേഷ് വി.ആര്‍. ക്രോയ്ഡണ്‍, കോമണ്‍.
KCWA ക്രോയ്ഡണ്‍ അംഗമായ മഹേഷ് വി.ആര്‍. (ജോണ്‍) ആണ് കോമണ്‍ വിഭാഗത്തിലെ നാലാം സമ്മാനത്തിന് അര്‍ഹനായത് .
കലാമണ്ഡലം രാജേഷ്, റെഡ്ഡിച്ച്, ഈസ്റ്റ് & വെസ്റ്റ് മിഡ്ലാന്‍ഡ്‌സ്.
KCA റെഡ്ഡിച്ച് അംഗമായ കലാമണ്ഡലം രാജേഷിനാണ് ഈസ്റ്റ് & വെസ്റ്റ് മിഡ്ലാന്‍ഡ്സ് റീജിയനുളള നാലാം സമ്മാനം ലഭിച്ചത്.
സുജിത് സുദര്‍ശനന്‍, വിഗന്‍, നോര്‍ത്ത് വെസ്റ്റ്.
നോര്‍ത്ത് വെസ്റ്റ് റീജിയണില്‍ നിന്നുള്ള നാലാം സമ്മാനത്തീന് അര്‍ഹനായത് വിഗന്‍ മലയാളി അസ്സോസ്സിയേഷനില്‍ നിന്നുള്ള സുജിത് സുദര്‍ശനാണ്.
ബിന്‍സി കെ ഫിലിപ്പ്, ബാണ്‍സ്ലി, യോര്‍ക്ക്ഷയര്‍ & ഹംബര്‍.
BKCA ബാണ്‍സ്ലി അംഗമായ ബിന്‍സി കെ ഫിലിപ്പാണ് യോര്‍ക്ക്ഷയര്‍ & ഹംബര്‍ റീജിയണില്‍ നിന്നുള്ള നാലാം സമ്മാനത്തിന് അര്‍ഹയായത്.
യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 ലോട്ടറിയുടെ മുഴുവന്‍ സമ്മാനാര്‍ഹരേയും പ്രിസ്റ്റണ്‍ പാര്‍ക്ക് ഹാള്‍ ഹോട്ടലിലെ വേദിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡ് നല്‍കി വരുന്ന ശക്തമായ പിന്തുണയ്ക്ക് യുക്മ ദേശീയ സമിതി നന്ദി അറിയിച്ചു.
കുര്യന്‍ ജോര്‍ജ്ജ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)