
















രണ്ട് സ്ത്രീകളെ പട്ടാപ്പകല്‍ ലൈംഗികമായി അക്രമിച്ചെന്ന് സമ്മതിക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് കുടിയേറ്റക്കാരനായ മയക്കുമരുന്ന് ഇടപാടുകാരന് യുകെയില്‍ തുടരാന്‍ അനുമതി നല്‍കി അഭയാര്‍ത്ഥി ജഡ്ജ്. പാകിസ്ഥാനിലേക്ക് തന്നെ നാടുകടത്തുന്നതിന് എതിരായി മെന്റല്‍ ഹെല്‍ത്ത് അപ്പീല്‍ നല്‍കി വിജയിച്ചാണ് മുഹമ്മദ് ഇസ്ഹാന്‍ രാജ്യത്ത് തുടരാന്‍ അനുമതി നേടിയത്.
കഴിഞ്ഞ ജൂണില്‍ നോര്‍വിച്ചിലെ തിരക്കേറിയ തെരുവില്‍ വെച്ചാണ് രണ്ട് സ്ത്രീകളെ ഇയാള്‍ കയറിപ്പിടിച്ചത്. സംഭവത്തില്‍ ഇയാള്‍ ജയിലില്‍ നിന്നും വീഡിയോ ലിങ്ക് വഴി കുറ്റം സമ്മതിച്ചു. ഇതിന് 200 പൗണ്ട് പിഴയാണ് അക്രമിക്ക് മേല്‍ ചുമത്തിയത്.
മയക്കുമരുന്ന് സംഘത്തിലെ പ്രവര്‍ത്തനത്തിന് 30 മാസം ജയില്‍ശിക്ഷ ലഭിച്ചതോടെയാണ് മുഹമ്മദ് ഇസ്ഹാനെ 2024 മേയില്‍ നാടുകടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഏഴാം വയസ്സില്‍ യുകെയിലെത്തിയ ഇയാള്‍ക്ക് ബ്രിട്ടനില്‍ കുടുംബജീവിതത്തിനുള്ള അവകാശമുണ്ടെന്നാണ് അഭാര്‍ത്ഥി ജഡ്ജ് വിധിച്ചത്.
22-കാരനായ ഇസ്ഹാന് ഈ അനുമതി നല്‍കിയ വിധിക്കെതിരെ ഹോം ഓഫീസ് അപ്പീല്‍ നല്‍കിയെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ ഇയാളെ നാടുകടത്താന്‍ വീണ്ടും കേസിന് പോകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ലൈസന്‍സ് ലംഘിച്ചതിന് മേയ് വരെ ഇയാള്‍ ജയിലില്‍ തുടരും.
'ഇമിഗ്രേഷന്‍ സിസ്റ്റം ബ്രിട്ടനിലെ ജനങ്ങളെ തമാശയായി കാണുകയാണ്', സംഭവത്തില്‍ ഷാഡോ ജസ്റ്റിസ് സെക്രട്ടറി റോബര്‍ട്ട് ജെന്റിക്ക് പ്രതികരിച്ചു. ഈ വ്യക്തിയെ നാടുകടത്തുന്നതാണ് ഏക പരിഹാരം. ബ്രിട്ടനില്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ വളച്ചൊടിച്ച് കുറ്റവാളികള്‍ തങ്ങള്‍ക്ക് അനുകൂലമായി ഉപയോഗിക്കുന്നുവെന്ന് വിമര്‍ശനം രൂക്ഷമാണ്. അതിനിടെയാണ് സ്ത്രീകളെ പൊതുസ്ഥലത്ത് അക്രമിച്ചെന്ന് സമ്മതിച്ച ഒരാളെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കുന്ന വിധി വരുന്നത്.