
















വീണ്ടും സൈബര്‍ അധിക്ഷേപം നടത്തിയെന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ് അതിജീവിതയുടെ പരാതിയില്‍ രാഹുല്‍ ഈശ്വറിനോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ച് തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ്. സ്റ്റേഷനില്‍ ഇന്ന് നേരിട്ട് ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. കേസിലെ ജാമ്യവ്യവസ്ഥകള്‍ രാഹുല്‍ ലംഘിക്കുന്നുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തിയാല്‍ കോടതിയെ അറിയിച്ച ശേഷം അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
സൈബര്‍ ഇടങ്ങളില്‍ ഒരു തരത്തിലും അതിജീവിതയ്ക്കെതിരായ പരാമര്‍ശങ്ങള്‍ ഉണ്ടാകരുതെന്ന കര്‍ശനമായ വ്യവസ്ഥയിലായിരുന്നു രാഹുല്‍ ഈശ്വറിന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ വീണ്ടും സമാന വീഡിയോകള്‍ സമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് അതിജീവിത രാഹുല്‍ ഈശ്വറിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
ഇതിന് പിന്നാലെ തനിക്കെതിരെ വ്യാജ പരാതി നല്‍കിയെന്ന് ചൂണ്ടിക്കാണിച്ച് അതിജീവിതയ്ക്കെതിരെ രാഹുല്‍ ഈശ്വര്‍ പരാതി നല്‍കിയിരുന്നു. അതിജീവിതയുടെ ഭര്‍ത്താവിന്റെ വെളിപ്പെടുത്തലിനെതിരെയാണ് താന്‍ വീഡിയോ ചെയ്തതെന്ന് രാഹുല്‍ ഈശ്വര്‍ പരാതിയില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നാണ് രാഹുല്‍ ഈശ്വറിന്റെ ആവശ്യം. വീഡിയോ ചെയ്യരുതെന്ന് ജാമ്യ ഉപാധിയില്‍ ഇല്ലെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
അതിജീവിതയ്ക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ രാഹുല്‍ ഈശ്വറിനെ നവംബര്‍ 30നായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷയുമായി രാഹുല്‍ തിരുവനന്തപുരം എസിജെഎം കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളി. രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി. ഇതിന് പിന്നാലെ രാഹുല്‍ വീണ്ടും പൊലീസ് കസ്റ്റഡിയിലായി. പതിനാറ് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു രാഹുലിന് തിരുവനന്തപുരം എസിജെഎം കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്.
രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദത്തെ അംഗീകരിച്ചായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. ഇതോടെ രാഹുല്‍ ഈശ്വര്‍ ജയിലില്‍ പോയി. കോടതി ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാര സമരം നടത്തിയിരുന്നു. പിന്നീട് അറസ്റ്റിലായി 16-ാം ദിവസമാണ് രാഹുലിന് ജാമ്യം ലഭിച്ചത്.