
















സര്‍ക്കാരിന് മുന്നറിയിപ്പുമായി കത്തോലിക്കാ കോണ്‍ഗ്രസ്. ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയമിക്കപ്പെട്ട ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കാത്തത് ചരിത്രപരമായ അനീതിയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് ശിപാര്‍ശ നടപ്പാക്കണം. സഭാ മുഖപത്രമായ ദീപികയില്‍ ആണ് നിലപാട് വ്യക്തമാക്കിയുള്ള കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഡോ ഫിലിപ്പ് കവിയിലിന്റെ ലേഖനം.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ സമുദായ അംഗങ്ങളുടെ തീരുമാനത്തിന് ഏറെ പ്രാധാന്യവുമുണ്ടെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രൈസ്വസമുദായം അവരനുഭവിക്കുന്ന അനീതിക്കും ബോധപൂര്‍വകമായ അവഗണനയ്ക്കും വഞ്ചനയ്ക്കുമെതിരേ വ്യക്തമായ വിധി നിര്‍ണയം നടത്തും എന്നതിലും സംശയമില്ല. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തത് ചരിത്രപരമായ അനീതിയാണെന്ന് ക്രൈസ്തവസമൂഹം ഒന്നടങ്കം രാഷ്ട്രീയപാര്‍ട്ടികളെ ശക്തമായി അറിയിച്ചിട്ടുള്ളതാണ് - ലേഖനത്തില്‍ പറയുന്നു.
വിവിധ മേഖലകളില്‍ പിന്നാക്കാവസ്ഥ നേരിടുന്ന ക്രൈസ്തവ വിഭാഗങ്ങളുടെ കേരളത്തിലെ സാമൂഹ്യ-സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍ ശാസ്ത്രീയമായി പഠിച്ച കമ്മീഷനായിരുന്നു ജെ.ബി. കോശി കമ്മീഷന്‍. അത് വികാരപരമായി മെനഞ്ഞെടുത്ത തട്ടിക്കൂട്ട് രേഖയല്ല. സ്ഥിതിവിവരക്കണക്കുകളും യാഥാഥ്യങ്ങളും അടിസ്ഥാനമാക്കി ശാസ്ത്രീയമായി തയാറാക്കിയ ഒരു നീതിപത്രമാണ് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍, ആ നീതിപത്രം മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയിട്ടും ഭരണകൂടത്തിന്റെ മേശവലിപ്പില്‍ പുറംലോകം കാണാതെ പൊടിപിടിച്ചു കിടക്കുകയാണ് - ലേഖനം ചൂണ്ടിക്കുന്നു.
റിപ്പോര്‍ട്ട് ഉണ്ടായി, നീതി ഉണ്ടായില്ലെന്നാണ് ലേഖനത്തിലെ വിമര്‍ശനം. മൂന്നാക്ക-പിന്നാക്ക വിഭാഗങ്ങളിലെ കത്തോലിക്കര്‍, മത്സ്യത്തൊഴിലാളി ക്രൈസ്ത വര്‍, മലയോര മേഖലകളിലെ കര്‍ഷക സമൂഹങ്ങള്‍, പരമ്പരാഗത തൊഴില്‍ മേഖലകളില്‍ കഴിയുന്ന ക്രൈസ്തവര്‍, കുട്ടനാട്ടിലെയും തീരദേശത്തെയും ക്രൈസ്തവര്‍ എന്നിവരൊക്കെ കേരളത്തിന്റെ വികസനചരിത്രത്തില്‍ പലപ്പോഴും സൗകര്യപൂര്‍വം പിന്നോട്ട് തള്ളപ്പെട്ടവരാണ്. വിദ്യാഭ്യാസം, തൊഴില്‍, ഭൂമി, ക്ഷേമപദ്ധതികള്‍ തുടങ്ങി എല്ലായിടത്തും പിന്നാക്കാവസ്ഥ വ്യക്തമായിട്ടും, അതിനു പരിഹാരം നിര്‍ദേശിക്കുന്ന കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറായില്ല എന്നത് ഒരു ഭരണപരമായ വീഴ്ചയല്ല, മറിച്ച് ഒരു സമൂഹത്തോടുള്ള രാഷ്ട്രീയ വഞ്ചനയാണ്. സാമൂഹ്യനീതി എന്ന ആശയത്തോ ടുള്ള തുറന്ന അവഹേളനമാണ് - ലേഖനം വിമര്‍ശിക്കുന്നു.
തിരഞ്ഞെടുപ്പ് കാലങ്ങളില്‍ മാത്രം ന്യൂനപക്ഷ സംരക്ഷണം പറയുന്ന രാഷ്ട്രീയ സംസ്‌കാരം കേരളത്തില്‍ മാറിമാറി പരീക്ഷിക്കുക പതിവാണെന്നും എന്നാല്‍, അധികാരം ലഭിച്ചാല്‍, റിപ്പോര്‍ട്ടുകളും ശിപാര്‍ശകളും സൗകര്യപൂര്‍വം മറക്കുന്നുവെന്നും വിമര്‍ശനമുണ്ട്. ജെ.ബി. കോശി കമ്മിഷന്‍ അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. തങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷന്‍ വേണം; പക്ഷേ പരിഹരിക്കാന്‍ രാഷ്ട്രീയ മനസ് വേണ്ടെന്നാണോ? ഈ ചോദ്യം ക്രൈസ്തവ സമൂഹം ഇനി സൗമ്യമായി ചോദിച്ചാല്‍ മതിയാകില്ല. ഇച്ഛാശക്തിയോടെ, സുവ്യക്തമായി രാഷ്ട്രീയ കേരളത്തോട് ചോദിക്കേണ്ട സമയമാണ് വരാന്‍ പോകുന്നത് - ഡോ ഫിലിപ്പ് കവിയില്‍ കുറിച്ചു.