
















എന്‍എച്ച്എസ് ആശുപത്രികളില്‍ ഇടനാഴി പരിചരണം ഒഴിവാക്കാന്‍ കഴിയാത്ത സ്ഥിതിയില്‍ എത്തിയതായി ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. എ&ഇകളില്‍ സാധാരണമായി ഉണ്ടാകേണ്ടതിന്റെ ഇരട്ടി രോഗികള്‍ എത്തുന്നതാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്.
ആരോഗ്യം തിരികെ നേടിയെങ്കിലും ഡിസ്ചാര്‍ജ്ജ് ചെയ്യാനുള്ള കാലതാമസങ്ങള്‍ നേരിടുന്നതിനാല്‍ പുതുതായി എത്തുന്നവര്‍ക്ക് വാര്‍ഡുകളില്‍ ഒരു ബെഡ് ലഭിക്കാന്‍ 16 ദിവസം വരെ കാത്തിരിക്കേണ്ടി വരുന്നവരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് രാജ്യത്തെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഭയപ്പെടുത്തുന്ന തോതിലുള്ള ബാക്ക്‌ലോഗ് സൃഷ്ടിക്കുന്നുണ്ടെന്ന് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പറഞ്ഞു. 
പലതും അപകടകരമായ തോതില്‍ തിങ്ങിനിറഞ്ഞ അവസ്ഥയാണെന്ന് എമര്‍ജന്‍സി മെഡിസിന്‍ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇംഗ്ലണ്ടിലെ 81 എ&ഇകളില്‍ ജോലി ചെയ്യുന്ന ക്ലിനിക്കല്‍ ലീഡുമാര്‍ക്കിടയില്‍ ഒരേ ദിവസം നടത്തിയ സര്‍വ്വെയിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഈ സമയത്ത് 7400 രോഗികളും, 2970 പെര്‍മനന്റ് ട്രീറ്റ്‌മെന്റ് സ്‌പേസുകളുമാണ് ഉണ്ടായിരുന്നത്.
ഇതോടെ രോഗികള്‍ ചെയറുകളിലും, ട്രോളികളിലുമായി ഇടനാഴികളില്‍ കാത്തിരിക്കുകയോ, വെയ്റ്റിംഗ് റൂമിലും, മറ്റ് ഒഴിവുള്ള സ്ഥലങ്ങളില്‍ ഇരിക്കുകയോ ചെയ്യേണ്ടി വരുന്നു. ജനുവരി 12ന് നടത്തിയ സര്‍വ്വെ പ്രകാരം എ&ഇകളില്‍ അഡ്മിഷനായി വേണ്ടിവരുന്ന ശരാശരി കാത്തിരിപ്പ് 48 മണിക്കൂറായിരുന്നു. ഒരു മെന്റല്‍ ഹെല്‍ത്ത് രോഗി 16 ദിവസമായി ഇന്‍പേഷ്യന്റ് ബെഡിനായി കാത്തിരിക്കുന്ന സംഭവവും ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.