CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 49 Minutes 18 Seconds Ago
Breaking Now

'നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടില്ല, മരിച്ചിട്ടും റോയ്യെ വേട്ടയാടുന്നു'; പ്രതികരണവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

ഇനി ബെംഗളൂരുവിലെ കാര്യങ്ങള്‍ കൂടി താന്‍ ഏറ്റെടുക്കുമെന്ന് ടി എ ജോസഫ് പറഞ്ഞു.

പ്രമുഖ വ്യവസായി സി ജെ റോയ്യുടെ മരണത്തിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ടി എ ജോസഫ്. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഭാവിയെക്കുറിച്ചും നിലവില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചും വ്യക്തത വരുത്തുകയാണ് ടി എ ജോസഫ്. കോണ്‍ഫിഡന്റ് ഗ്രൂപ്പ് എന്നത് കേവലം ഒരു കമ്പനിയല്ലെന്നും അത് മൂല്യങ്ങളില്‍ അതിഷ്ഠിതമായി കെട്ടിപ്പടുത്ത വിശ്വാസ്തതയുടെ പേരാണെന്നും ടി എ ജോസഫ് പറഞ്ഞു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം.

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സി ജെ റോയ്യുടെ മരണത്തിന് പിന്നാലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഭാവിയെന്ത് എന്ന ആശങ്ക പല കസ്റ്റമേഴ്സിനും ഉണ്ടായിട്ടുണ്ട്. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആരും ടെന്‍ഷനാവേണ്ടതില്ല. കമ്പനിയുടെ എല്ലാ കാര്യങ്ങളും പതിവ് പോലെ തന്നെ നടക്കും. കസ്റ്റമേഴ്സ് കമ്പനിക്ക് നല്‍കിയിരിക്കുന്ന പണത്തിന് മേല്‍ ആര്‍ക്കും സംശയം വേണ്ട. സി ജെ റോയ്യുടെ മരണവുമായി ബന്ധപ്പെട്ട രണ്ട്, മൂന്ന് ദിവസങ്ങളില്‍ ജീവനക്കാരടക്കം അദ്ദേഹത്തെ കാണുന്നതിനും മറ്റുമായി പോയിരുന്നു. അതിനാല്‍ ചില കാര്യങ്ങളില്‍ താമസം വന്നു. മറ്റ് പ്രശ്നങ്ങളൊന്നും നിലവില്‍ ഇല്ലെന്നും ടി എ ജോസഫ് വ്യക്തമാക്കി.

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കേരളത്തിലെ കാര്യങ്ങള്‍ താനും ബെംഗളൂരുവിലെ കാര്യങ്ങള്‍ ചെയര്‍മാനുമായിരുന്നു നോക്കിയിരുന്നത്. ഇനി ബെംഗളൂരുവിലെ കാര്യങ്ങള്‍ കൂടി താന്‍ ഏറ്റെടുക്കുമെന്ന് ടി എ ജോസഫ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിലും മറ്റും വളരെ മോശം രീതിയില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്തരം നെഗറ്റീവ് വാര്‍ത്തകള്‍ മുഖവിലയ്ക്കെടുക്കരുത്. അത് മലയാളികളുടെ സ്വഭാവമാണ്. പണം കട്ടു എന്ന് വരെ ചിലര്‍ പറയുന്നു. എന്നാല്‍ ചെയര്‍മാന്‍ മുതല്‍ സെക്യൂരിറ്റി വരെയുള്ളവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ കമ്പനി. അതിനാല്‍ ഇത്തരം വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് മനസിലാക്കണം. കള്ളപ്പണം ഇവിടെയില്ലെന്നും ടി എ ജോസഫ് പറഞ്ഞു.

പല യൂട്യൂബ് ചാനലുകളും റോയിയെ മരിച്ചിട്ടും വേട്ടയാടുകയാണ്. ഇത്തരം വാര്‍ത്തകളിലൊന്നും സത്യമില്ലെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ക്ലൈന്റ്സും കമ്പനിയെ സ്നേഹിക്കുന്നവരും മനസിലാക്കുക. എന്തിനാണ് നിങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് എന്നാണ് ഇത്തരക്കാരോട് ചോദിക്കാനുള്ളത്. മൃതദേഹത്തെ കഴിക്കുന്ന കഴുകന്മാരുടെ സ്വഭാവം നിങ്ങള്‍ അവസാനിപ്പിക്കണം. നിങ്ങള്‍ എന്തെല്ലാം രീതിയില്‍ വാര്‍ത്ത കൊടുത്താലും കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ അറിയുന്നവര്‍ ഒരിക്കലും കമ്പനിയെ അവിശ്വസിക്കില്ല. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കഴിഞ്ഞ വര്‍ഷങ്ങളിലെന്ന പോലെ ഈ വര്‍ഷവും നന്നായി നടക്കുമെന്നും ആരും പേടിക്കേണ്ട കാര്യമില്ലെന്നും ടി എ ജോസഫ് കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.