
















എന്‍എച്ച്എസ് ആശുപത്രികളിലെ വെയ്റ്റിംഗ് ലിസ്റ്റ് കുറയുന്നു. നല്ല കാര്യം. ആളുകള്‍ക്ക് ചികിത്സ വേഗത്തില്‍ തരപ്പെടുന്നുണ്ടല്ലോയെന്ന് ആശ്വസിക്കാം. പക്ഷെ ആളുകള്‍ക്ക് ചികിത്സ കിട്ടാതെയാണ് ലിസ്റ്റിന്റെ നീളം കുറയുന്നതെങ്കിലോ? അത് പ്രശ്‌നമാണ്. ആ പ്രശ്‌നമാണ് ഇപ്പോള്‍ എന്‍എച്ച്എസില്‍ അരങ്ങേറുന്നതെന്നാണ് കണ്ടെത്തല്‍. ചികിത്സ നല്‍കാതെ തന്നെ രോഗികളെ പട്ടികയില്‍ നിന്നും വെട്ടുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇതിനായി ആശുപത്രികള്‍ക്ക് ലേബര്‍ ഗവണ്‍മെന്റ് 3 മില്ല്യണ്‍ പൗണ്ട് നല്‍കുകയും ചെയ്യുന്നു. എന്‍എച്ച്എസില്‍ കൂടുതല്‍ ആളുകളെ ചികിത്സിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നത്. തങ്ങള്‍ അധികാരത്തിലെത്തിയ ശേഷം ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ പട്ടിക നീളം കുറച്ചത് സംബന്ധിച്ച് പ്രധാനമന്ത്രിയും, ഹെല്‍ത്ത് സെക്രട്ടറിയും വലിയ അവകാശവാദങ്ങളാണ് നടത്തിയിരുന്നത്. 
എന്നാല്‍ ആയിരക്കണക്കിന് രോഗികളെ യാതൊരു ചികിത്സയും നല്‍കാതെയാണ് പട്ടികയില്‍ നിന്നും 'ഔട്ടാക്കിയതെന്നാണ്' എന്‍എച്ച്എസ് കണക്കുകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമാകുന്നത്. 'ലിസ്റ്റ് ക്ലീനിംഗ്, അല്ലെങ്കില്‍ വാലിഡേഷന്‍' എന്നുപേരിട്ട നടപടിക്രമത്തിലൂടെയാണ് ഈ ചതി നടത്തുന്നത്.
രോഗികള്‍ മരിച്ച് പോയിട്ടുണ്ടോയെന്നും, കാത്തിരുന്ന ചികിത്സ ആവശ്യമില്ലാതായിട്ടുണ്ടോയെന്നും പരിശോധിക്കാന്‍ കണ്‍സള്‍ട്ടന്റുമാര്‍ക്ക് പണം നല്‍കുന്നതാണ് പരിപാടി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ ഇതിനായി 18,818,566 പൗണ്ടാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ആശുപത്രി ട്രസ്റ്റുകള്‍ക്ക് നല്‍കിയത്.
ഒരു രോഗിയെ പട്ടികയില്‍ നിന്നും ഒഴിവാക്കുമ്പോള്‍ 33 പൗണ്ട് വീതമാണ് ട്രസ്റ്റിന് ലഭിക്കുന്നത്. ആറ് മാസം കൊണ്ട് അര മില്ല്യണിലേറെ രോഗികള്‍ പട്ടികയില്‍ നിന്നും അപ്രത്യക്ഷമായി. ഈ വിധത്തില്‍ പട്ടികയുടെ നീളം കുറയ്ക്കുന്നത് 'ഇല്ലാത്ത ചികിത്സ' നല്‍കിയെന്ന പ്രതീതി സൃഷ്ടിക്കുകയാണെന്ന് ശ്രോതസ്സുകള്‍ ആരോപിക്കുന്നു.